ഇസ്ലാമിന്റെ ഉദയത്തിനു വളരെ മുമ്പു തന്നെ അറബ് കച്ചവടക്കാര്‍ കേരളവുമായി ദൃഢമായ വാണിജ്യബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നു. സ്വര്‍ണ്ണവും മറ്റ് മൂല്യമേറിയ വസ്‌തുക്കള്‍ക്കും പകരമായി അവര്‍ സുഗന്ധ വ്യഞ്‌ജനങ്ങളും ആനക്കൊമ്പും മറ്റും വാങ്ങിയിരുന്നു. ഈ വാണിജ്യ, സാംസ്‌കാരിക ബന്ധം അറബ് സമൂഹത്തിന് ബഹുമാനം നേടിക്കൊടുത്തിരുന്നു. തുടക്കത്തില്‍ ഇസ്ലാമിനു ലഭിച്ച അംഗീകാരത്തിനുള്ള അടിത്തറ ഇതുതന്നെയായിരുന്നു.
പ്രവാചകന്‍ മുഹമ്മദിന്റെ ജീവിതകാലത്തു തന്നെ ഇസ്ലാം കേരളത്തിലെത്തി എന്നും വിശ്വസിക്കുന്നവരുണ്ട്. വായ്‌മൊഴി പാരമ്പര്യങ്ങളില്‍, പ്രവാചകന്റെ അനുയായികളായ മാലിക്‌ദിനാറും സഹചാരികളും ഇസ്ലാമിന്റെ പ്രചാരണത്തിനായി കേരളത്തിലെത്തി എന്നു പറയപ്പെടുന്നു. പൊതുവര്‍ഷം 629 ല്‍ കൊടുങ്ങല്ലൂരില്‍ നിര്‍മ്മിതമായ ചേരമാന്‍ ജുമാ മസ്‌ജിദാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം ആരാധനാലയമായത്. പ്രാദേശിക ചേര രാജാവായ ചേരമാന്‍ പെരുമാള്‍ ആണ് പള്ളി പണിയാന്‍ അനുവാദവും സഹായവും നല്‍കിയതെന്നും പറയപ്പെടുന്നു.
കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ വരവ് ദീര്‍ഘകാലത്തെ സാംസ്‌കാരികവും മതപരവുമായ സഹജീവനത്തിന് തുടക്കം കുറിച്ചു. ആഗോള സുഗന്ധ ഉല്‌പന്ന കച്ചവടത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ അറബ് ലോകവും മറ്റുമായുള്ള ബന്ധത്തിന്റെ ദൃഢീകരണം സഹായകമായി. സമ്പന്നമായ ഈ പൈതൃക ധാരയില്‍ പ്രതിഫലിക്കുന്നത് മാപ്പിള സമുദായത്തിന്റെ വ്യതിരിക്തമായ തനിമ തന്നെ.