തീരപ്രദേശത്തുള്ള മാപ്പിളമാരില്‍ പൊതുവെ മരുമക്കത്തായ സമ്പ്രദായമാണ് പാലിച്ചുവരുന്നത്. പെണ്‍മക്കള്‍ വഴിയാണ് കുടുംബ പാരമ്പര്യം നിലനില്‍ക്കുക. വധു അവളുടെ മാതാപിതാക്കളുടെ വീട്ടില്‍ തന്നെയാകും (തറവാട്) താമസിക്കുക. ഭര്‍ത്താവ് ആ വീട്ടിലെ സന്ദര്‍ശകനോ, സ്ഥിരം താമസക്കാരനോ ആകും. എന്നാല്‍ ഗ്രാമങ്ങളിലെ മാപ്പിളമാര്‍ മക്കത്തായ സമ്പ്രദായമാണ് പാലിക്കുന്നത്. ഭാര്യ ഭര്‍ത്താവിന്റെ വീട്ടിലേക്ക് താമസം മാറ്റും. ഇത്തരം സ്‌ത്രീകള്‍ക്ക് പൊതുവെ സ്വാതന്ത്ര്യം കുറവാകും.
മലബാറിന്റെ തീരമേഖലയില്‍ വരന് വിവാഹശേഷം വധുവിന്റെ വീട്ടില്‍ താമസിക്കുക എന്നത് ഒഴിവാക്കാനാവാത്ത ആചാരമായിരുന്നു. അതിനാല്‍ ഇവര്‍ക്കായി ആ വീട്ടില്‍ ഒരു മുറി പ്രത്യേകമായി നീക്കിവയ്‌ക്കുക പതിവാണ്. ഈ മുറി സമൃദ്ധമായി അലങ്കരിക്കുകയും ചെയ്യും. ഇങ്ങനെ മണിയറ ഒരുക്കുന്നതിനെ 'അറ ചമയ്‌ക്കല്‍' എന്നാണ് പറയുക. വിവാഹ ചടങ്ങുകളില്‍ ഒട്ടും കുറവല്ലാത്ത ചെലവും ഇതിനു വേണ്ടിവരും. മണിയറ ഒരുക്കുന്നതിനുള്ള ഭീമമായ ചെലവു മുഴുവന്‍ വധുവിന്റെ വീട്ടുകാര്‍ വഹിക്കുകയും വേണം.
ആദ്യകാലങ്ങളില്‍ മുസ്ലീം വിവാഹങ്ങളിലെ ഇടനിലക്കാര്‍ മുതിര്‍ന്ന സ്‌ത്രീകളായിരുന്നു. ആണുങ്ങളായ അപരിചിതര്‍ക്ക് (ഇടനിലക്കാര്‍) വധുവിനെ കാണാനാവില്ലല്ലോ. മക്കത്തായ കുടുംബങ്ങളിലെയും മരുമക്കത്തായ കുടുംബങ്ങളിലേയും വിവാഹ ചടങ്ങുകളും ആഘോഷവും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. തീരമേഖലയിലെ വിവാഹങ്ങള്‍ വളരെ വിശദമായതും ആഘോഷ സമൃദ്ധവും ചെലവേറിയതുമാണ്.
പഴയകാലത്ത് വിവാഹചടങ്ങുകള്‍ നിരവധി ദിവസങ്ങള്‍ നീളും. പ്രത്യേകിച്ച് വിവാഹത്തോടുചേര്‍ന്ന ആഘോഷങ്ങള്‍. വിവാഹം നടക്കുന്ന വീട്ടില്‍ വരുന്ന അതിഥികളെ മധുരവും മറ്റു പലഹാരങ്ങളും നല്‍കി സ്വീകരിക്കല്‍ തന്നെ വളരെ വിപുലമായ സംഗതിയാണ്. ഇത്തരം അവസരങ്ങളില്‍ സമുദായാംഗംങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആതിഥ്യമര്യാദയും സമൃദ്ധിയും മുസ്ലീം സമുദായത്തിന്റെ തന്നെ പ്രത്യേകതയാണ്.
വിവാഹനിശ്ചയ ചടങ്ങാണ് വിവാഹാഘോഷങ്ങളില്‍ ആദ്യത്തെ ഔപചാരികമായ അവസരം. വധുവിന്റെയും വരന്റെയും വീടുകളിലെ മുതിര്‍ന്ന അംഗങ്ങളാണ് ഇതില്‍ പങ്കെടുക്കുക. വിവാഹ നിശ്ചയം കഴിഞ്ഞാല്‍ പിന്നെ ബന്ധുക്കളേയും മറ്റും വിവാഹത്തിനായി ക്ഷണിക്കുന്ന ഏര്‍പ്പാട് തുടങ്ങും. ഒരേ കുടുംബത്തില്‍പ്പെട്ട ഏറ്റവും അടുത്ത ബന്ധുക്കളെ ഓരോരുത്തരുടെയും വീട്ടില്‍ പോയി ക്ഷണിക്കുകയാണ് ചെയ്യുക.
പഴയകാലത്ത് അതിഥികള്‍ക്കായി വെറ്റിലമുറുക്കിന് സാധനങ്ങള്‍ ശേഖരിക്കല്‍ തന്നെ വലിയ ചടങ്ങാണ്. വെറ്റിലക്കെട്ട് എന്നാണിതിനു പറയുക. പ്രത്യേകതരം വെറ്റില, മേന്മയേറിയ അടയ്‌ക്ക, മികച്ച പുകയില എന്നിവ വ്യത്യസ്ഥരീതികളില്‍ തയ്യാറാക്കി ഒരുക്കിവയ്‌ക്കും. ഈ സമയത്ത് സംഗീത സദിരുകള്‍ നടക്കും. വലിയ സദ്യയും ഉണ്ടാകും. വധുവിന്റെ വീട്ടില്‍ ഈ സമയത്താവും പുതുവസ്‌ത്രങ്ങള്‍ ധരിപ്പിച്ച് വധുവിനെ അണിയിച്ചൊരുക്കുന്നത്. അത് കുടുംബത്തിലെ സ്‌ത്രീകളുടെ ചുമതലയാണ്. ഇതിനും പ്രത്യേക ചടങ്ങുകള്‍ ഉണ്ട്. മുതിര്‍ന്ന അംഗങ്ങള്‍ തയ്യാറാക്കിയ മൈലാഞ്ചി ഇവര്‍ ചേര്‍ന്ന് ആഘോഷപൂര്‍വ്വം വധുവിന്റെ കൈകളിലും കാല്‍പാദങ്ങളിലും അണിയിക്കും. മൈലാഞ്ചി കല്യാണം എന്നാണ് ഇതിനെ വിളിക്കുക. മൈലാഞ്ചി കല്യാണം വളരെ പ്രാമുഖ്യമുള്ള ഉത്സവാഘോഷം കൂടിയാണ്.