മുസ്ലീങ്ങളില്‍ വിവാഹവുമായി ബന്ധപ്പെട്ട മതപരമായ ചടങ്ങുകള്‍ ചെറുതും ലളിതവുമാണ്. വിവാഹം ഒരു കരാര്‍ (നിക്കാഹ്) ആണ്. വരനും വധുവിന്റെ പിതാവും തമ്മില്‍ ഒരു ജഡ്‌ജിയുടെയും (ഖ്വാസി) രണ്ടു സാക്ഷികളുടെയും സാന്നിധ്യത്തിലുള്ള ഒന്ന്. നിക്കാഹ് ചടങ്ങ് വധുവിന്റെ വീട്ടിലോ പള്ളിയിലോ ആണ് നടക്കുക.
ഇസ്ലാമില്‍ സ്‌ത്രീധനം നല്‍കുന്നതിന് വിലക്കുണ്ട്. എന്നാല്‍ മലബാറിലെ മാപ്പിളമാര്‍ തലമുറകളായി തന്നെ വരന് പണവും, സ്വര്‍ണ്ണാഭരണങ്ങളും, മറ്റ് സമ്മാനങ്ങളും നല്‍കുന്ന രീതി പാലിക്കുന്നുണ്ട്. അതേ സമയം തന്നെ മതനിയമങ്ങള്‍ വരന്‍, വധുവിന് ഒരു സമ്മാനം (മെഹ്‌ര്‍) നല്‍കണമെന്ന് അനുശാസിക്കുന്നുണ്ട്. ഇത് വിവാഹ കരാറിന്റെ ഭാഗവുമാണ്. മാപ്പിള കല്യാണങ്ങളില്‍ മെഹ്‌ര്‍ പതിവായി ഒരു ചെറിയ അളവ് സ്വര്‍ണ്ണം (3 മുതല്‍ 10 പവന്‍ വരെ) ആകും. വരന്റെയും വധുവിന്റെയും പിതാക്കന്മാരാണ് ഇതു തീരുമാനിക്കുക.
മെഹ്‌ര്‍ സമ്പ്രദായം നിലനില്‍ക്കെ വധുവിന്റെ കുടുംബം വരന് നല്ലൊരു തുക സ്‌ത്രീധനം നല്‍കണം എന്നത് പൊതുവെ അംഗീകരിക്കുന്ന ഒന്നാണ്. സ്‌ത്രീധനമായി ഭൂമിയോ സ്വര്‍ണ്ണമോ ആണ് പഴയകാലത്തെ രീതി. വധുവിന്റെ വീട്ടുകാരുടെ ആഭിജാത്യവും അന്തസ്സും സമ്പത്തും അനുസരിച്ചാകും ഇതിന്റെ അളവ്. എങ്കിലും അതിയായ സ്‌ത്രീധനാഭ്യര്‍ത്ഥനകളും അവകാശ തര്‍ക്കങ്ങളും ഒട്ടേറെ കുടുംബങ്ങളില്‍ വലിയ സാമ്പത്തിക പ്രാരാബ്ധം വരുത്തി വയ്‌ക്കുന്നത് ഒരു കാലത്ത് സാധാരണമായി മാറിയിരുന്നു.
ആദ്യകാലങ്ങളില്‍ ഈ സ്‌ത്രീധന സമ്പ്രദായം വളരെ പ്രമുഖമായിരുന്നു. ബന്ധുക്കളുടെ സാന്നിധ്യത്തില്‍ രണ്ടു കുടുംബങ്ങളിലേയും കാരണവന്മാര്‍ ആണ് സ്‌ത്രീധനത്തുക നിശ്ചയിക്കുക. കാലക്രമേണ സ്‌ത്രീധന സമ്പ്രദായവും, സ്‌ത്രീധനാവകാശവും ക്ഷയിച്ചുവെങ്കിലും ഇന്നും മുസ്ലീം, മാപ്പിള വിവാഹ ചടങ്ങുകളില്‍ സ്‌ത്രീധനത്തിന്റെ പ്രാധാന്യം ഇല്ലാതായിട്ടില്ല. അത് പ്രമുഖ സ്ഥാനത്തു തന്നെ തുടരുന്നുണ്ട്.
മാപ്പിളമാര്‍ക്കിടയില്‍ വിവാഹ ചടങ്ങുകള്‍ വളരെ ആഘോഷവും ഉത്സാഹവും ആനന്ദവും പകരുന്ന ഉത്സവ അവസരമാണ്. പൊതുവെ രാത്രിയിലാകും വിവാഹം നടക്കുക. വരന്റേയും വധുവിന്റെയും വീടുകള്‍ വര്‍ണ്ണ വിളക്കുകളാലും, അലങ്കാര പന്തലുകളാലും മനോഹരമാക്കും. വരനെ പുയ്യാപ്ല അല്ലെങ്കില്‍ പുതുമാപ്പിള എന്നും വധുവിനെ പുതിയ പെണ്ണ്, മണവാട്ടി, പുയ്യോട്ടി എന്നൊക്കെയും വിളിക്കും. നെയ്‌ച്ചോറ്, ബിരിയാണി തുടങ്ങി പാരമ്പര്യമായുള്ള ഭക്ഷ്യവിഭവങ്ങളും, മാപ്പിള പാട്ടുകളും, സംഗീത മത്സരങ്ങളും (വരന്റേയും വധുവിന്റെയും സംഘത്തിലുള്ളവര്‍ തമ്മിലുള്ളത്) കച്ചേരികളും കൊണ്ട് ആഘോഷമയമാകും. ഇരുകൂട്ടരുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഇവയില്‍ സജീവമായി പങ്കാളികളാകും.