അറബി മലയാളം : പുസ്‌തക അച്ചടി


തലശ്ശേരിക്കാരനായ തീപ്പുതില്‍ കുഞ്ഞഹമ്മദ്‌ ആണ്‌ അറബി മലയാളം അച്ചടിക്കുന്നതിന്‌ ആദ്യമായി അച്ചടിശാല സ്ഥാപിച്ചത്‌.ബാസല്‍ മിഷനില്‍ നിന്നാണ്‌ അച്ചടിവിദ്യയുടെ പാഠങ്ങള്‍ അദ്ദേഹം പഠിച്ചത്‌.മാപ്പിള മുസ്ലീം സമുദായത്തിന്റെ ഉന്നതിയില്‍ ഒരു നിര്‍ണ്ണായക നിമിഷം ആണ്‌ ഈ അച്ചടിശാലയുടെ സ്ഥാപനം.അവരുടെ വാചികമായി കൈമാറിവന്ന സാഹിത്യ പാരമ്പര്യങ്ങള്‍ ഭാവിതലമുറക്കായി അച്ചടി രൂപത്തില്‍ പുസ്‌തകമായി ലഭ്യമാകുന്നതിന്‌ ഇത്‌ ഇടയാക്കി.

ഇതോടെ അറബി മലയാളം പുസ്‌തകങ്ങളും മതഗ്രന്ഥങ്ങളും സാമുദായിക പരിമിതികടന്ന്‌ എല്ലാത്തരം ജനവിഭാഗങ്ങള്‍ക്കും ലഭ്യമാവുകയും ചെയ്‌തു.മാപ്പിളപാട്ട്‌, ചരിത്രകൃതികള്‍, മതഗ്രന്ഥങ്ങള്‍, മറ്റ്‌ കഥകള്‍ എല്ലാം അച്ചടിച്ച്‌ വിതരണം ചെയ്യുന്നതിലൂടെ ഗ്രാമീണരുടെ ഇടയിലും വളരെ അപ്രാപ്യമായ പ്രദേശങ്ങളിലും ഇവ എത്തിക്കാനും കഴിഞ്ഞു.

മാപ്പിള പാട്ടുകളുടെ സമാഹാരം, ദീര്‍ഘ ചതുരാകൃതിയില്‍ പുസ്‌തകങ്ങളാക്കി പ്രചരിച്ചതോടെ സബീന പാട്ടുകള്‍ എന്ന പേരില്‍ പ്രസിദ്ധങ്ങളായി.ഇവയെല്ലാം മലബാറി ശൈലിയിലുള്ള അറബി ലിപിയിലാണ്‌ അച്ചടിച്ചത്‌.പഴയ അറബി തമിഴ്‌ ശൈലിയെയും ഇവ പിന്തുടര്‍ന്നു.വള്ളം എന്ന അര്‍ത്ഥം വരുന്ന സഫീന എന്ന വാക്കില്‍ നിന്നാണ്‌ സബീന എന്ന വാക്കിന്റെ ഉദ്‌ഭവം.കപ്പല്‍ യാത്രയിലും മറ്റ്‌ ബോട്ട്‌ യാത്രകളിലും നാവികര്‍ ഇതു പാടിക്കൊണ്ടിരുന്നു.യാത്രക്കാരും ഇതില്‍ താല്‌പര്യമെടുത്തു.കല്യാണചടങ്ങുകളില്‍ മാപ്പിള പാട്ടുകള്‍ പാടുന്നത്‌ പലപ്പോഴും മത്സര സംഗീത വിരുന്നുകളായി മാറി.ആണ്‍-പെണ്‍ ഗായകര്‍ ലിംഗഭേദമില്ലാതെ ഇതില്‍ പങ്കെടുത്തു.കവിത തുളുമ്പുന്ന പാട്ടുകളിലൂടെ ആവേശപൂര്‍വ്വം ഇവര്‍ ഒന്നിനു പിന്നാലെ ഒന്നായി പാടി.ആദ്യകാലത്ത്‌ കമുകു പാളകളില്‍ തീര്‍ത്ത വിശറികള്‍ വീശി, കോളാമ്പികളില്‍ താളം പിടിച്ച്‌ കൈകള്‍കൊട്ടി പാടിയാടി കല്യാണരാവുകളെ സുന്ദരമാക്കി.

1960 കളോടെ മാപ്പിളപാട്ടുകള്‍ ഗ്രാമഫോണ്‍ റെക്കാഡുകളില്‍ ലഭ്യമാകാന്‍ തുടങ്ങി.ഇതോടെ ഇവയുടെ പ്രചരണത്തില്‍ മറ്റൊരു കടമ്പയും കടന്നു, അവയുടെ സ്വാധീനവും വര്‍ദ്ധിച്ചു.കുറ്റിപ്പലം മുഹമ്മദുകുട്ടി, ഗുല്‍ മുഹമ്മദ്‌, എസ്‌.എം.കോയ, കോഴിക്കോട്‌ അബൂബക്കര്‍, കെ.ജി.സത്താര്‍ എന്നിവര്‍ പ്രമുഖ മാപ്പിളപാട്ടു ഗായകരായി പ്രശസ്‌തിനേടി.





മാപ്പിള ഭാഷയും സാഹിത്യവും

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍