ഉദ്‌ഗ്രഥനം : കേരളത്തിന്റെ മുസ്ലീം ചരിത്രം


ചരിത്രപരമായിതന്നെ കേരളത്തിലെ ഹിന്ദു, മുസ്ലീം സമുദായങ്ങള്‍ സാമ്പത്തികമായ പരസ്‌പരാശ്രയത്വവും വാണിജ്യം, കൃഷി, കൈത്തൊഴിലുകള്‍ എന്നിവയില്‍ പങ്കാളിത്തവും ഉള്ളവരായിരുന്നു. പ്രദേശത്തിന്റെ സാംസ്‌കാരിക ഉള്‍ക്കൊള്ളലുകളുടേയും ബഹുത്വത്തിന്റെയും സാക്ഷ്യങ്ങളാണ്‌ ഇവ. പരസ്‌പര ബഹുമാനത്തിലും പരസ്‌പരം പങ്കിടുന്ന സാംസ്‌കാരിക ശീലങ്ങളിലും അടിയുറച്ച ഈ ബന്ധം സാമുദായിക ഐക്യത്തിന്റെ ഒരു കേരള മാതൃക തന്നെയാണ്‌.

കേരള ജനതക്കിടയില്‍ തന്നെ സ്വന്തം സവിശേഷതയാര്‍ന്ന സാംസ്‌കാരിക തനിമ നിലനിര്‍ത്താന്‍ മുസ്ലീങ്ങള്‍ക്കായി, മാപ്പിള മുസ്ലീങ്ങള്‍ രാജ്യത്തെ മറ്റ്‌ പ്രദേശങ്ങളിലെ സമുദായാംഗങ്ങളെക്കാള്‍ വ്യത്യസ്ഥരാകാന്‍ കാരണമിതാണ്‌. സേവനം തങ്ങളുടെ ജീവിതലക്ഷ്യമായി കരുതിയ സൂഫികള്‍ മറ്റ്‌ മതാചാരങ്ങളെയും, വിശ്വാസങ്ങളേയും ബഹുമാനിച്ചിരുന്നുവെന്നതും മറക്കരുത്‌. മതസ്വാതന്ത്ര്യം നിലനില്‍ക്കെ തന്നെ മതംമാറ്റം പരസ്‌പര ബഹുമാനം ഇല്ലാതാക്കിയില്ല. മതഭേദങ്ങള്‍ ജീവിതശൈലിയില്‍ വരുത്തിയ മാറ്റങ്ങള്‍ കുറവായിരുന്നു. ബ്രാഹ്മണിക്കല്‍ വ്യവസ്ഥയില്‍ പീഢനം അനുഭവിച്ച താഴ്‌ന്ന ജാതിക്കാര്‍ക്ക്‌ ഇസ്ലാം അഭയമാകുകയും ചെയ്‌തു.

സാധാരണ ജനങ്ങള്‍ തങ്ങളുടെ ഭരണാധികാരികളുടെ മാതൃക പിന്തുടര്‍ന്നു. മുസ്ലീങ്ങളെ പങ്കാളികളായി അവര്‍ കണ്ടു. മുസ്ലീങ്ങള്‍ രാജാക്കന്മാരുടെ മേല്‍കോയ്‌മയും അംഗീകരിച്ചു. ശബരിമല അയ്യപ്പന്റെയും അടുത്ത സുഹൃത്തായ വാവരുടെയും കഥ മലയാളികള്‍ക്ക്‌ മറക്കാനാവില്ലല്ലോ. ഇരുവരുടെയും ആരാധനാ സ്ഥലങ്ങള്‍ ഒരേ തീര്‍ത്ഥയാത്രയുടെ ഭാഗമാണല്ലോ. ഇരുവര്‍ക്കും ഭക്തര്‍ ബഹുമാനം നല്‍കുന്നു.

ഉല്‍സവങ്ങള്‍ ഹിന്ദു മുസ്ലീം ഐക്യത്തെ ഉറപ്പിക്കുന്നവയാണ്‌. രണ്ടുകൂട്ടരും ഉല്‍സവങ്ങളില്‍ മതഭേദമില്ലാതെ പങ്കുചേരും. മതാചാരങ്ങളില്‍ മാത്രമേ വ്യത്യാസങ്ങള്‍ കാണൂ. തൊഴിലാളികളിലും കര്‍ഷകരിലും ഈ പരസ്‌പര ബഹുമാനം ദൃശ്യമാണ്‌.

കുഞ്ഞായന്‍ മുസലിയാരും സാമൂതിരിയുടെ മന്ത്രിമാരില്‍ ഒരാളുമായുള്ള അടുത്ത സൗഹൃദം സമുദായത്തിലെ പ്രമുഖരും ഈ ഐക്യം മറക്കുന്നില്ല എന്നതിന്റെ തെളിവാണല്ലോ. കോഴിക്കോട്ടെ മുസ്ലീം സമുദായാംഗങ്ങളായ കോയമാര്‍ സാമൂതിരിയുടെ അധികാരം നിലനിര്‍ത്തുന്നതില്‍ വളരെ സഹായിച്ചിരുന്നു. സാമൂതിരിയുടെ ഭരണ വ്യവസ്ഥയില്‍ കോഴിക്കോട്ടെ ഖാസിക്ക്‌, മുസ്ലീം ന്യായാധിപനാണ്‌, പ്രമുഖ സ്ഥാനവും ഉണ്ടായിരുന്നു.

സിദ്ധന്മാരേയും സന്യാസിമാരെയും ആരാധിക്കുന്നതില്‍ ഇരു കൂട്ടരും മതഭേദങ്ങള്‍ തടസ്സമാക്കിയില്ല. ജനകീയമായ ഇസ്ലാമിക വഴികളില്‍ വിശുദ്ധന്മാരെയും സിദ്ധന്മാരെയും ബഹുമാനിക്കുന്നതില്‍ പ്രമുഖ സ്ഥാനമുണ്ട്‌. ജനന, മരണ വാര്‍ഷികങ്ങളില്‍ ഈ വിശുദ്ധ സ്ഥാനങ്ങളില്‍ വലിയ ജനക്കൂട്ടം സാധാരണമാണ്‌. ഗ്രാമപ്രദേശങ്ങളില്‍ മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ സിദ്ധന്മാര്‍ക്ക്‌ ഒട്ടും കുറവല്ലാത്ത അനുയായികളുണ്ടാകും. അവരുടെ ഖന്‍ക്വാകള്‍ (ആശ്രമങ്ങള്‍) ദര്‍ഗകള്‍ എല്ലാം പ്രതീക്ഷയും അഭയവുമാണ്‌. മതഭേദമില്ലാതെ ഇവിടേക്ക്‌ ആഗ്രഹസാഫല്യങ്ങള്‍ക്കായി വിശ്വാസികള്‍ എത്തുന്നു. മതിയായ മഴക്കും, കീടപ്രതിരോധത്തിനും, മികച്ച വിളവിനും, കച്ചവട സമൃദ്ധിക്കും മറ്റും ഇവിടെ ആരാധനക്കായി എത്തുന്നവരുണ്ട്‌.

കേരളത്തിലെ പുരാതന പള്ളികൾ പലതും നിർമ്മിച്ചിരിക്കുന്നത് കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ്. ഗുംബസുകൾക്കും മിനാരങ്ങൾക്കും പകരം പഴയകാല പള്ളികളിൽ ക്ഷേത്രങ്ങളുടേതിന് സമാനമായ ചരിഞ്ഞ മേൽക്കൂരകളും മരപ്പണികളും കാണാം. 

മലയാളം സംസാരിക്കുന്ന മുസ്ലീങ്ങൾ രൂപപ്പെടുത്തിയ അറബി-മലയാളം എന്ന ലിപി കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ സുപ്രധാന അധ്യായമാണ്. അറബി ലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന ഈ രീതിയിലൂടെ മാപ്പിളപ്പാട്ടുകളും വിജ്ഞാനകോശങ്ങളും ജനങ്ങളിലേക്ക് എത്തി.  

സാമൂതിരി രാജാക്കന്മാരുടെ നാവികപ്പടയുടെ തലവന്മാരായിരുന്ന കുഞ്ഞാലി മരയ്ക്കാർമാർ കേരളത്തിലെ മുസ്ലീം ചരിത്രത്തിലെ വീരനായകരാണ്. വിദേശാക്രമണകാരികളായ പോർച്ചുഗീസുകാർക്കെതിരെ മാതൃഭൂമിയെ സംരക്ഷിക്കാൻ അവർ നടത്തിയ പോരാട്ടങ്ങൾ ഹൈന്ദവ-മുസ്ലീം ഐക്യത്തിന്റെ രണവീര്യം വിളിച്ചോതുന്നു. കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാർ സ്മാരകം ഇന്നും ആ പഴയ പോരാട്ടങ്ങളുടെ ഓർമ്മയായി നിലകൊള്ളുന്നു.

മാപ്പിളപ്പാട്ടുകൾ പോലെ തന്നെ മലബാറിലെ തെയ്യങ്ങളുടെ തോറ്റംപാട്ടുകളിലും മുസ്ലീം കഥാപാത്രങ്ങളെ കാണാം (ഉദാഹരണത്തിന് ആലിത്തെയ്യം). ഇത് താഴെത്തട്ടിലുള്ള ജനങ്ങൾക്കിടയിൽ പരസ്പരം നിലനിന്നിരുന്ന ബഹുമാനത്തെയും അംഗീകാരത്തെയും സൂചിപ്പിക്കുന്നു.

ഉദ്‌ഗ്രഥനം : കേരളത്തിന്റെ മുസ്ലീം ചരിത്രം

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍