നൂറ്റാണ്ടുകളിലൂടെ വികാസംപ്രാപിച്ച സമ്പന്നമായ വിദ്യാഭ്യാസ പാരമ്പര്യം കേരളത്തിലെ മാപ്പിള മുസ്ലീം സമുദായത്തിനുണ്ട്. ഇസ്ലാമിക ബോധനവും ആധുനിക വിദ്യാഭ്യാസവും സമന്വയിപ്പിക്കുന്ന പഠന രീതിയായിരുന്നു സമുദായത്തില്‍ ഉണ്ടായിരുന്നത്. പരമ്പര്യരീതിയില്‍ ആദ്യകാലത്ത് മാപ്പിളമാര്‍ ഓത്തുപള്ളികളില്‍ തങ്ങളുടെ മതപരമായ കടമകള്‍ പഠിച്ചുവന്നു. മുല്ല എന്നു വിളിക്കുന്ന ഒരു അധ്യാപകന്റെ കീഴിലുള്ള അനൗപചാരിക മതപഠനമാണ് ആദ്യം ലഭിക്കുക.
മുല്ലമാരുടെ വീടുകളിലാകും സാധാരണ ഓത്തുപള്ളികള്‍. അവിടെ കുട്ടികള്‍ നിലത്തിരുന്ന് ഖുറാനിലെ ചില അദ്ധ്യായങ്ങളും ദിവസേന വേണ്ട ചില പ്രാര്‍ത്ഥനകളും പഠിക്കുന്നു. വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന പ്രതിഫലവും സമ്മാനങ്ങളും മാത്രമാണ് മുല്ലമാരുടെ വരുമാനം. പലപ്പോഴും അരിയും അവശ്യസാധനങ്ങളുമാണ് പഴയകാലത്ത് നല്‍കിയിരുന്നത്. ഇതുകൂടാതെ മുല്ലമാര്‍ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ രക്ഷകര്‍ത്താക്കളില്‍ നിന്ന് സഹായവും വാങ്ങിവന്നു.
വിദ്യാര്‍ത്ഥികള്‍ 'ലൗഹ്' എന്നു വിളിക്കുന്ന മരപ്പലകയില്‍ ആണ് എഴുതിപഠിക്കുക. ഇതില്‍ മണ്ണ് പൂശിയിരിക്കും. ചെറിയൊരു മരക്കമ്പാണ്, 'ക്വാലം' എന്നിതിനെ വിളിക്കും. എഴുത്തുപകരണം. ചില ഓത്തുപള്ളികളില്‍ സ്‌ത്രീകളായിരിക്കും അധ്യാപകര്‍. അവരെ മുല്ലത്തി എന്ന് വിളിക്കും.
ഓത്തുപള്ളികളിലെ മതപഠനം മൂന്നു മുതല്‍ ആറു വര്‍ഷം വരെയാണ്. ഈ അടിസ്ഥാന പഠനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ തങ്ങളുടെ പാരമ്പര്യ തൊഴിലുകളിലേക്കോ അല്ലെങ്കില്‍ കൂടുതല്‍ പഠനത്തിനോ വഴിമാറും. മത കാര്യങ്ങളില്‍ ഉന്നത പഠനം പള്ളികളോടും ചേര്‍ന്നുള്ള ദാര്‍സില്‍ ആണ്. ഇസ്ലാമിക ദൈവശാസ്‌ത്രത്തിലും നീതിപാഠങ്ങളിലും ഉന്നത പഠനം ഇത്തരം ദാറുകളില്‍ നടക്കും.
കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ രാജ്യത്ത് ആധുനിക വിദ്യാഭ്യാസരീതി നടപ്പിലാക്കി. ഒട്ടേറെ മാപ്പിളമാരെ ഇത് പാശ്ചാത്യ വിദ്യാഭ്യാസത്തിലേക്ക് നയിച്ചു. ഇതോടെ തങ്ങളുടെ മതപരമായ വ്യക്തിത്വം നഷ്ടമാകുമെന്ന ഭീതിയില്‍ പാരമ്പര്യ ഉലമമാര്‍ ഓത്തുപള്ളി അടിസ്ഥാനമാക്കിയ മതപഠന വ്യവസ്ഥ നവീകരിക്കാന്‍ നിര്‍ബന്ധിതരായി. 1951 ലെ സമസ്‌ത കേരള വിദ്യാഭ്യാസ ബോര്‍ഡിന്റെ രൂപീകരണത്തിലാണ് ഇത് കലാശിച്ചത്. ഇസ്ലാമിക പാരമ്പര്യ പണ്ഡിതന്മാരുടെ സംഘടയായ സമസ്‌ത കേരള ജും ഇയ്യത്തുള്‍ ഉലമയുടെ വിദ്യാഭ്യാസ വിഭാഗമാണ് സമസ്‌ത കേരള ബോര്‍ഡ്.
ഇന്ന് ഏകദേശം 9000 ത്തോളം മദ്രസകള്‍ ഈ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. 13 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് പഠനവും, ഒരു ലക്ഷം അധ്യാപകര്‍ക്കും തൊഴിലും ഇവ നല്‍കുന്നു. അധ്യാപകരുടെ ശമ്പളവും മദ്രസകളുടെ മറ്റു നടത്തിപ്പു ചെലവുകളും പ്രാദേശിക ഗ്രാമസമുദായങ്ങള്‍ വഹിക്കുന്നു. ബോര്‍ഡ് ഇത് കൂടാതെ വിരമിച്ച അധ്യാപകര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങളും മറ്റ് ക്ഷേമ സഹായങ്ങളും നല്‍കും. പരീക്ഷാ ഫീസും പാഠപുസ്‌തകങ്ങളുടെ വില്‍പ്പനയും ഇവയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു.
ഇതിനുപുറമേ സുന്നികളിലെ കാന്തപുരം വിഭാഗം അവരുടെ സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് രൂപം നല്‍കി. ആധുനിക സിലബസ്സും പഠന സാമഗ്രികളും ആധുനിക സംവിധാനങ്ങളും ഇവര്‍ നല്‍കുന്നു. നദ്‌വത്തുള്‍ മുജാഹിദ്ദീന്‍, ജുമാ അത്ത് ഇസ്ലാമി എന്നീ സമുദായ പരിഷ്‌കരണ വിഭാഗക്കാര്‍ അവരുടെ സ്വന്തം വിദ്യാഭ്യാസ ബോര്‍ഡുകളും രൂപീകരിച്ചിട്ടുണ്ട്. മുസ്‌ലീമുകളുടെ വിദ്യാഭ്യാസ സാഹചര്യങ്ങളുടെ വൈപുല്യവും വൈവിധ്യവും ഇവയില്‍ കാണാം.
1960 കളില്‍ മദ്രസ വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും ഒരുമിച്ചു നല്‍കുന്ന ബോര്‍ഡിംഗ് സ്‌കൂളുകളുടെ വരവായി. ഇവയില്‍ ആദ്യത്തേത് 1964 ല്‍ കോഴിക്കോട് ചേന്നമംഗലൂരില്‍ സ്ഥാപിതമായി. ഇസ്ലാഹിയാ എന്ന പേരില്‍. 1967 ല്‍ തിരൂര്‍ക്കാട്ടില്‍ ഇലാഹിയ്യയും തുടങ്ങി. മലപ്പുറത്തെ വെളിമുക്കില്‍ ക്രസന്റ് ബോര്‍ഡിംഗ് സ്‌കൂള്‍ ആരംഭിച്ചു. തുടര്‍ന്ന് കാസര്‍കോഡ്, കാരന്തൂര്‍. വളാഞ്ചേരി തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് തുടക്കമായി. ഈ സ്ഥാപനങ്ങളില്‍ തന്നെ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതപഠനവും പൊതുവിദ്യാഭ്യാസവും ഒരേപോലെ ലഭ്യമായി. വളരെ അച്ചടക്കമുള്ള വിശ്വാസാന്തരീക്ഷത്തില്‍ തന്നെയാണ് ഇവിടെ പഠനം.