കണ്ണൂരിലെ അറക്കല്‍ അലി രാജയുടെ കൊട്ടാരസമുച്ചയമായ അറക്കല്‍കെട്ട് മ്യൂസിയം കേരളത്തിലെ മുസ്ലീം രാജപരമ്പരയുടെ പൈതൃകത്തിന്റെ നിദര്‍ശനമാകുന്നു. ഓടിട്ട മേല്‍പ്പുറകളോടു കൂടിയ കെട്ടിടങ്ങളും, ചേര്‍ന്നുള്ള പള്ളികളും കേരളീയ വാസ്തുവിദ്യയുടെ ഉദാഹരണങ്ങളാണ്. കടല്‍ വാണിജ്യം, രാജകീയ ഭരണകൂടം, സാംസ്‌കാരിക പൈതൃകം എന്നിവയുടെ പ്രതീകങ്ങളായ പണിത്തരങ്ങള്‍ മ്യൂസിയത്തില്‍ സംരക്ഷിച്ചിരിക്കുന്നു.
കൊട്ടാരത്തിൻ്റെ ഒരു ഭാഗമാണ് ഇന്ന് മ്യൂസിയമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.
കേരളത്തിലെ ഒരേയൊരു മുസ്ലിം രാജകുടുംബമാണ് അറയ്ക്കൽ. ഈ കുടുംബത്തിലെ പുരുഷ ഭരണാധികാരികൾ 'അലി രാജ' എന്നും സ്ത്രീ ഭരണാധികാരികൾ 'അറയ്ക്കൽ ബീവി' എന്നും അറിയപ്പെട്ടിരുന്നു.
അറയ്ക്കൽ കെട്ട് അഥവാ അറയ്ക്കൽ കൊട്ടാരം ഒരു പരമ്പരാഗത കേരളീയ ശൈലിയിലുള്ള കെട്ടിടമാണ്. വിശാലമായ ഹാളുകൾ, തടിയിൽ തീർത്ത മനോഹരമായ ഗോവണികൾ, കാറ്റും വെളിച്ചവും കടന്നുവരുന്ന രീതിയിലുള്ള വലിയ ജനാലകൾ എന്നിവ ഇതിന്റെ പ്രത്യേകതയാണ്.
വിദേശ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നതിനാൽ ഡച്ച്, പോർച്ചുഗീസ് ശൈലികളുടെ നേരിയ സ്വാധീനവും ഈ കെട്ടിടങ്ങളിൽ കാണാം.