ഒരു പാട്ടുകാരനും കഥപറച്ചിലില്‍ വൈദഗ്‌ധ്യമുള്ള ഒരു പണ്ഡിതനും ചേര്‍ന്ന് കേള്‍വിക്കാരെ രസിപ്പിച്ചുകൊണ്ട് ഖുറാനിലെ സന്ദേശം അറിയിക്കുന്നതാണ് പടിപ്പറയല്‍ അല്ലെങ്കില്‍ പാടിപ്പറച്ചില്‍ എന്ന ഇസ്ലാമിക പാരമ്പര്യ കലാരൂപം. കഥാപ്രസംഗത്തിന്റെ മറ്റൊരു രൂപം. പള്ളിമുറ്റത്തു തുറന്ന സ്ഥലത്ത് രാത്രിയിലാകും ഇതു സാധാരണ നടക്കുക. കിസ്സപാട്ടുകള്‍ എന്ന വിവരണാത്മക പാട്ടുകള്‍ ഒരാള്‍ ചൊല്ലും, ഒപ്പമുള്ള പ്രഭാഷകന്‍ ആ കഥയുടെ വ്യാഖ്യാനവും പ്രസക്തിയും മതപരമായ പ്രാധാന്യവും വിശദീകരിക്കും.
ഖുറാനിലും പ്രഭാഷണകലയിലും കിസ്സപാട്ടുകളിലും അഗാധമായ അറിവ് ഉള്ളവര്‍ക്കേ സമര്‍ത്ഥമായി ഇതവതരിപ്പിക്കാനാകൂ. ഒരൊറ്റ കിസ്സപാട്ട് പ്രകടനം പത്തു ദിവസത്തോളം നീളും. മോയിന്‍കുട്ടി വൈദ്യരുടെ രചനകളില്‍ നിന്നാണ് ഇതിനുവേണ്ട പാട്ടുകളില്‍ കൂടുതലും ഉപയോഗിക്കുക. പടപ്പാട്ടുകള്‍ ഈണബന്ധമായി രചിച്ചത് ഇദ്ദേഹമാണ്.