ദിനേഷ്‌ ഖന്ന

എം.ഡി,

താജ്‌ ബേക്കല്‍ റിസോര്‍ട്‌സ്‌ & സ്‌പാ


രാജ്യത്തെ വലിയ ഹോട്ടല്‍ ശൃംഖലയായ താജ്‌ ബേക്കല്‍ റിസോര്‍ട്‌സ്‌ & സ്‌പാ ബേക്കലില്‍ നാലാമത്തെ റിസോര്‍ട്ട്‌ തുറന്നു എന്നത്‌ അത്ഭുതകരമാണ്‌. താജ്‌ വിവാന്റ ആണ്‌ ബേക്കലില്‍ ആരംഭിച്ചിട്ടുളളത്‌. വിസ്‌തൃതമായ 26 ഏക്കര്‍ ഭൂമിയില്‍ പ്രകൃതിഭംഗിയ്‌ക്കിണങ്ങുന്ന മനോഹരമായ നിര്‍മ്മിതിയില്‍ താജ്‌ ഒരുക്കിയിരിക്കുന്നത്‌ സമാനതകളില്ലാത്ത സൗകര്യങ്ങളാണ്‌.

മലബാറിന്റെ ഭാഗമായ ബേക്കല്‍ യുനെസ്‌കോ അംഗീകരിച്ച പൈതൃകകേന്ദ്രങ്ങളില്‍ ഒന്നാണ്‌. വടക്കേ മലബാറിലെ വേണ്ടത്ര വികസിച്ചിട്ടില്ലാത്ത സ്ഥലമായ ബേക്കലില്‍ കേരള സര്‍ക്കാര്‍ പ്രത്യേക താത്‌പര്യമെടുക്കുന്നു എന്നത്‌ ആഹ്ലാദകരമായ കാര്യമാണ്‌. മനോഹര പ്രകൃതിയും ചരിത്രപരമായ സവിശേഷതകളും വിവിധ മതങ്ങളുടെ സംഗമസ്ഥാനവും എല്ലാം ചേരുന്ന ബേക്കല്‍ സഞ്ചാരികള്‍ക്ക്‌ പ്രിയപ്പെട്ടതാവാന്‍ വലിയ താമസമുണ്ടാകില്ല. മംഗലാപുരം വിമാനത്താവളം അടുത്തായതും ബേക്കലില്‍ റിസോര്‍ട്ട്‌ തുടങ്ങാന്‍ പ്രേരിപ്പിച്ച മറ്റൊരു കാരണമാണ്‌. ഇപ്പോള്‍ ബേക്കലില്‍ ധാരാളം ആഡംബര ഹോട്ടലുകളുണ്ട്‌. എങ്കിലും താജിനു സമം താജ്‌ മാത്രമാണ്‌". താജ്‌ ബേക്കല്‍ റിസോര്‍ട്‌സ്‌ & സ്‌പാ എംഡി ആയ ദിനേഷ്‌ ഖന്ന പറയുന്നു.

2008-09 ലാണ്‌ റിസോര്‍ട്ടിന്റെ നിര്‍മ്മാണം ആരംഭിച്ചത്‌. 2012ല്‍ പൂര്‍ത്തിയായി. പെര്‍ത്തിലും ബാലിയിലുമുളള ഗ്രൗണ്ട്‌ കെന്റ്‌ ആര്‍ക്കിടെക്‌റ്റ്‌സ്‌ ആണ്‌ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്‌തത്‌. ബാലിയില്‍ നിന്നുളള അവാര്‍ഡ്‌ ജേതാക്കളായ ഡിസൈനര്‍മാരാണ്‌ ഉദ്യാനവും മറ്റും തയ്യാറാക്കിയത്‌. താജില്‍ നല്‍കുന്ന സ്‌പാ സേവനങ്ങള്‍ യഥാര്‍ത്ഥ ആയുര്‍വേദ ചികിത്സയെ ആധാരമാക്കിയുളളതാണ്‌. ഇന്ത്യയിലെ ഏറ്റവും മികച്ച സ്‌പാ ട്രീറ്റ്‌മെന്റ്‌ കേന്ദ്രത്തിനുളള ബഹുമതിയും ഇതിനു ലഭിച്ചിട്ടുണ്ട്‌. സ്വകാര്യ പൂളുകളുളള മുപ്പതോളം വില്ലകള്‍ ഇവിടെയുണ്ട്‌. അതിഥികളില്‍ നിന്ന്‌ മികച്ച പ്രതികരണമാണ്‌ ഇവയ്‌ക്ക്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌. റിസോര്‍ട്ടിലൂടെ ഒഴുകുന്ന കാപ്പില്‍ പുഴയുടെ സാന്നിദ്ധ്യം നല്ലരീതിയില്‍ ഉപയോഗപ്പെടുത്തിയാണ്‌ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. കടല്‍ക്കാഴ്‌ച്ചയും കായല്‍ക്കാഴ്‌ച്ചയും ഒരുപോലെ ആസ്വദിക്കാവുന്ന റിസോര്‍ട്ടിലെ ഉദ്യാനവും മനോഹരമാണ്‌. അവധിക്കാലം ചെലവഴിക്കാന്‍ എത്തുന്നവര്‍ക്ക്‌ നീന്തല്‍, സൈക്കിള്‍ സവാരി, ഹൗസ്‌ബോട്ട്‌ സവാരി, യോഗ, പക്ഷി നിരീക്ഷണം എന്നിങ്ങനെ ഇഷ്ടംപോലെ കാര്യങ്ങളാണ്‌ തിരഞ്ഞെടുക്കാനുളളത്‌. റിസോര്‍ട്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിട്ടുളള കഫെകളിലും ലഘുഭക്ഷണശാലകളിലുമായി കാത്തിരിക്കുന്നതോ രുചിയുടെ മറ്റൊരു ലോകം തന്നെയുമാണ്‌.

2020 ഫെബ്രുവരിയില്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്ന സമയത്ത്‌ 70 ശതമാനം അതിഥികള്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. മാര്‍ക്കറ്റിങ്ങ്‌ രംഗത്ത്‌ രാജ്യത്തെ പഴക്കം ചെന്നതും പ്രശസ്‌തരുമായ താജ്‌ ഗ്രൂപ്പിന്റെ പിന്തുണ എടുത്തു പറയേണ്ടതാണ്‌. തദ്ദേശീയരായ ക്ലയന്റുകള്‍ക്കു പുറമെ കണ്‍വെന്‍ഷനുകള്‍, ബിസിനസ്‌ മീറ്റിങ്ങുകള്‍, എക്‌സിബിഷനുകള്‍, അന്തര്‍ദേശീയ അതിഥികള്‍ വരെയെത്തുന്ന വിവാഹങ്ങളും വാര്‍ഷികങ്ങളും പോലുളള ചടങ്ങുകള്‍ എന്നിങ്ങനെ വിപുലമായ പരിപാടികള്‍ക്ക്‌ ഞങ്ങള്‍ ആതിഥേയത്വം വഹിക്കാറുണ്ട്‌. ബേക്കല്‍ അത്ര പ്രസിദ്ധമല്ലാതിരുന്ന ആരംഭ ഘട്ടത്തില്‍ മാര്‍ക്കറ്റിങ്ങ്‌ ഒരു വെല്ലുവിളി തന്നെ ആയിരുന്നു. ഇതില്‍ കേരള ടൂറിസം വകുപ്പിന്റെയും ബിആര്‍ഡിസിയുടെയും പിന്തുണ പ്രധാനപ്പെട്ടതായിരുന്നു. തദ്ദേശീയ ഭക്ഷണം, സംസ്‌കാരം, ആയുര്‍വേദം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതും ബജറ്റ്‌ ഹോട്ടലുകള്‍ ആരംഭിക്കാന്‍ സൗകര്യമൊരുക്കുന്നതും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ സഹായിക്കും".

റിസോര്‍ട്ട്‌ വിപുലമാക്കുന്നതിന്റെ ഭാഗമായി രണ്ട്‌ സ്യൂട്ടുകള്‍ കൂടി ഉടന്‍ തുറക്കും. അതിഥികള്‍ക്ക്‌ കൂടുതല്‍ സ്വകാര്യത ലഭ്യമാക്കുന്ന തരത്തിലാണ്‌ ഇവ നിര്‍മ്മിച്ചിരിക്കുന്നത്‌. ആരോഗ്യ സംരക്ഷണത്തിന്‌ ഊന്നല്‍ നല്‍കുന്ന താജ്‌ വെല്‍നെസ്സ്‌ പ്രോഗ്രാം എന്ന പുതിയൊരു പദ്ധതി കൂടി ഇവിടെ ആരംഭിച്ചിട്ടുണ്ട്‌. പകരം വെയ്‌ക്കാനില്ലാത്ത പ്രൗഢിയും പൂര്‍ണതയും നിറഞ്ഞ സേവനങ്ങള്‍ കൊണ്ട്‌ ഹോട്ടല്‍ സേവനരംഗത്ത്‌ തങ്ങളുടെ പേര്‌ അന്വര്‍ത്ഥമാക്കുകയാണ്‌ താജ്‌ ഗ്രൂപ്പ്‌.