1792 ല്‍ ബ്രിട്ടീഷുകാര്‍ ടിപ്പുസുല്‍ത്താനെ തോല്‍പ്പിച്ച് മലബാര്‍ മേഖലയുടെ നിയന്ത്രണം പിടിച്ചെടുത്തു. ടിപ്പു തുടങ്ങിവച്ച പരിഷ്‌കരണങ്ങളെല്ലാം ബ്രിട്ടീഷുകാര്‍ തിരുത്തിയെഴുതി. ജന്മികള്‍ക്ക് അമിതാധികാരം നല്‍കിക്കൊണ്ട് ജന്മിത്വവ്യവസ്ഥകള്‍ വീണ്ടും ഏര്‍പ്പെടുത്തി. ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ മലബാറിലെ മാപ്പിളമാര്‍ ഒട്ടേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചു. കൊളോണിയല്‍ ഭരണാധികാരത്തിന്റെ പിന്‍ബലത്തോടെ ജന്മിമാര്‍ കുടിയാന്‍ വിരുദ്ധ നടപടികള്‍ക്കു തുടക്കമിട്ടു. മുസ്ലീങ്ങളായ കര്‍ഷക കുടിയാന്മാര്‍ക്ക് ഇത് അസഹ്യമായി തോന്നി. 1920-ലെ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് വിത്തിടാന്‍ ഇത് കാരണമായി.
മുസ്ലീം ലോകത്തിന്റെ ആത്മീയ അധികാരിയായിരുന്നു തുര്‍ക്കിയിലെ ഖിലാഫ. ബ്രിട്ടീഷുകാര്‍ തുര്‍ക്കി കേന്ദ്രമാക്കിയ ഖിലാഫക്കെതിരെ ഗൂഢാലോചന നടത്തിയത് ലോകമാകെ മുസ്ലീം ജനവിഭാഗത്തെ ബ്രിട്ടീഷുകാരുടെ ശത്രുക്കളാക്കി മാറ്റി. ഇന്ത്യയിലും ഖിലാഫത്ത് പ്രസ്ഥാനം എന്നറിയപ്പെട്ട സ്വത്വപ്രസ്ഥാനത്തിലൂടെ അവര്‍ രാജ്യത്തെ സ്വതന്ത്ര്യപ്രസ്ഥാനത്തിന്റെ ഭാഗമായി മാറി. മൗലാനാ മുഹമ്മദ് അലി, സഹോദരനായ ഷൗക്കത്ത് അലി എന്നീ മുസ്ലീം നേതാക്കളും മഹാത്മാഗാന്ധിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് കോണ്‍ഗ്രസ് ഖിലാഫത്ത് പ്രസ്ഥാനത്തിനു പിന്തുണനല്‍കി. ഇതിനിടെ ഗാന്ധിജി മലബാര്‍ സന്ദര്‍ശിച്ചത് ഖിലാഫത്ത് പ്രസ്ഥാനത്തിന് ഊര്‍ജ്ജം നല്‍കി. മലബാറില്‍ വിവിധ പ്രദേശങ്ങളില്‍ ഖിലാഫത്ത് കമ്മറ്റികള്‍ രൂപീകരിച്ചു. ജന്മിത്വത്തിനെതിരെ കുടിയാന്മാരുടെ പ്രക്ഷോഭം രൂക്ഷമായ മലബാറില്‍ ഖിലാഫത്ത് പ്രക്ഷോഭത്തിനും വേരുകള്‍ ഉണ്ടായി.
വളരെ കുറച്ചു കാലത്തേക്കെങ്കിലും, ആറുമാസം മാത്രം, ഖിലാഫത്ത് ഭരണത്തിന് മലബാര്‍ വേദിയായത് ഈ സാഹചര്യത്തിലാണ്. ആലി മുസല്യാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായിരുന്നു ഇതിന് നേതൃത്വം നല്‍കിയത്. ബ്രിട്ടീഷധികാരികള്‍ക്കെതിരെ പെട്ടെന്നവസാനിച്ച ഒരു ചെറുത്തു നില്‍പ്പായി ഇതു മാറി. കൊളോണിയല്‍ ജന്മിത്വ വ്യവസ്ഥിതിക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിരോധമായി ഖിലാഫത്ത് ഭരണം മാറി.
ബ്രിട്ടീഷ് ഭരണാധികാരികള്‍ ഖിലാഫത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അടിച്ചമര്‍ത്താന്‍ അധികം വൈകിയില്ല. അവരുടെ തിരിച്ചടിയില്‍ മാപ്പിള സമുദായത്തിന് ആയിരുന്നു ഏറെ കഷ്ടപ്പാടുകള്‍. ഒട്ടേറെ പേരെ തടങ്കലിലാക്കി, പലരെയും വ്യാജകുറ്റങ്ങള്‍ ചുമത്തി ദൂരേക്ക് നാടുകടത്തി.