ജാതി അടിസ്ഥാനമാക്കി കര്‍ശനമായ ഉച്ചനീചത്വ വ്യവസ്ഥയില്‍ നിര്‍ണ്ണയിക്കപ്പെട്ടതായിരുന്നു ചരിത്രപരമായി തന്നെ കേരള സമൂഹം. നമ്പൂതിരി ബ്രാഹ്മണന്മാര്‍ ഏറ്റവും മുകളിലും തൊട്ടുപിന്നാലെ മറ്റ് ഇടത്തരം ജാതികളും ഏറ്റവും താഴെ അസ്‌പൃശ്യരായ താഴ്‌ന്ന ജാതികളും. ദൈവത്തിനു മുന്നില്‍ എല്ലാവരും തുല്യര്‍ എന്ന ഇസ്ലാമിന്റെ സമത്വവാദം ജാതിവ്യവസ്ഥയാല്‍ മര്‍ദ്ദിതരായവര്‍ക്കു ആകര്‍ഷകമായ ബദലായി മാറി. മര്‍ദ്ദിതരും അതിരിലായിപോയവരുമായ സമുദായങ്ങളിലെ പല അംഗങ്ങള്‍ക്കും സാമൂഹിക ഉന്നതിയും മാന്യതയും നല്‍കുന്നതായി ഇസ്ലാമിലേക്കുള്ള മതംമാറ്റം. മുസ്ലീങ്ങള്‍ക്കു പതുക്കെ സമൂഹത്തില്‍ അകത്തും പുറത്തും ബഹുമാനം ലഭിച്ചുവന്നു.
മതംമാറിവന്നവര്‍ക്കു അവരുടെ സാമൂഹികാന്തസ്സില്‍ ചെറുതല്ലാത്ത കയറ്റവും ലഭ്യമായി. മുസ്ലീം ആത്മീയ ആചാര്യന്മാര്‍ക്കു മുന്നില്‍ അവര്‍ക്കു മറ്റെങ്ങും ലഭിക്കാത്ത ആശ്വാസം കണ്ടെത്താനായി. ഇതിനു പറുമേ, മുസ്ലീം കച്ചവടക്കാരുടെ സേവനത്തിനെത്തിയ നാട്ടുകാരായ അടിമകള്‍ പതുക്കെ യജമാനന്റെ മതം സ്വീകരിച്ച് അവരുടെ സാമൂഹിക നില ഉയര്‍ത്താന്‍ ശ്രമിച്ചു. മുസ്ലീം സമുദായം താരതമ്യേന എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായി അവര്‍ക്കനുഭവമായി.
വാണിജ്യബന്ധങ്ങളുടെ ദൃഢത നിലനിര്‍ത്താനായി മുസ്ലീം വിശ്വാസികള്‍ക്കു നാട്ടുകാരായ ഹിന്ദു ഭരണാധികാരികളും നാടുവാഴികളും കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കിയതും ഇസ്ലാമിന്റെ പ്രചാരത്തിനു താങ്ങായി. വിദേശികളായ വണിക്കുകള്‍ക്കു തങ്ങളുടെ നാട്ടിലെക്കാള്‍ മലബാറില്‍ കൂടുതല്‍ സുരക്ഷയും ബഹുമാനവും പലപ്പോഴും അനുഭവിക്കാനായി. മുസ്ലീം ആത്മീയാന്വേഷകരും കുടിയേറിയ സയ്യിദ്‌മാരും ദരിത്ര കര്‍ഷകരുടേയും മര്‍ദ്ദിതരുടേയും രക്ഷകരായി മാറി. ഉന്നതകുലജാതരായ ഹിന്ദുക്കളില്‍ നിന്നു വ്യത്യസ്ഥമായി ഇവര്‍ അവര്‍ക്കു ആശ്വാസമായി നിലകൊണ്ടു.
പല കാരണങ്ങളാല്‍ കുറച്ചു ജന്മിമാരും മതം മാറി. ശിക്ഷയില്‍ നിന്നു രക്ഷപ്പെടാനും, അല്ലെങ്കില്‍ ജാതി അധിഷ്ടിതമായ സമൂഹത്തില്‍ മറ്റൊരു ഉന്നത സ്ഥാനം കാംക്ഷിച്ചുമൊക്കെ ആകാം ഇത്.
സാമൂതിരിയുടെ നായര്‍ പട്ടാളത്തിലെ അംഗങ്ങള്‍ക്കു കടല്‍ യാത്ര മതപരമായ വിലക്കു വിളിച്ചു വരുത്തുന്ന ഒന്നായിരുന്നു, അവര്‍ക്ക് പോര്‍ത്തുഗീസുകാര്‍ക്കെതിരെയുള്ള കടല്‍ യുദ്ധങ്ങളില്‍ പങ്കെടുക്കുന്നതിന് ഇത് തടസ്സമായി. പോര്‍ത്തുഗീസുകാരുടെ കപ്പല്‍ പടയെ നേരിടാനുള്ള അംഗബലം വര്‍ദ്ധിപ്പിക്കാന്‍ സാമൂതിരി തന്നെ താഴ്‌ന്ന ജാതിക്കാരായവരോട് കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിച്ച് കുഞ്ഞാലികള്‍ക്കൊപ്പം (മുസ്ലീം നാവികര്‍) ചേരാന്‍ പ്രോത്സാഹിപ്പിച്ചു. ശിക്ഷാനടപടികളില്‍ നിന്നു രക്ഷപ്പെടാനും ആത്മീയമോചനം ആഗ്രഹിച്ചും പോരാട്ടങ്ങളില്‍ ഇസ്ലാമായി മരിച്ചാല്‍ സ്വര്‍ഗ്ഗത്തില്‍ ഒരു സ്ഥാനം എന്ന വിശ്വസിച്ചും പാട്ടക്കുടിയന്മാരിലും കൂട്ടമതംമാറ്റം ഇക്കാലത്തു നടന്നു.