കേരളത്തിലെ അഞ്ചു ജില്ലകളിലുള്ള 12 കേന്ദ്രങ്ങളില്‍ വെച്ചാണ്‌ സി.ബി.എല്‍.ന്റെ രണ്ടാം സീസണ്‍ മത്സരം നടന്നത്‌. ആലപ്പുഴയിലെ പുന്നമടക്കായല്‍ നെഹ്‌റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച്‌ 2022 സെപ്‌റ്റംബര്‍ 4-ന്‌ സി.ബി.എല്‍. 2 ഉദ്‌ഘാടനം ചെയ്‌തു. നവംബര്‍ 26-ന്‌ കൊല്ലം അഷ്ടമുടിക്കായലില്‍ വെച്ച്‌ പ്രസിഡന്‍സ്‌ ട്രോഫി മത്സരം സമാപിക്കുകയും ചെയ്‌തു. പള്ളാതുരുത്തി ബോട്ട്‌ ക്ലബ്ബിന്റെ ട്രോപ്പിക്കല്‍ ടൈറ്റാന്‍സ്‌ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ വീണ്ടും നേടി. തുടക്കത്തില്‍ നിന്നും വ്യത്യസ്‌തമായി, ചുണ്ടന്‍ വള്ളംകളിയുടെ പ്രാധാന്യം മലബാര്‍ പ്രദേശങ്ങളില്‍ കൂടി കൂടുതല്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സി.ബി.എല്‍. കോഴിക്കോട്ടുള്ള ചാലിയാര്‍ നദിയില്‍ ചെറുവള്ള മത്സരം സംഘടിപ്പിക്കുകയുണ്ടായി. സി.ബി.എല്‍. 2-ന്റെ കൊല്ലത്തു നടന്ന സമാപന മത്സരത്തില്‍ ട്രോപ്പിക്കല്‍ ടൈറ്റന്‍സ്‌ 116 പോയിന്റു നേടി ഒന്നാം സ്ഥാനത്തെത്തി. തൊട്ടു പിന്നില്‍ 107 പോയിന്റോടു കൂടി മൈറ്റി ഓര്‍സ്‌ (Mighty Oars) രണ്ടാം സ്ഥാനവും 92 പോയിന്റോടു കൂടി റേജിങ്‌ റോവേഴ്‌സ്‌ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തിന്റെ 600 കിലോമീറ്റര്‍ നീളമുള്ള തീരപ്രദേശവും 44 നദികളും ചാമ്പ്യന്‍സ്‌ ബോട്ട്‌ ലീഗിന്റെ ഭാവി വളര്‍ച്ചയ്‌ക്ക്‌ ഒരു പ്രധാന ഘടകമാകുമെന്ന്‌ കേരളാ ടൂറിസം വിലയിരുത്തി.

Click here to go to the top of the page