കേരളത്തിന്റെ തനതായ വള്ളംകളി രംഗത്ത്‌ വലിയ മാറ്റം കൊണ്ടു വരാന്‍, പ്രഗത്ഭര്‍ക്കു നല്‍കുന്ന പരിശീലനത്തിലൂടെ സാധിക്കുമെന്ന ഉദ്ദേശ്യത്തോടെയാണ്‌ സി.ബി.എല്ലിന്‌ തുടക്കം കുറിച്ചത്‌. ആലപ്പുഴ പുന്നമടക്കായലിലെ പ്രശസ്‌തമായ നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ച്‌ ഓഗസ്‌റ്റ്‌ 10-നായിരുന്നു സി.ബി.എല്ലിന്റെ ഉദ്‌ഘാടനം നടന്നത്‌. നവംബര്‍ 1-ന്‌ കൊല്ലം അഷ്ടമുടിക്കായലില്‍ നടന്ന മത്സരത്തില്‍ പ്രസിഡന്‍സ്‌ ട്രോഫി നല്‍കി സമാപിക്കുകയും ചെയ്‌തു. 6 ജില്ലകളിലായി - ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം - 12 മത്സരങ്ങളാണ്‌ നടന്നത്‌. IPL രീതിയില്‍ രൂപപ്പെടുത്തിയ സി.ബി.എല്ലിനും കേരളത്തിന്റെ പരമ്പരാഗത വളളംകളിയെ ഒരു അന്തര്‍ദ്ദേശീയ മത്സരം എന്ന രീതിയില്‍ മാറ്റാന്‍ സാധിച്ചു എന്നത്‌ അഭിമാനകരമായ വസ്‌തുതയാണ്‌. ശരിയായ പരിശീലനത്തിലൂടേയും മത്സരത്തിലൂടെയും സാമ്പത്തിക സഹായത്തിലൂടേയും ഏറെ ഉയരത്തിലെത്തിയ കേരളത്തിന്റേതു മാത്രമായ ഈ ചുണ്ടന്‍ വള്ളംകളിക്ക്‌ ദേശീയ-അന്തര്‍ദ്ദേശീയ തലത്തില്‍ ധാരാളം ആരാധകരും പ്രേക്ഷകരും ഉണ്ടെന്നത്‌ കേരള വിനോദ സഞ്ചാര വകുപ്പിന്‌ മുതല്‍ക്കൂട്ടാകുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക വൈവിധ്യവും കരകൗശല മികവും സന്ദര്‍ശകരെ ഇവിടേക്കാകര്‍ഷിക്കും എന്നതില്‍ സംശയമില്ല. ഇത്‌ സംസ്ഥാനത്തിന്റെ സാമ്പത്തിക ഘടനയില്‍ വലിയ മാറ്റം കൊണ്ടു വരും എന്നതും എടുത്തു പറയേണ്ട വസ്‌തുതയാണ്‌.

Click here to go to the top of the page