അറബി മലയാളം : പുസ്‌തക അച്ചടി


മാപ്പിളപ്പാട്ടിൻ്റെ പ്രചാരം

അച്ചടിയ്ക്ക് പിന്നാലേ  ശബ്ദലേഖന രംഗത്തേക്ക്‌ മാപ്പിള പാട്ടുകളും എത്തി.ഇതോടെ പക്കമേളത്തിനായി ഹാര്‍മ്മോണിയവും തബലയും കടന്നു വന്നു.തുടര്‍ന്ന്‌ മലയാളം സിനിമയിലും മാപ്പിള ഗാനങ്ങള്‍ സ്ഥാനം പിടിച്ചു.

മലയാള സിനിമാ പാട്ടുകൾ കാലാനുസൃതമായി രൂപം മാറിയതിൻ്റെ ഭാഗമായി മാപ്പിളപ്പാട്ടുകളുടെ ലയവും ഭാവവും അവയിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.ചില സിനിമാഗാനങ്ങളിൽ മാപ്പിളപ്പാട്ടുകളുടെ താളക്രമവും സംഗീതശൈലിയും വ്യക്തമായി പ്രതിഫലിക്കുന്നു.മാപ്പിള സംഗീതപരമ്പരയും സിനിമാസംഗീതവും പരസ്പരം സ്വാധീനിച്ച് കേരളത്തിന്റെ സംഗീത സംസ്കാരത്തെ കൂടുതൽ സമ്പന്നമാക്കി.

കെ.രാഘവന്‍ സംഗീതം നല്‍കി, പാടിയ 'കായലരികത്തു വലയെറിഞ്ഞപ്പോള്‍' എന്ന നീലക്കുയിലിലെ പാട്ട്‌ മാപ്പിളപാട്ടിന്റെ പ്രചാരത്തെയും ജനകീയതയേയും പലമടങ്ങ്‌ ഉയര്‍ത്തി.പി.ഭാസ്‌കരന്‍ ആയിരുന്നു ഈ എല്ലാം തികഞ്ഞ മാപ്പിളപാട്ടിന്റെ രചയിതാവ്‌.പി.ഭാസ്‌കരന്‍ പിന്നീടും സിനിമക്കുവേണ്ടി മാപ്പിളപാട്ടുകള്‍ എഴുതി.എം.എസ്‌.ബാബുരാജ്‌ ഇവക്ക്‌ ഹിന്ദുസ്ഥാനി ഛായ കലര്‍ന്ന ശീലുകള്‍ നല്‍കാന്‍ തുടങ്ങി.ഇതോടെ മാപ്പിള പാട്ട്‌ശാഖയ്‌ക്ക്‌ ഒട്ടേറെ വൈപുല്യവും ഉള്‍പിരിവുകളും ലഭിച്ചു.'കുറുകുറുമച്ചം', 'ഒരു കൊട്ട പൊന്നുണ്ടല്ലോ', 'കസ്‌തൂരി തൈലമിട്ടു മുടി മിനുക്കി' എന്നീ സിനിമാ ഗാനങ്ങളില്‍ മാപ്പിള സാംസ്‌കാരിക സ്വാധീനം നിറഞ്ഞൊഴുകി.

1970 കളില്‍ മാപ്പിളപാട്ടുകള്‍ പാടുന്ന സംഗീത സംഘങ്ങള്‍ ഉദയംകൊണ്ടു.കൊണ്ടോട്ടിയില്‍ നിന്നുള്ള അദ്ധ്യാപകനായ വി.എം.കുട്ടി മലബാറിലാകെ സംഗീതോത്സവങ്ങള്‍ സംഘടിപ്പിച്ചു.വിളയില്‍ വല്‍സല (ഫസീല എന്നും അറിയപ്പെട്ടു), ഇന്ദിരാ ജോയ്‌, മുക്കം സജീദ, എല്‍.ആര്‍.അഞ്‌ജലി, ജയഭാരതി, രഹിത എന്നീ ഗായികമാര്‍ ഏ.വി.മുഹമ്മദ്‌, വടകര കൃഷ്‌ണദാസ്‌, കെ.എസ്‌.മഹുമ്മദുകുട്ടി, കൃഷ്‌ണദാസ്‌, പീര്‍ മുഹമ്മദ്‌, മൂസ എരഞ്ഞോളി എന്നീ ഗായകരോടൊപ്പം വേദികളിലെത്തി മാപ്പിള സംഗീതോല്‍സവങ്ങളെ പുതിയ മാനങ്ങളിലെത്തിച്ചു.

ഗസല്‍, കവ്വാലി, ഹിന്ദുസ്ഥാനി ശൈലി എന്നിങ്ങനെ മാപ്പിള പാട്ടുകളില്‍ പുതിയ സംഗീതധാരകള്‍ ഉരുകിചേര്‍ന്നു.പിന്നീട്‌ സൂഫി സംഗീത വഴികളും പാട്ടുകളും, മുട്ടിപ്പാട്ടും പൊതുവേദികളിലെത്തി.ഇതോടെ മാപ്പിള സംഗീതശാഖക്കു മറ്റൊരു വഴിത്തിരിവായി.

ഖുറാന്‍ വിവര്‍ത്തനങ്ങള്‍, വ്യാഖ്യാനങ്ങള്‍, പ്രവാചകന്റെ മൊഴികളും അവയുടെ വിശദീകരണങ്ങളും, ഇസ്ലാമിക ചിന്ത, തത്വചിന്ത, നീതിവ്യവസ്ഥ, ആചാരങ്ങളെയും ചടങ്ങുകളെയും കുറിച്ചുള്ള ഗ്രന്ഥങ്ങള്‍, ചരിത്രം, ആത്മീയത, രാഷ്ട്രീയചിന്തയും ശാസ്‌ത്രവും, വൈദ്യശാസ്‌ത്രം മറ്റ്‌ ശാസ്‌ത്രശാഖകള്‍ എന്നിവയാണ്‌ അറബി ഗദ്യശാഖയിലെ പ്രധാന പ്രമേയങ്ങളും കൃതികളും.കഥകള്‍, മറ്റ്‌ വിവരണങ്ങള്‍, വിമര്‍ശനങ്ങള്‍, നോവലുകള്‍, ബൈബിള്‍ വിവര്‍ത്തനങ്ങള്‍, നിഘണ്ടുക്കള്‍, പത്രങ്ങള്‍, മറ്റ്‌ പ്രസിദ്ധീകരണങ്ങളും മാസികകളും അറബി മലയാള ഗദ്യത്തില്‍ പുറത്തുവന്നു.അറേബ്യന്‍ രാവുകള്‍ എന്ന പുസ്‌തകത്തിന്റെ വിവര്‍ത്തനങ്ങള്‍, ദൈനംദിന ജീവിതത്തില്‍ പാലിക്കേണ്ട മതചട്ടങ്ങള്‍, ജ്യോതിശാസ്‌ത്രം എന്നിവ സംബന്ധിച്ച ഗ്രന്ഥങ്ങള്‍ വിവര്‍ത്തനങ്ങളായും മറ്റും അറബി മലയാളത്തിലെത്തി.മായന്‍കുട്ടി ഇയളയുടെ ഖുറാന്‍ വിവര്‍ത്തനം, ഷുജായ്‌ മൊയ്‌ദു മുസലിയാരിന്റെ ലേഖനങ്ങളും കൃതികളും ഗദ്യശാഖയിലെ ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്‌.മലബാര്‍ മുസ്ലീങ്ങളുടെ സാഹിത്യപാരമ്പര്യത്തിലെ സുപ്രധാന അടയാളങ്ങളാണിവ.പേര്‍ഷ്യന്‍ ഭാഷയില്‍ നിന്ന്‌ ക്വമര്‍സമാന്‍, ചാഹര്‍ ദര്‍വേഷ്‌, ഗുല്‍സനോബര്‍ എന്നീ കഥകളുടെ വിവര്‍ത്തനങ്ങളും ഇതിനിടെ പുറത്തിറങ്ങി.എങ്കിലും അറബിക്കില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍ തന്നെ അറബി മലയാളത്തിലെ ഗദ്യശാഖയില്‍ ഭൂരിപക്ഷവും.

മാപ്പിള ഭാഷയും സാഹിത്യവും

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍