നെയ്‌ച്ചോറ്


നെയ്‌ച്ചോറ്

മലബാറിന്റെ തനതായ സദ്യകളിലും ആഘോഷങ്ങളിലും ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് നെയ്യ്ച്ചോറ്. ലളിതമായ ചേരുവകൾ കൊണ്ട് ഉണ്ടാക്കാമെങ്കിലും ഇതിന്റെ മണവും രുചിയും വളരെ സവിശേഷമാണ്.

നെയ്യ്, സവാള, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ചേര്‍ത്ത് വേവിച്ച ചോറില്‍ വറുത്ത കശുവണ്ടിയും, ഉണക്കമുന്തിരിയും വിതറിയതാണ് മലബാര്‍ നെയ്‌ച്ചോറ്. നല്ല സ്വാദുള്ള ഈ ഭക്ഷണത്തിന് രൂക്ഷമായ രുചിയോ, ഗന്ധമോ ഇല്ല. കോഴിക്കറിയോ, മാട്ടിറച്ചി കറിയോ അല്ലെങ്കില്‍ എരിവുള്ള മസാലക്കറികളോ ചേര്‍ത്ത് ഇതു കഴിക്കുന്നു.

നെയ്യ്ച്ചോറിന്റെ യഥാർത്ഥ രുചി ലഭിക്കുന്നത് ജീരകശാല അല്ലെങ്കിൽ കൈമ അരി ഉപയോഗിക്കുമ്പോഴാണ്. ബിരിയാണിക്ക് ഉപയോഗിക്കുന്ന ബസുമതി അരിയെക്കാൾ ചെറിയതും സുഗന്ധമുള്ളതുമായ ഈ അരിയാണ് നെയ്യ്ച്ചോറിന് അനുയോജ്യം.

ശുദ്ധമായ പശുവിൻ നെയ്യ് ചോറിന് നല്ല തിളക്കവും സ്വാദും നൽകുന്നു. മസാല ക്കൂട്ടായി കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ നെയ്യിൽ വഴറ്റിയാണ് അരി ചേർക്കുന്നത്. നെയ്യിൽ വറുത്തെടുത്ത സവാള (ബിസ്ത), അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ചോറിന് മുകളിൽ വിതറുന്നത് വിളമ്പുമ്പോൾ ഭംഗി കൂട്ടാനാണ്. അരി വേവിക്കുന്നതിന് മുൻപ് നെയ്യിൽ ഇട്ട് അല്പനേരം വറുത്തെടുക്കുന്നതാണ് നെയ്ചോഞ ഉണ്ടാക്കുന്നതിൻ്റെ ഒരു രഹസ്യം. ഇത് ചോറ് ഒട്ടിപ്പിടിക്കാതെ ഓരോ മണിയും വേറിട്ടുനിൽക്കാൻ സഹായിക്കുന്നു. അരിയുടെ അളവിന്റെ ഇരട്ടി വെള്ളം എന്ന കൃത്യമായ അനുപാതത്തിലാണ് ഇത് വേവിച്ചെടുക്കുന്നത്.

നെയ്യ്ച്ചോറിനൊപ്പം ഏറ്റവും മികച്ച കറി നാടൻ ചിക്കൻ കറിയോ അല്ലെങ്കിൽ ബീഫ് കറിയോ ആണ്. സസ്യാഹാരം കഴിക്കുന്നവർക്ക് വെജിറ്റബിൾ കുർമ്മയോ പരിപ്പ് കറിയോ ഒപ്പം ഉപയോഗിക്കാം. മലബാർ ഭാഗങ്ങളിൽ ഇതിനൊപ്പം 'പപ്പടം' നിർബന്ധമാണ്.

പലരും നെയ്യ്ച്ചോറിനെ 'വെള്ള ബിരിയാണി' എന്ന് വിളിക്കാറുണ്ടെങ്കിലും ബിരിയാണിയിലുള്ള പോലെ മസാലകൾ ലെയർ ചെയ്ത് ദം ചെയ്യുന്ന രീതി ഇതിനില്ല. ഇത് വളരെ ലളിതമായ, എന്നാൽ പോഷകസമൃദ്ധമായ ഒരു ചോറ് വിഭവമാണ്.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍