ലോകത്തെ മറ്റു പ്രദേശങ്ങളിലുള്ള മുസ്ലീങ്ങളില്‍ നിന്നു വ്യത്യസ്ഥമായി മലബാറിലെ മാപ്പിളമാര്‍ ഗര്‍ഭാധാനം മുതല്‍ മരണം വരെ ചില പ്രത്യേക ചടങ്ങുകള്‍ പാലിച്ചുവരുന്നു. ഇതു അവരുടെ മാത്രം പ്രത്യേകതയാണ്, ഇസ്ലാമിക പാരമ്പര്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുമ്പോഴും പ്രാദേശിക ആചാരങ്ങളുമായി ഒത്തുചേര്‍ന്നവയാണ് ഈ കീഴ്‌വഴക്കങ്ങള്‍. ഒരു കുടുംബത്തില്‍ സ്‌ത്രീ ഗര്‍ഭവതിയാകുമ്പോള്‍ മുഴുവന്‍ കുടുംബാംഗങ്ങളും ചേര്‍ന്ന് ഇത് ആഘോഷിക്കുന്നു. മധുരം വിതരണം ചെയ്‌ത് പ്രത്യേക പ്രാര്‍ത്ഥനകളോടെ ഈ അവസരത്തെ ശ്രദ്ധേയമാക്കുന്നു. കുട്ടിയുടെ ജനനത്തോടെ, പിഞ്ചുകുഞ്ഞിന്റെ ചെവിയില്‍ ആധാന്‍ (പ്രാര്‍ത്ഥനക്കുള്ള വിളി) ഓതുന്നു. കുടുംബത്തിലെ കാരണവരായ മുത്തച്ഛനാണ് ഇതു ചെയ്യുക. ഇതോടെ ഈ ശിശുവിനെ ഇസ്ലാമിക വിശ്വാസത്തിലേക്ക് ഔപചാരികമായി സ്വാഗതം ചെയ്യുന്നു.
ഗര്‍ഭിണിയായ സ്‌ത്രീയുടെ ആരോഗ്യസുഖസൗകര്യങ്ങള്‍ക്ക് അമ്മയും അമ്മായി അമ്മയും പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. ഗര്‍ഭം ഏഴുമാസം തികയുമ്പോള്‍ സ്‌ത്രീയുടെ കുടുംബം വരന്റെ വീട്ടില്‍ പഴങ്ങള്‍, പുതുവസ്‌ത്രങ്ങള്‍, മറ്റ് സമ്മാനങ്ങള്‍ എന്നിവയുമായി സന്ദര്‍ശിക്കും. പള്ളകാണല്‍ എന്നാണ് ഈ ചടങ്ങിന് പറയുക. എല്ലാ സഹായങ്ങളും അനുഗ്രഹവും സൂചിപ്പിക്കുന്ന ചടങ്ങാണിത്.
ഒരു സ്‌ത്രീയുടെ ആദ്യ പ്രസവം അവരുടെ മാതാപിതാക്കളുടെ കുടുംബത്തിലാകും. അവര്‍ക്ക് കൂടുതല്‍ ശ്രദ്ധയും സ്‌നേഹവും അവിടെയാണെന്നാണ് സങ്കല്‌പം. കുട്ടി ജനിച്ചു കഴിഞ്ഞാല്‍ ഒരു ദൂതന്‍ ഈ വിവരം ഭര്‍ത്താവിന്റെ കുടുംബത്തെ അറിയിക്കും. ഇതോടെ ഭര്‍ത്താവും അദ്ദേഹത്തിന്റെ ബന്ധുക്കളും കുട്ടിയെക്കാണാന്‍ ഭാര്യവീട്ടിലേക്കു തിരിക്കും, അപ്പോഴും ഒട്ടേറെ സമ്മാനങ്ങള്‍ കരുതും.
കുട്ടി ജനിച്ച് ഏഴാം ദിവസം തലമുടി നീക്കം ചെയ്യുന്ന പ്രത്യേക ചടങ്ങുണ്ട്. പൊതുവേ ഈ ചടങ്ങിനൊപ്പം കുറേ കാരുണ്യ പ്രവര്‍ത്തനങ്ങളും ചെയ്യാറുണ്ട്. വടിച്ചുനീക്കിയ മുടിയുടെ അതേ ഭാരം സ്വര്‍ണ്ണംദാനം ചെയ്യുകയോ, ഒത്ത ഒരു കാളയെ ബലിയര്‍പ്പിച്ച് അതിന്റെ ഇറച്ചി ബന്ധുക്കള്‍ക്കും ആവശ്യക്കാര്‍ക്കും വിതരണം ചെയ്യുകയോ പതിവുണ്ട്. മുടികളച്ചില്‍ അഥവാ അക്വികാ (ബലി) എന്നു വിളിക്കുന്ന ഈ ചടങ്ങിന് മതപരവും സാംസ്‌കാരികവുമായ പ്രാധാന്യമുണ്ട്. ഏഴാം ദിവസം തന്നെ ഈ ശിശുവിന് പേരിടും, ഏതെങ്കിലും ഒരു മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ പേരാകും നല്‍കുക. ചില വിഭാഗക്കാര്‍ പേരിടുന്നത് പ്രത്യേക ചടങ്ങായി നടത്തും, അങ്ങനെയെങ്കില്‍ ബന്ധുക്കളെല്ലാം, പുതിയ അതിഥിയേയും അമ്മയേയും കാണാന്‍ കുട്ടിയുടുപ്പ്, പൗഡര്‍, സോപ്പ്, മറ്റ് അത്യാവശ്യ സാധനങ്ങല്‍ എന്നിവയുമായെത്തും.
പ്രസവിച്ച സ്ത്രീയ്ക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാനായി ഒരു സ്ത്രീ, പേറ്റിച്ചി എന്ന് ഇവരെ വിളിക്കും, അല്ലെങ്കില്‍ അതുപോലെ മറ്റൊരു സ്‌ത്രീ അമ്മക്കും കുഞ്ഞിനുമൊപ്പം താമസിക്കും,. ഇരുവരെയും കുളിപ്പിക്കുകയും മറ്റ് സഹായങ്ങല്‍ ചെയ്‌തുകൊടുക്കുകയുമാണ് ഇവരുടെ ജോലി. 40 ദിവസത്തേക്കാകും ഇവരുടെ സേവനം. അത്ര സമ്പന്നരല്ലാത്ത വീടുകളില്‍ അടുത്ത ബന്ധുക്കളായ ഏതെങ്കിലും സ്‌ത്രീക്കായിരിക്കും ഇതിന്റെ ചുമതല. പ്രസവിച്ച സ്‌ത്രീയുടെ അമ്മയോ മുതിര്‍ന്ന സഹോദരിമാരോ ആകും ഇങ്ങനെ നില്‍ക്കുക.
നാല്‌പതാം ദിവസമാണ് പ്രത്യേകമായ മരുന്നുവെള്ളവും മറ്റും ഉപയോഗിച്ചുള്ള ഔഷധകുളി, നാല്‌പതിന്റെ കുളി എന്നിതിനെ വിളിക്കും, നാല്‌പതിന്റെ കുളി കഴിഞ്ഞാല്‍ പുതിയതായി അമ്മയായ സ്‌ത്രീക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം. അറുപതാം ദിവസവും തൊണ്ണൂറാം ദിവസവും ഉള്ള പ്രത്യേക ചടങ്ങുകള്‍ക്കു ശേഷമാകും അമ്മയേയും കുഞ്ഞിനേയും ഭര്‍ത്താവിന്റെ വീട്ടിലേക്കു കൊണ്ടു പോകുക. കേരളീയമായ കീഴ്‌വഴക്കങ്ങളും ചടങ്ങുകളും ഇസ്ലാമിക സമ്പ്രദായങ്ങളും ഏകോപിച്ചുകൊണ്ടുള്ള ഇത്തരം പതിവുകള്‍ മലബാറിലെ മാപ്പിളമാരുടെ പ്രത്യേകതയാണ്. ഇതു അവരുടെ മാത്രം തനിമയും മുഖമുദ്രയും ആണ്. ആധുനികത കടന്നുകയറിയിട്ടുണ്ടെങ്കിലും ഇത്തരം ചടങ്ങുകള്‍ അവരുടെ പ്രിയപ്പെട്ട പൈതൃകത്തിന്റെ ഭാഗമായി തുടരുന്നു.