ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലുള്ള മഹാദേവിക്കാട് ഗ്രാമത്തിലെ സഹോദരങ്ങളായ കാട്ടില്‍ തെക്കേതില്‍ ബിജോയ് സുരേന്ദ്രനും ബ്രിജേഷ് സുരേന്ദ്രനും ഉടമകളായ ചുണ്ടനാണ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍. 2015 ജൂലായ് 15-ന് മത്സര തുടക്കം കുറിച്ച ഈ ചുണ്ടന്‍ 'കാട്ടി' എന്നും 'ഗരുഡന്‍' എന്നും അറിയപ്പെടുന്നു. 126 അടി നീളമുള്ള 'കാട്ടി', നിലവില്‍ ഏറ്റവും നീളം കൂടിയ ചുണ്ടന്‍ വള്ളമാണ്. 110 പേരെ ഉള്‍ക്കൊള്ളുന്ന ഈ ചുണ്ടന്‍, ചതുരംഗ കളങ്ങളാല്‍ നിര്‍മ്മിച്ച ആദ്യ വള്ളമാണ്. സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ലബ്ബിലെ അംഗങ്ങളായിരുന്നു 'കാട്ടി' ചുണ്ടനില്‍ ആദ്യം മത്സരത്തിനായി ഇറങ്ങിയത്. അന്നവര്‍ക്ക് നെഹ്‌റു ട്രോഫി അവസാന മത്സരം വരെ എത്താനും സാധിച്ചു. 2016-ല്‍ ഈ ചുണ്ടനെ നയിച്ച കേരള പോലീസിനും അവസാന മത്സരം വരെ എത്തിക്കുവാന്‍ കഴിഞ്ഞു. 2022-ല്‍ നെഹ്‌റു ട്രോഫി നേടാന്‍ കാട്ടില്‍ തെക്കേതില്‍ ചുണ്ടനു സാധിച്ചു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബായിരുന്നു അന്ന് ഈ ചുണ്ടന്‍ വള്ളം തുഴഞ്ഞത്. ഈ വിജയത്തോടെ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഹാട്രിക് നേടി.
ഇവിടെ തീരുന്നതല്ല 'ഗരുഡന്റെ' വിജയഗാഥ. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ 12 മത്സരങ്ങളില്‍ 8 എണ്ണം വിജയിച്ച് ഏറ്റവും മുമ്പിലെത്തിയിരിക്കുകയാണ് 'ഗരുഡന്‍'.