മിഷ്‌കാല്‍ മസ്‌ജിദ്‌


കോഴിക്കോടിന്റെ പ്രാന്തപ്രദേശമായ കുറ്റിച്ചിറയില്‍ സാംസ്‌കാരിക സമന്വയത്തിന്റെ പ്രതീകവും വാസ്‌തുശില്‌പ അദ്‌ഭുതവുമായി നില്‍ക്കുന്ന പള്ളിയാണ്‌ മിഷ്‌കാല്‍ മസ്‌ജിദ്‌. അറബ്‌ വണിക്കായ നക്‌ഖുദ മിഷ്‌കാല്‍, പാലിച്ചു വരുന്ന ഇസ്ലാമിക പള്ളി വാസ്‌തു മാതൃകകളില്‍ നിന്ന്‌ തീര്‍ത്തും വ്യത്യസ്ഥമായി 650 വര്‍ഷം മുമ്പ്‌ ക്ഷേത്ര ശൈലിയിലുള്ള വാസ്‌തു മാതൃകകളും ഇസ്ലാമിക ശൈലിയും സംയോജിപ്പിച്ച്‌ നിര്‍മ്മിച്ചതാണ്‌ ഈ പള്ളി. പള്ളിഗോപുരങ്ങളോ കുംഭാകൃതിയുള്ള താഴികകുടങ്ങളോ ഇല്ലാതെ കേരളത്തിന്റെ തനിമയാര്‍ന്ന കരവിരുതിന്റെ നിദര്‍ശനമായാണ്‌ ഈ പള്ളി പണിതീര്‍ത്തത്‌. കടഞ്ഞെടുത്ത മരംകൊണ്ടുള്ള തൂണുകള്‍, മിഹ്‌റാബ്‌ ശൈലിയിലുള്ള വാതിലുകള്‍, മനോഹരമായി കൊത്തുപണി ചെയ്‌ത പ്രഭാഷണ വേദിയായ മാംബറും ഈ നിര്‍മ്മിതിയുടെ പ്രത്യേകതകളാണ്‌.

ഇറ്റാലിയന്‍ മാര്‍ബിള്‍ വിരിച്ച പള്ളിയുടെ പ്രവേശന വഴിയിലൂടെ കടക്കുന്നത്‌ 300 പേര്‍ക്കോളം ഇരിക്കാനാകുന്ന വലിയ പ്രാര്‍ത്ഥനാ തളത്തിലേക്കാണ്‌. 16-ാം നൂറ്റാണ്ടില്‍ പോര്‍ത്തുഗീസാക്രമണത്തില്‍ പള്ളിക്ക്‌ കേടുപറ്റിയിരുന്നു. തുടര്‍ന്ന്‌ പഴയമട്ടില്‍ തന്നെ അത്‌ പുതുക്കിയെടുത്തു. ജമാ പള്ളി, മുച്ചുണ്ടി പള്ളി എന്നിവ സ്ഥിതിചെയ്യുന്ന നഗരത്തിന്റെ പുരാതന ഭാഗത്തുതന്നെയാണ്‌ മിഷ്‌കാല്‍ മസ്‌ജിദിന്റെയും സ്ഥാനം. ജമാ പള്ളി വൃത്താകൃതിയിലുള്ള നിര്‍മ്മിതിയാല്‍ ശ്രദ്ധേയമാണ്‌. മിഷ്‌കാല്‍ മസ്‌ജിദിലേക്കുള്ള ഒരു സന്ദര്‍ശനം ആത്മീയാനുഭവം മാത്രമല്ല സമ്മിശ്ര സംസ്‌കാരങ്ങളുടെയും പരസ്‌പര സഹകരണത്തിന്റെയും മൂര്‍ത്ത മാതൃകയിലേക്കുള്ള ഇറങ്ങിച്ചെല്ലലും കൂടിയാണ്‌.

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍