കേരളത്തില്‍ വളരെ പ്രസിദ്ധമായ ചുണ്ടന്‍ വള്ളമാണ്‌ വലിയ ദിവാന്‍ജി. ആലപ്പുഴ നഗരം രൂപകല്‌പന ചെയ്‌ത ദിവാന്‍ രാജാകേശവദാസന്റെ ഓര്‍മ്മക്കായാണ്‌ ഈ പേരു നല്‍കിയത്‌. 1928-ല്‍ നിര്‍മ്മിച്ച ഈ ചുണ്ടന്‍ വള്ളത്തിന്റെ ഉടമസ്ഥാവകാശം നെടുമുടിയിലെ നായര്‍ സര്‍വ്വീസ്‌ സൊസൈറ്റി (NSS) വിഭാഗത്തിനായിരുന്നു ഇപ്പോള്‍ ഇതിന്റെ അവകാശം ആയാപറമ്പിലെ NSS ഘടകത്തിനാണ്‌. 125 അടി നീളമുള്ള ഈ ചുണ്ടന്‍ വള്ളത്തില്‍ 91 തുഴക്കാരും 5 അമരക്കാരും 11 ഗായകന്മാരുമടക്കം 107 പേര്‍ക്കുള്ള ഇടമാണുള്ളത്‌. തുടക്കം മുതല്‍ തന്നെ നെഹ്‌റു ട്രോഫി മത്സരത്തില്‍ വലിയ ദിവാന്‍ജി പങ്കെടുത്തു വരുന്നു. നെടുമുടി ഗ്രാമത്തിന്റെ ഉടമസ്ഥതയിലായതിനാല്‍ ഈ ചുണ്ടന്‍ നെടുമുടി തെക്കേമുറി ചുണ്ടന്‍ എന്നും അറിയപ്പെടുന്നു.

വലിയ ദിവാന്‍ജി ആദ്യമായി നെഹ്‌റു ട്രോഫി നേടിയത്‌ 1979-ലായിരുന്നു. മത്സരങ്ങളില്‍ പങ്കെടുത്ത്‌ 50 വര്‍ഷം പൂര്‍ത്തിയായ ശേഷം. 1981-ല്‍ വീണ്ടും ഈ വിജയം ആവര്‍ത്തിച്ചു. കൂടാതെ മറ്റു പല പ്രധാന മത്സരങ്ങളിലും വിജയിക്കാന്‍ വലിയ ദിവാന്‍ജി ചുണ്ടനു കഴിഞ്ഞിട്ടുണ്ട്‌. ചുണ്ടന്റെ പഴക്കം വര്‍ദ്ധിച്ചതോടെ വിജയ സാധ്യതകളും ഏറെ കുറഞ്ഞു. അതോടെ പുതിയ ചുണ്ടന്‍ വള്ളം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും 2016 ജൂലായ്‌ മാസത്തില്‍ അത്‌ നീറ്റിലിറക്കുകയും ചെയ്‌തു. 128 അടി നീളവും, 88 തുഴക്കാരേയും 5 അമരക്കാരേയും 7 ഗായകരേയും 2 ഇടിക്കാരേയും ഉള്‍ക്കൊള്ളുന്ന ഈ പുതിയ ചുണ്ടന്റെ ഭംഗിയും കൈവേലകളും ഏറെ പ്രശംസ നേടി.

ചമ്പക്കുളം രാജപ്രമുഖന്‍ ട്രോഫി അടക്കം പല വിജയങ്ങളും കൊയ്‌ത വലിയ ദിവാന്‍ജി ലക്ഷ്യമിടുന്നത്‌ അടുത്ത നെഹ്‌റു ട്രോഫിയാണ്‌.

മറ്റു ചുണ്ടന്‍ വള്ളങ്ങള്‍

Click here to go to the top of the page