കുത്തുരതിബ്‌


കുത്തുക എന്ന മലയാളം വാക്കും രതിബ്‌ (ആവര്‍ത്തിച്ചുള്ള പ്രകീര്‍ത്തനങ്ങള്‍) എന്ന അറബി വാക്കും ചേര്‍ന്നതാണ്‌ കുത്തുരതിബ്‌ എന്ന പ്രയോഗം. അറബിയിലുള്ള പ്രാര്‍ത്ഥനകളും ദൈവത്തോടുള്ള അഭ്യര്‍ത്ഥനകളും കീര്‍ത്തനങ്ങളും ഉറക്കെ ചൊല്ലുന്നതിനിടയില്‍ സ്വന്തം ശരീരത്തില്‍ കുത്തിയോ, തുളച്ചോ പീഡിപ്പിക്കുന്നതാണ്‌ കുത്തുരതീബ്‌. സൂഫി വിശുദ്ധനായ ഷെയ്‌ഖ്‌ അഹമ്മദ്‌റിഫായ്‌യുടെ അനുഗ്രഹാശിസ്സുകളോടെയാണ്‌ ഇതു നടത്തുന്നതെന്നാണ്‌ വിശ്വാസം. അദ്‌ഭുതങ്ങള്‍ പ്രതീക്ഷിച്ചാണ്‌ ഈ ദൈവാര്‍ച്ചന.

രാത്രി പ്രാര്‍ത്ഥനകള്‍ക്കു ശേഷം പാരമ്പര്യ എണ്ണവിളക്കിന്റെ പ്രകാശത്തിലാണ്‌ കുത്തുരതിബ്‌ അരങ്ങേറുക. ഇതിനായി ഒരുമിച്ചു ചേരുന്നവര്‍ക്കു നടുവില്‍ ഉസ്‌താദായ ആശാന്‍ നില്‍ക്കും. പ്രവാചകനായ മൊഹമ്മദിനെയും, മറ്റ്‌ സൂഫിവിശുദ്ധരേയും പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ ഉറക്കെ ചൊല്ലും. ഷെയ്‌ഖ്‌ റിഫായ്‌യെ പ്രത്യേകം ഓര്‍മ്മിക്കും. ആദ്യം ശിഷ്യര്‍ ഉസ്‌താദിനു മുന്നില്‍ മുട്ടുകുത്തി നിന്ന്‌ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ വാങ്ങി പ്രവാചകനായ മുഹമ്മദിന്റെ പ്രകീര്‍ത്തനങ്ങള്‍ (സലാത്‌) ഉറക്കെ ചൊല്ലും. തുടര്‍ന്ന്‌ ഖുറാനിലെ ആദ്യ അദ്ധ്യായമായ ഫാത്തിഹ പാരായണമാണ്‌. ഒപ്പം സൂഫിവിശുദ്ധരുടെ പേരുകള്‍ ചൊല്ലി അവരുടെ അനുഗ്രഹവും ഇടപെടലും അഭ്യര്‍ത്ഥിക്കും.

താളാത്മകമായ അറബനമുട്ടോടെ ഈ ചടങ്ങ്‌ പുരോഗമിക്കും. ഒപ്പം സഫീനയില്‍ നിന്നുള്ള പ്രവാചകസ്‌തുതികള്‍ ഉറക്കെ ആലപിക്കും. ഓരോ ഗീതങ്ങള്‍ക്കിടയിലും ഷെയ്‌ഖ്‌ റിഫയ്‌യോട്‌, അദ്ദേഹത്തിന്റെ പേരുചൊല്ലി വിളിച്ച്‌ പ്രത്യേക അഭ്യര്‍ത്ഥനകളും പ്രാര്‍ത്ഥനകളും ഉണ്ടാകും. യാഷെയ്‌ഖ്‌ റിഫായ്‌, യാഷെയ്‌ഖ്‌ റിഫായ്‌ വിളികള്‍ ഇടയ്‌ക്കിടെ ഉയരും. അറബന താളം മുറുകി കുത്തുരതീബ്‌ തീവ്രഗതിയിലേക്കു കടക്കുമ്പോള്‍ കേള്‍വിക്കാരും കാഴ്‌ചക്കാരും ഉള്‍പ്പെടെ എല്ലാവരും ഭക്ത്യോന്മാദത്തില്‍ എത്തും. അത്യുന്നതമായ ആത്മീയ ഉണര്‍വ്വ്‌ എന്നും ഇതിനെ വിശേഷിപ്പിക്കാം.

ഇങ്ങനെ കീര്‍ത്തന പാരായണത്തിന്റെ കൊടുമുടിയില്‍ ശിഷ്യന്മാരില്‍ ഒരാള്‍ ആവേശം മൂത്ത്‌ ഉസ്‌താദിന്‌ മുന്നിലേക്കുവന്ന്‌ മുട്ടുകുത്തുന്നു. ഉസ്‌താദിന്റെ ആയുധം അയാള്‍ക്ക്‌ കൈമാറും. ശിഷ്യന്‍ ആ ആയുധം കൈപ്പറ്റി ചാടി എഴുന്നേറ്റ്‌ ഇരുന്നും തുള്ളിച്ചാടിയും 'യാഷെയ്‌ഖ്‌' എന്നുറക്കെ വിളിച്ച്‌ സ്വന്തം വയറില്‍ പരിക്കേല്‍പ്പിക്കുന്നു. ഇതിനുപിന്നാലെ തൊണ്ട, നാവ്‌, ചെവി എന്നിവിടങ്ങളില്‍ ത്രിശൂലം കുത്തികയറ്റുന്നതും പതിവാണ്‌. ഭക്ത്യോന്മാദത്തില്‍ അയാളുടെ ശരീരം മുഴുവന്‍ കത്തിയുടെയും വാളിന്റെയും മുറിവുകളാല്‍ കീറിമുറിക്കപ്പെടുന്നു.

സൂഫി പാരമ്പര്യങ്ങളില്‍ അതിഷ്‌ഠിധമായ, പ്രാകൃതമായ ആത്മീയാചാരം ആണ്‌ കുത്തുരതിബ്‌. ഒരാളുടെ ഭൗതികമായ സഹനശേഷിയുടെ നിദര്‍ശനം മാത്രമല്ല ഇത്‌. ഭക്തി, ആരാധന, വിശ്വാസം, ഉന്മാദാവസ്ഥയില്‍ വേദനയുടെ വിസ്‌മൃതി, ദൈവിക വിശ്വാസം എന്നിവയുടെ പ്രതീകമാണ്‌ ഈ പുരാതന മുസ്ലീം ആചാരം.

അനുഷ്‌ഠാന കലകള്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍