മാപ്പിള കലകളിലും വാസ്‌തുശൈലിയിലും ഹിന്ദു-മുസ്ലീം സാംസ്‌കാരിക വിനിമയത്തിന്റെ അടയാളങ്ങള്‍ കാണാം.ഇസ്ലാമിക പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഇവിടെ നിലനിന്ന കലാരൂപങ്ങളെ സ്വയം മാറ്റി സ്വന്തമാക്കുകയാണ് മാപ്പിളമാര്‍ ചെയ്‌തത്.അതിനു മികച്ച ഉദാഹരണമാണ് കോല്‍ക്കളി.കോലാട്ടം അല്ലെങ്കില്‍ കോലടിപാട്ട് എന്ന ഹിന്ദു നാടന്‍ കലയുടെ മുസ്ലീം പതിപ്പ് ആണ് കോല്‍ക്കളി.കോലാട്ടം വാസ്‌തവത്തില്‍ സ്‌ത്രീകളുടെ നൃത്തരൂപമാണ്.ഹിന്ദു മിത്തുകളിലാണ് അതിന്റെ മൂലം.വിശ്വകര്‍മ്മാവ് ചമതമരത്തില്‍ നിന്നു 21 ചെറിയ കമ്പുകള്‍ മുറിച്ച് ഭഗവാന്‍ കൃഷ്‌ണന് നല്‍കിയെന്നും അത് കൃഷ്‌ണന്‍ ഗോപികമാര്‍ക്കു നല്‍കിയെന്നുമാണ് ഐതീഹ്യം.അവര്‍ ഈ കോലുകള്‍ തമ്മില്‍ പരസ്‌പരം മുട്ടി നൃത്തം ചെയ്‌തതാണ് കോലാട്ടമെന്നു വിശ്വാസം.
കാലം ചെന്നപ്പോള്‍ താഴ്‌ന്ന ജാതിക്കാരുടെ വിനോദമായി കോലാട്ടം മാറി.അവര്‍ ഉത്സവാവസരങ്ങളില്‍ ഇതു കളിച്ചു.മാപ്പിളമാര്‍ കോലാട്ടത്തിലെ ഹിന്ദു കീര്‍ത്തനങ്ങള്‍ മാറ്റി ഇസ്ലാമിക ആശയങ്ങള്‍ പാടി അതിനെ കോല്‍ക്കളിയാക്കി മാറ്റി.പ്രവാചകനായ മുഹമ്മദിനും, സൂഫി വിശുദ്ധര്‍ക്കും പ്രാര്‍ത്ഥനകള്‍ ചൊല്ലിയാണ് കോല്‍കളി തുടങ്ങുന്നത്.
കേരളത്തിന്റെ പരമ്പരാഗത യുദ്ധകലയായ കളരിപ്പയറ്റിനെ മാപ്പിള സമൂഹം സ്വന്തം ആയുധശിക്ഷണ പാരമ്പര്യമായി സ്വീകരിക്കുകയും പ്രയോഗിക്കുകയും ചെയ്തു.ആദ്യം കളരി എന്ന യുദ്ധപരിശീലന സമ്പ്രദായം നായർ സമൂഹത്തിൽ പോരാട്ട വീര്യം വളർത്താനും അവരെ യുദ്ധത്തിന് ശാരീരികമായും മാനസികമായും സജ്ജരാക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു.സാധാരണയായി കളരി വിദ്യാലയങ്ങൾ ഭഗവതി ക്ഷേത്രങ്ങളോടു ചേർന്നായിരുന്നു പ്രവർത്തിച്ചിരുന്നത്.അവയുടെ മേൽനോട്ടം ആശാന്മാരോ ഗുരുക്കന്മാരോ ആയിരുന്നു വഹിച്ചിരുന്നത്.
കാലക്രമേണ മാപ്പിള മുസ്ലീങ്ങളും ഈ യുദ്ധകല സ്വീകരിക്കുകയും അവരുടെ വാസസ്ഥലങ്ങളായ മാപ്പിള പ്രദേശങ്ങളിൽ തന്നെ കളരി പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു.ഇതിലൂടെ കളരിപ്പയറ്റ് മതപരമായ അതിർത്തികൾക്കപ്പുറം വ്യാപിച്ചു, വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാംസ്കാരിക ഇടപെടലിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതീകമായി മാറുകയും ചെയ്തു.
വടക്കന്‍ പാട്ടുകളില്‍ മുസ്ലീങ്ങള്‍ കളരി പരിശീലനം നേടുന്നതിനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്.വടക്കന്‍ പാട്ടുകളിലെ നായകനായ തച്ചോളി ഒതേനന്‍ സാമൂതിരിയുടെ മാപ്പിള പടത്തലവനായ കുഞ്ഞാലിമരയ്‌ക്കാരെ സന്ദര്‍ശിച്ച് സമ്മാനങ്ങള്‍ നല്‍കിയതായ പരാമര്‍ശങ്ങള്‍ കാണാം.സ്വന്തം കളരി സ്ഥാപിക്കുന്നതിനു മുമ്പായിരുന്നു ഇത്.ചേകവന്മാരുടെ കളരികളായ ചേകോര്‍ കളരികളില്‍, മുസ്ലീങ്ങള്‍ക്കും പരിശീലനം നല്‍കാറുണ്ട്.
കളരിപയറ്റിന്റെ മാപ്പിള മാതൃകയാണ് പരിചകളി.ഇത് പരിചമുട്ട് എന്ന മാപ്പിള ആയുധ കലാപാരമ്പര്യവുമായി വികസിച്ചു.പരിചമുട്ടില്‍ വെളുത്ത കുപ്പായവും പച്ച തൊപ്പിയും ധരിച്ച മാപ്പിളമാര്‍ അള്ളായും, പ്രവാചകനായ മൊഹമ്മദിനും, സൂഫി സിദ്ധന്മാര്‍ക്കും പ്രര്‍ത്ഥന ചൊല്ലിയാണ് തുടക്കം.
ഹിന്ദു സ്‌ത്രീകളുടെ സ്വന്തമായ കൈകൊട്ടിക്കളി, വട്ടപ്പാട്ട് എന്നിവയുടെ ഇസ്ലാമിക രൂപമാണ് ഒപ്പന.ഒപ്പന എന്ന വാക്കു തന്നെ പഴയ ഒരു മലബാര്‍ പ്രയോഗം ആണ്.ചില ക്ഷേത്ര ഉല്‍സവഘോഷയാത്രകള്‍ക്ക് ഒപ്പന വക്കല്‍ എന്നാണ് പറയുന്നത്.മുത്തപ്പന്റെ തിരുവപ്പന പ്രസിദ്ധമാണല്ലോ.ഇന്ന് ഒപ്പന ഒരു മുസ്ലീം കലാരൂപമാണ്.