പൊതുവര്‍ഷം ഏഴാം നൂറ്റാണ്ടു മുതല്‍ തന്നെ മലബാര്‍ തീരത്ത് വാണിജ്യത്തിനായെത്തിയ അറബ് വണിക്കുകളില്‍ മാപ്പിളമാരുടെ ഉദ്‌ഭവത്തെ ബന്ധിപ്പിക്കാനാകും. ഈ അറബ് കച്ചവടക്കാരില്‍ പലരും നാട്ടുകാരായ സ്‌ത്രീകളുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടു. അങ്ങനെ വ്യത്യസ്ഥവും തനിമയാര്‍ന്നതുമായ ഒരു സങ്കര സമുദായത്തിന്റെ ആരംഭത്തിനു അടിവേരുകളായി. മാപ്പിള അഥവാ മാപ്‌ള എന്ന പേരില്‍ വിളിക്കപ്പെട്ട ഈ സങ്കര സമുദായത്തിന്റെ പേരിന് തമിഴ് വേരുകള്‍ അവകാശപ്പെടാം. 'മാ' എന്ന ശബ്ദം തമിഴില്‍ ബഹുമാനത്തെയും മഹത്വത്തെയും സൂചിപ്പിക്കുന്നു, പിള്ള എന്നുള്ളത് ഒരു പദവിയോ ബഹുമതി സൂചകമായി കൂട്ടിച്ചേര്‍ക്കുന്ന വാക്കോ ആണ്. ഇവ ചേര്‍ത്താണ് മാപ്പിള എന്നു പേരുണ്ടായതെന്ന് കരുതാം. തമിഴില്‍ നവവരന്മാരെ, പ്രത്യേകിച്ചും നാട്ടുകാരായ സ്‌ത്രീകളെ വിവാഹം ചെയ്യുന്ന വിദേശപൗരന്മാരെ, സൂചിപ്പിക്കുന്ന വാക്കാണ് മാപ്പിളൈ എന്നുള്ളത്. കേരളത്തില്‍ ഹിന്ദുസമുദായത്തിനു പുറത്തുള്ള ജൂത, ക്രിസ്‌ത്യന്‍, മുസ്ലീം സമുദായാംഗങ്ങളെ വിശേഷിപ്പിക്കാന്‍ നൂറ്റാണ്ടുകളായി തന്നെ മാപ്പിള എന്നാണ് ഉപയോഗിക്കുക. മലബാറില്‍ മാപ്പിള എന്നു പറഞ്ഞാല്‍ മുസ്ലീം സമുദായാംഗത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.
മാപ്പിളമാരുടെ സമുദായത്തില്‍ നാട്ടുകാരായ സ്‌ത്രീകളെ വിവാഹം ചെയ്‌ത വിദേശ പൗരന്മാരുടെ പിന്തുര്‍ച്ചക്കാരും ഉള്‍പ്പെടുന്നു. എന്നാല്‍ മുസ്ലീം സമൂഹത്തിലെ പ്രമുഖമായ ഭാഗം നാട്ടുകാരായ സാധാരണ കര്‍ഷകരുള്‍പ്പെടുന്നതാണ്, ഫ്യൂഡല്‍ ജന്മിമാരുടെ ചൂഷണം, ജാതീയമായ വിവേചനം എന്നിവയില്‍ നിന്ന് രക്ഷതേടി ഇസ്ലാം വിശ്വാസം സ്വീകരിച്ചവരാണിവര്‍. നൂറ്റാണ്ടുകളുടെ കാല ദൈര്‍ഘ്യത്തിനിടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, വിദേശത്തു നിന്നും കുടിയേറിയ സയ്യിദുമാര്‍, സേട്ടുമാര്‍, പത്താന്‍കാര്‍, അഫ്‌ഘാനികള്‍, റാവുത്തര്‍മാര്‍, നവായട്ടുമാര്‍, ബഹ്രിമാര്‍ എന്നിവരും ചേരുന്ന വ്യത്യസ്ഥവും വൈവിധ്യമേറിയതുമായ സമൂഹമാണ് മുസ്ലീം സമുദായം.