അറബി മലയാളം സാഹിത്യത്തെ പ്രധാനമായും രണ്ടു വിഭാഗങ്ങളായി തിരിക്കാം.ഗദ്യവും പദ്യവും.ഇതില്‍ പദ്യശാഖയാണ്‌ പ്രമുഖ സ്ഥാനത്തുള്ളത്‌.മാപ്പിളപ്പാട്ട്‌ എന്നറിയപ്പെടുന്ന മാപ്പിള കവിത, അല്ലെങ്കില്‍ പാട്ടുകള്‍ ഒട്ടേറെ ഉപവിഭാഗങ്ങളായി തിരിക്കാം, പ്രമേയം ആണ്‌ ഈ വേര്‍തിരിവിന്‌ അടിസ്ഥാനം.

മലപ്പാട്ട്‌ (ജീവചരിത്രപരമോ, ആരാധന സ്വഭാവമോ ഉള്ളത്‌)
പടപ്പാട്ട്‌ (യുദ്ധചരിതങ്ങള്‍)
കിസ്സപാട്ട്‌ (വായ്‌മൊഴി കഥാരൂപങ്ങള്‍)
മദ്‌ (കീര്‍ത്തി ഗീതങ്ങള്‍)
കെസ്സുപാട്ട്‌ (പ്രേമഗീതങ്ങള്‍)
കല്യാണപാട്ട്‌ (വിവാഹത്തോടനുബന്ധിച്ച്‌ പാടുന്നവ)
മര്‍ത്തിയ്യ (ചരമ ഗീതങ്ങള്‍)
തഡിഉരുഡിപ്പാട്ട്‌ (ഉപദേശ, മാര്‍ഗനിര്‍ദ്ദേശ ഗീതങ്ങള്‍)
കത്തുപ്പാട്ട്‌ (എഴുത്തിന്റെ രൂപത്തിലുള്ളവ)
നേര്‍ച്ചപ്പാട്ട്‌ (വിശുദ്ധരും, മതചടങ്ങുകളുമായും ബന്ധപ്പെട്ടവ)
മൈലാഞ്ചിപ്പാട്ട്‌ (കല്യാണത്തലേന്നുള്ള മൈലാഞ്ചിയിടലില്‍ പാടുന്നത്‌)

സഹിത്യപരമായ ഗുണവും, വളരെ പ്രചാരവുമുള്ള ഉപവിഭാഗങ്ങളാണിവയെല്ലാം, പ്രത്യേകിച്ചും മലബാറിലെ മാപ്പിളമാര്‍ക്കിടയില്‍.

മലപ്പാട്ട്‌ : വിശുദ്ധര്‍, പണ്ഡിതര്‍, ദൈവത്തില്‍ എല്ലാം സമര്‍പ്പിച്ച ഭക്തര്‍ എന്നിവരുടെ ജീവിതത്തില്‍ ഉണ്ടായ പ്രധാനപ്പെട്ട സംഭവങ്ങള്‍ വിവരിക്കുന്ന പ്രാര്‍ത്ഥനാ പാട്ട്‌ അഥവാ കീര്‍ത്തനങ്ങളാണ്‌ മലപ്പാട്ട്‌.ഈ മഹാത്മാക്കളുടെ സംഭാവനകളില്‍ ആദരമര്‍പ്പിക്കുന്നവയാണിവയെല്ലാം.ഈ ശാഖയിലെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ്‌ മുഹീയദ്ദീന്‍മാല.അറബി മലയാള സാഹിത്യത്തില്‍ ഏറ്റവും പഴയ കൃതിയായി ഇതിനെ പരിഗണിക്കുന്നു.

മുഹിയദ്ദീന്‍ മാലയേക്കാള്‍ പഴക്കമുള്ള ഒരു കൃതിയും അറബി മലയാളത്തില്‍ കണ്ടെത്താനായിട്ടില്ല.എന്നാല്‍ ഇതിലെ ഭാഷ തമിഴിന്റെ ഒരു വകഭേദമാണെന്നും ഇതിനെ ആദ്യത്തെ യഥാര്‍ത്ഥ അറബി മലയാളം കൃതിയായി കണക്കാക്കാനാവില്ലെന്നും ചിലര്‍ വാദിക്കുന്നു.1607 ല്‍ കോഴിക്കോട്ട്‌ ഖ്വാസി മുഹമ്മദ്‌ ആണ്‌ ഇതിന്റെ രചയിതാവ്‌.തമിഴ്‌ നാട്ടില്‍ പോയി പഠിച്ചു വന്ന പണ്ഡിതനാണ്‌.വൈകുന്നേരത്തെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം മുസ്ലീം വനിതകള്‍ കൂട്ടമായിരുന്ന്‌ മുഹിയദ്ദീന്‍ മാലയിലെ ഭാഗങ്ങള്‍ ചൊല്ലും.ഈ കൃതിയോടുള്ള അഗാധമായ ആദരവും ഭക്തിയും അച്ചടി നടപ്പാവും മുമ്പ്‌ വാചികരൂപത്തില്‍ സംരക്ഷിക്കുന്നതിനിടയാക്കി.

പടപ്പാട്ടുകള്‍ (യുദ്ധഗീതങ്ങള്‍) : ഇസ്ലാം സമൂഹത്തിന്റെ പൂര്‍വ്വകാല യുദ്ധകഥകള്‍ വര്‍ണ്ണിക്കുന്ന ധീരഗാഥകളാണ്‌ പടപ്പാട്ടുകള്‍.ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണാധികാരികള്‍ക്കെതിരെയും ജന്മിത്വത്തിനെതിരെയുമുള്ള പ്രചോദത്തിലും കലാപത്തിലും മാപ്പിളമാര്‍ക്കു ആവേശം പകര്‍ന്നു നല്‍കിയവയാണ്‌ ഇവ.ബദിര്‍, ഉഹുദ്‌, ഖണ്ഡാക്‌, ഇനൈല്‍ എന്നീ ഇടങ്ങളില്‍ ഇസ്ലാമിന്റെ സംരക്ഷണത്തിനായി പ്രവാചകനായ മുഹമ്മദും അനുയായികളും ഏര്‍പ്പെട്ട പോരാട്ടങ്ങളുടെ വിവരണങ്ങളാണ്‌ ഈ പടപ്പാട്ടുകളുടെ പ്രമേയം.ചേറ്റൂര്‍ പടപ്പാട്ട്‌, തൃക്കാളൂര്‍ പടപ്പാട്ട്‌, മണ്ണാര്‍ക്കാട്‌ പടപ്പാട്ട്‌, ഓമറ നേര്‍ച്ചപ്പാട്ട്‌, മലപ്പുറം പടപ്പാട്ട്‌ എന്നിവ പ്രാദേശിക പോരാട്ടങ്ങളുടെ കഥ പറയുന്നു.കലാപത്തിനു കാരണമാകുമെന്ന്‌ ചൂണ്ടിക്കാട്ടി ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇവ ചൊല്ലുന്നത്‌ വിലക്കിയിരുന്നു.

കിസ്സപാട്ടുകള്‍ : ചരിത്രസംഭവങ്ങളോടു കല്‌പിത കഥകള്‍ ചേര്‍ത്ത്‌ പ്രവാചകന്മാരുടെയും മഹാന്മാരുടെയും കഥകള്‍ വിവരിക്കുന്നവയാണ്‌ കിസ്സ പാട്ട്‌.കത്തു പാട്ടുകള്‍, കത്തിന്റെ രൂപത്തിലുള്ള വിരഹ ഗാനങ്ങള്‍.പ്രേമഗാനങ്ങള്‍, കാമാഭ്യര്‍ത്ഥന നിറഞ്ഞവ എന്നിങ്ങനെയുള്ളവ ഈ വിഭാഗത്തില്‍ പെടും.മൈലാഞ്ചി പാട്ടുകള്‍ (ഹെന്നഗീതങ്ങള്‍) കല്യാണസമയത്തു പാടുന്നവയാണ്‌.യഥാര്‍ത്ഥത്തില്‍ നടന്നതും ഭാവനാ ലോകത്തുള്ളവയും വിവരിക്കുന്നവയാകും ഇവ.മദ്‌ പാട്ടുകള്‍ മഹാന്മാരുടെ വീരകഥകള്‍ വിവരിച്ച്‌ പ്രകീര്‍ത്തിക്കുന്നവയും കെസ്സു പാട്ടുകള്‍ പ്രേമഗാനങ്ങളും അത്തരം പ്രമേയങ്ങളും ഉള്ളവയുമാണ്‌.






















മാപ്പിള ഭാഷയും സാഹിത്യവും

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍