കേരളത്തിലെ വിനോദ സഞ്ചാര വകുപ്പ്‌ സംഘടിപ്പിച്ച സി.ബി.എല്ലിന്റെ നാലാംഘട്ടം സമൂഹത്തില്‍ വന്‍ തിരയിളക്കമാണ്‌ ഉണ്ടാക്കിയത്‌. 2024 നവംബര്‍ 16 മുതല്‍ ഡിസംബര്‍ 21 വരെ നീണ്ടു നിന്ന ചുണ്ടന്‍ വള്ളംകളി മത്സരങ്ങള്‍ കേരളത്തിലെ അതിസുന്ദരങ്ങളായ ആറു സ്ഥലങ്ങളില്‍ വെച്ചായിരുന്നു നടത്തിയിരുന്നത്‌. കോട്ടയം ജില്ലയിലെ താഴത്തങ്ങാടി, ആലപ്പുഴ ജില്ലയില്‍പ്പെട്ട കൈനകരി, പാണ്ടനാട്‌, കരുവാറ്റ, കായംകുളം എന്നിവിടങ്ങളില്‍ വച്ചു നടത്തിയ മത്സരത്തില്‍ 9 ചുണ്ടന്‍വള്ളങ്ങളാണ്‌ പങ്കെടുത്തത്‌. കൈനകരിയില്‍ നടന്ന മത്സരത്തില്‍ വീയപുരം ചുണ്ടന്‍ വള്ളത്തെ നിമിഷാര്‍ദ്ധം കൊണ്ടു പിന്നിലാക്കിയാണ്‌ കാരിച്ചാല്‍ ചുണ്ടന്‍ വിജയം നേടിയത്‌. എന്നാല്‍ ഡിസംബര്‍ 21-ന്‌ അഷ്ടമുടി കായലില്‍ വെച്ചു നടന്ന അവസാന മത്സരത്തില്‍ വീയപുരം വിജയിക്കുകയും പ്രസിഡന്റ്‌സ്‌ ട്രോഫി നേടുകയും ചെയ്‌തു. 58 പോയിന്റോടു കൂടി ഓവറോള്‍ ട്രോഫി നേടിയ പള്ളാതുരുത്തി ബോട്ട്‌ ക്ലബ്ബ്‌ നാലാം വര്‍ഷവും തുടര്‍ച്ചയായി രണ്ടാം സ്ഥാനം നിലനിര്‍ത്തി. 48 പോയിന്റു നേടിയ നിരണം ബോട്ടു ക്ലബ്ബായിരുന്നു മൂന്നാം സ്ഥാനം നേടിയത്‌. ഓവറോള്‍ വിജയിക്ക്‌ 25 ലക്ഷം രൂപ, ഫസ്റ്റ്‌ റണ്ണര്‍ അപ്പിന്‌ 15 ലക്ഷം രൂപ, സെക്കന്റ്‌ റണ്ണര്‍ അപ്പിന്‌ 10 ലക്ഷം രൂപ എന്നിങ്ങനെ ആയിരുന്നു സമ്മാനത്തുക. വാശിയേറിയ വള്ളംകളി മത്സരവും സാംസ്‌കാരികാഘോഷങ്ങളും കാണാനെത്തിയവരുടെ വന്‍ തിരക്കാണ്‌ ഓരോ സ്ഥലത്തും അനുഭവപ്പെട്ടത്‌.

Click here to go to the top of the page