കോട്ടയ്‌ക്കലിനടുത്ത് ഒതുക്കുങ്ങലില്‍ 1952 ല്‍ ഒ.കെ. സൈനുദ്ദീന്‍ കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ ഇയ്യാഹു സുന്ന അറബിക് കോളേജിന്റെ വരവോടെയാണ് കേരളത്തില്‍ ഷരിയ കോളേജുകളുടെ ആരംഭമുണ്ടായത്. പിന്നീട് 1963 ല്‍ പെരിന്തല്‍മണ്ണയ്‌ക്കടുത്ത് ഫൈസാബാദില്‍ സമസ്‌ത കേരള ജമിയത്തുള്‍ ഉലമയുടെ നേതൃത്വത്തില്‍ ജാമിയ അല്‍ നൂരിയ അറബിക് കോളേജ് സ്ഥാപിതമായി കേരളത്തില്‍ ഇസ്ലാമിക പഠനത്തിനുള്ള ഉന്നത കേന്ദ്രമായി ഇതു മാറി.
പതുക്കെ പതുക്കെ ഈ ഷരിയ കോളേജുകളില്‍ വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരം പൊതു വിദ്യാഭ്യാസത്തിനും സൗകര്യങ്ങള്‍ ഒരുങ്ങി. ഇവ പതുക്കെ ദാവ കോളേജുകളായി മാറിയതോടെ വിദ്യാഭ്യാസ സമീപനത്തില്‍ നിര്‍ണ്ണായകമായ മാറ്റം സംഭവിച്ചു.
മതവിദ്യാഭ്യാസവും പൊതു വിദ്യാഭ്യാസവും ഒരുപോലെ സംയോജിപ്പിച്ച എം.എ. അബ്ദുള്‍ ഖാദിര്‍ മുസ്ലിയാര്‍ തുടങ്ങിയ സാദിയ്യ അറബിക് കോളേജാണ് ഇതിന് തുടക്കമിട്ട ആദ്യ സ്ഥാപനം, 1971 ലാണിത്. മുസ്ലീങ്ങള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാന്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളും അദ്ദേഹം തുടങ്ങി. സാദിയ്യ കോളേജുകളില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സാദി ബിരുദം നല്‍കി. വിവിധ മേഖലകളിലെ മറ്റു ഉലമകളും ഒരു മത പൊതുവിദ്യാഭ്യാസ സംയോജിത സങ്കല്‍പ്പങ്ങള്‍ക്ക് ഒരേ സ്ഥാപനങ്ങളില്‍ തന്നെ സ്ഥാനം നല്‍കി.
കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസ വ്യവസ്ഥയില്‍ പ്രമുഖമായ ദിശമാറ്റം സംഭവിക്കുന്നത് 1979 ല്‍ മര്‍ക്കസ്-അല്‍-സഖാഫത് അല്‍-സുന്നിയയുടെ സ്ഥാപനത്തോടെയാണ്. കോഴിക്കോട് കാരന്തൂരിലെ ഈ സ്ഥാപനം കാന്തപുരം ഏ.പി. അബൂബക്കര്‍ മുസ്ലിയാരുടെ മുന്‍കൈയ്യിലാണ് പിറവിയെടുത്തത്. മദ്രസതലം മുതല്‍ ഉന്നതതലം വരെ ഒരേ സ്ഥലത്ത് പഠന സാധ്യതകള്‍ ഇതു നല്‍കി. കാലക്രമേണ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതുമായി അഫിലിയേറ്റ് ചെയ്‌ത മതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിതമായി. ഇവിടെ നിന്ന് ബിരുദം നേടിയവരെ സഖ്വാഫികള്‍ എന്നു വിളിക്കും. രാജ്യത്തിനകത്തും പുറത്തും മതവിദ്യാഭ്യാസ പഠനം ലക്ഷ്യമാക്കി ഇവര്‍ പ്രവര്‍ത്തിക്കുന്നു.
ദാരുള്‍ ഹുദാ ഇസ്ലാമിക് അക്കാദമിയാണ് ഈ രംഗത്ത് പിന്നീട് വന്ന സ്ഥാപനം. 1989 ല്‍ എം.എം. ബഷീര്‍ മുസ്ലിയാര്‍ ആണ് ഇതിന് നേതൃത്വം നല്‍കിയത്. മതവിദ്യാഭ്യാസത്തിന് ആധുനിക സങ്കേതങ്ങള്‍, പഠന രീതികള്‍ എന്നിവയ്‌ക്കൊപ്പം സമകാലിക വിഷയങ്ങളും ഇവിടെ പഠിപ്പിക്കുന്നു. ഹുദാവികള്‍ എന്നു വിളിക്കുന്ന ഇവിടെനിന്നുള്ള ബിരുദധാരികള്‍ വിവിധ മേഖലകളില്‍ വൈദഗ്‌ധ്യം നേടുന്നു, ഒപ്പം ഇസ്ലാമിക മൂല്യങ്ങള്‍ തൊഴില്‍മേഖലയിലും തങ്ങളുടെ ജീവിതത്തിലും പാലിക്കുകയും ചെയ്യുന്നു. ഇത് ദാരുള്‍ ഹുദാ ഇസ്ലാമിക സര്‍വ്വകലാശാലയായി ഇന്ന് വികസിച്ചിട്ടുണ്ട്.
സമസ്‌ത കേരള ജമിയത്തുള്‍ ഉലമയുടെ മാതൃക പിന്തുടര്‍ന്ന് ഇസ്ലാമിക വിദ്യാഭ്യാസത്തിന് പുതിയൊരു ലക്ഷ്യബോധം നല്‍കാന്‍ 2000 ല്‍ ഹക്കീം മുസ്ലിയാരുടെ നേതൃത്വത്തില്‍ ഇസ്ലാമിക കോളേജുകളുടെ ഏകോപിത സംവിധാനം (സി.ഐ.സി. - കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) നിലവില്‍ വന്നു. ഇവര്‍ ആണ്‍ പെണ്‍ ഭേദമന്യേ വിദഗ്‌ധ വിദ്യാഭ്യാസം നല്‍കി. ആണ്‍കുട്ടികള്‍ വാഫി ബിരുദവും പെണ്‍കുട്ടികള്‍ക്ക് വാഫിയ്യ ബിരുദവുമാണ് നല്‍കുന്നത്. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഇവരുമായി അഫിലിയേറ്റ് ചെയ്‌ത സ്ഥാപനങ്ങളുണ്ട്. ഇസ്ലാമിക വിദ്യാഭ്യാസഭൂമികയുടെ വികാസമാണിത്.
കോഴിക്കോടിനടുത്ത് കൈതപൊയ്‌ലില്‍ വിജ്ഞാന നഗരം സ്ഥാപിച്ച് മര്‍ക്കസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശാലമാക്കി. 300 ഏക്കറില്‍ വിദ്യാഭ്യാസം, സംസ്‌കാരം, ആരോഗ്യം, കൃഷി, സംരംഭകത്വം എന്നിങ്ങനെ വിവിധ മേഖലകളില്‍ പഠനപ്രവര്‍ത്തന സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഒരു സമ്പൂര്‍ണ്ണ സാംസ്‌കാരിക വിദ്യാഭ്യാസ ലോകമാണ് വിജ്ഞാനനഗരത്തിന്റെ ലക്ഷ്യം. കാന്തപുരം ഏ.പി. അബുബക്കര്‍ മുസ്ലിയാരുടെ മകന്‍ ഡോ. അബ്ദുള്‍ ഹക്കീം അസ്‌ഹാരിയാണ് ഈ കേന്ദ്രത്തിന്റെ ഡയറക്ടര്‍.