കേരളത്തില്‍ മലബാര്‍ മേഖലയിലെ മുസ്ലീം സമുദായത്തിന്റെ സാംസ്‌കാരികവും മതപരവും ഭാഷാ പരവുമായ ആഴമേറിയ പൈതൃകത്തിന്റെ നിദര്‍ശനമാണ് അറബി മലയാളത്തില്‍ എഴുതപ്പെട്ട മാപ്പിള സാഹിത്യം. പ്രധാനമായും പാട്ടുവഴികളിലാണ് മാപ്പിള സാഹിത്യത്തിന്റെ ഉദയവും വളര്‍ച്ചയും, മാപ്പിളപ്പാട്ട് എന്ന വലിയൊരു കുടക്കീഴില്‍ വിവിധ ജനുസ്സുകളിലാണ്, വിഭാഗങ്ങളിലാണ് ഇതിനെ പെടുത്താനാകുക. മലപ്പാട്ട് എന്ന ആരാധനാഗീതങ്ങള്‍, പടപ്പാട്ട് എന്ന യുദ്ധ കഥകള്‍, കിസ്സ പാട്ട് എന്ന നാടന്‍ കഥാപാട്ടുകള്‍, മദ് എന്ന കീര്‍ത്തി ഗാനങ്ങള്‍, കെസ്സുപാട്ട് എന്ന പ്രേമഗീതങ്ങള്‍, വിവാഹ അവസരത്തിനുചേര്‍ന്ന കല്യാണ പാട്ടുകള്‍, മര്‍ത്തിയ്യ എന്ന ചരമഗീതങ്ങള്‍ എന്നിങ്ങനെ പ്രധാനമായും ഇവയെ വേര്‍തിരിക്കാം. 1607 ല്‍ പൂര്‍ത്തിയായതെന്നു കരുതുന്ന മുഹിയദ്ദീന്‍ മാല ആണ് ഇത്തരമൊരു സാഹിത്യശാഖയുടെ വാചിക പാരമ്പര്യത്തിന് തുടക്കമിട്ടത്. മുഹിയദ്ദീന്‍ മാല എന്ന ഗ്രന്ഥത്തിന് കുടുംബങ്ങളിലും പള്ളികളിലും ആരാധ്യമായ സ്ഥാനമുണ്ട്.
കാവ്യാത്മകത, ചൊല്ലാനുള്ള ലയം എന്നിങ്ങനെ രൂപത്തിലും ഭാഷയിലും സൗന്ദര്യവും സാമൂഹിക വിഷയങ്ങളില്‍ താല്‌പര്യവും പ്രദര്‍ശിപ്പിച്ച കുഞ്ഞായന്‍ മുസല്യാര്‍, മോയിന്‍ കുട്ടി വൈദ്യര്‍ എന്നീ പ്രമുഖ കവികള്‍ തുടങ്ങിവച്ചതാണ് പ്രൗഢമായ ഈ പാട്ടുപാരമ്പര്യം. 18-ാം നൂറ്റാണ്ടില്‍ അച്ചടി നിലവില്‍ വരികയും പിന്നീട് ശബ്ദലേഖനവും ഗ്രാമഫോണും തുടര്‍ന്ന് സിനിമാ മേഖലയിലേക്കുള്ള ഇതിന്റെ വരവും മാപ്പിളപ്പാട്ടുകളുടെ ശ്രോതാക്കളെ അനുദിനം വര്‍ദ്ധിപ്പിച്ചു. പാട്ടു വഴിയിലുള്ള കഥ പറയലിന്റെ വാച്യപാരമ്പര്യങ്ങളില്‍ നിന്ന് ശബ്ദലേഖനങ്ങള്‍ തത്സമയ ഗാനമേളകള്‍ എന്നിങ്ങനെ വികസിച്ച് ഗസല്‍, ക്വാവാലി എന്നീ ഹിന്ദുസ്ഥാനി സംഗീതധാരകളാല്‍ മാപ്പിളപ്പാട്ടിന് സംപുഷ്ടമായ ഒരു ഭാവി എണ്‍പതു കൊല്ലത്തിനിടയില്‍ ഉറച്ചു. ഇസ്ലാമിക ഗ്രന്ഥങ്ങളുടെ വിവര്‍ത്തനം, ചരിത്രവിവരങ്ങള്‍, ശാസ്‌ത്രഗ്രന്ഥങ്ങള്‍, സാഹിത്യം എന്നിങ്ങനെ അറബി മലയാളം ഗദ്യത്തിനും വളര്‍ച്ചയുണ്ടായി. ഒരു സമുദായത്തിന്റെ തനിമ, ചരിത്രം, ആത്മീയമായ കാതല്‍ എന്നിവ രേഖപ്പെടുത്തുകയും സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഗദ്യ, പദ്യ ശാഖയായി മാപ്പിള സാഹിത്യം ഇന്നും നിലനില്‍ക്കുന്നു.
അറബിക്, പേര്‍ഷ്യന്‍ വാക്കുകള്‍ പ്രാദേശിക സംസാരശൈലിയില്‍ കൂട്ടിച്ചേര്‍ത്ത് മാപ്പിളമാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കാണപ്പെടുന്ന സംസാരരീതിയെ ബിഷായം അഥവാ തൗദാരം എന്നു വിളിക്കുന്നു.
ഉദാഹരണങ്ങള്‍ : ഓന്റെ പേരെന്ത് - അവന്റെ പേരെന്താണ്
ജ് മനിസനാകാന്‍ നോക്ക് - നീ മനുഷ്യനാകാന്‍ നോക്ക്
ഓന്റെ തൗദാരം - അവന്റെ സംസാരം
മുസീബത്തിന്റെ എടങ്ങേറ് - കഷ്ടപ്പാടിന്റെ അങ്ങേയറ്റം
കിയാമത്തിന്റെ അലമത് - അന്ത്യനാളിന്റെ അടയാളം
ഞമ്മളെ ചങ്ങായി - നമ്മുടെ സ്‌നേഹിതന്‍
അവരുടെ പഴഞ്ചൊല്ലുകള്‍ ജീവിത സാഹചര്യങ്ങളും പാരമ്പര്യവും വിളിച്ചു പറയുന്നവയാണ്. എല്ലാ സമുദായങ്ങളിലെതും പോലെ തങ്ങളുടെ മതപരവും സാംസ്‌കാരികവുമായ അന്തരീക്ഷം തന്നെയാണ് മാപ്പിളമാരുടെ പഴഞ്ചൊല്ലുകളിലും പ്രതിഫലിക്കുന്നത്.
ഉദാഹരണങ്ങള്‍ : ബദിരില്‍ ഇബ്‌ലിസ് ഇറങ്ങിയ പോലെ
നെയ്യാട്ട് പോലെ മയ്യത്ത് (Neyyat Pole Mayyath)
ബസറയിലേക്കു കാരക്ക അയക്കണ്ട
അലിഫ് ബാ അറിയാത്തവര്‍ (അലിഫ് ബാ)
പള്ളിയില്‍ ഈച്ച കടന്ന പോലെ
കുന്നു കുലുങ്ങിയാലും കുഞ്ഞാത്തു കുലുങ്ങില്ല
ഹലാക്കിന്റെ അവുലും കഞ്ഞി
കേരളത്തിലെ സാധാരണ ഭാഷയിലേക്കും ഒട്ടേറെ അറബി, പേര്‍ഷ്യന്‍ വാക്കുകള്‍ വന്നു ചേര്‍ന്നിട്ടുണ്ട്. അച്ചാര്‍, കാക്കി, കച്ചറ, ശൈത്താന്‍, ബലാല്‍, മുസീബത്ത്, ഷുജായ്, പറുദീസ, വങ്ക്, സര്‍ബത്, സാഹിബ്ബ്, ബീവി, ബിരിയാണി, കബാബ്, സിര്‍വ, ഉറുമാല്‍ എന്നിവ ഇതില്‍ പെടും.
ഇതു കൂടാതെ മുഗളന്മാരും, സുല്‍ത്താന്‍മാരും, മൈസൂര്‍ ഭരണാധികാരികളും ഏര്‍പ്പെടുത്തിയ സൈനിക, ഭരണ, നീതിന്യായ പദാവലികള്‍ ഇപ്പോഴും അതേപോലെ ഉപയോഗത്തിലുണ്ട്. ജില്ല, താലൂക്ക്, തഹസീല്‍ദാര്‍, സുബേദാര്‍, ഹവില്‍ദാര്‍, യാദാസ്‌ത്, നക്കല്‍, നികുതി, അമീന്‍, ജമേദാര്‍ എന്നീ വാക്കുകള്‍ പേര്‍ഷ്യനില്‍ നിന്നു വന്നവയാണ്.