ജി.എസ്‌. ഗുല്‍ മുഹമ്മദ്

എംഡി,

ഓയ്‌സ്‌റ്റര്‍ ഓപ്പെറ


വലിയപറമ്പയിലെ പടന്നയ്‌ക്കടുത്ത്‌ എട്ട്‌ ഏക്കറില്‍ രൂപകല്‍പ്പന ചെയ്‌തിട്ടുളള വിസ്‌മയകരമായ തീം വില്ലേജ്‌ റിസോര്‍ട്ടാണ്‌ ഓയ്‌സ്‌റ്റര്‍ ഓപ്പെറ. കായലിനോടു ചേര്‍ന്ന്‌ ഇത്തരത്തിലൊരു മനോഹരമായ റിസോര്‍ട്ട്‌ വേറെ എവിടെയും കാണാനാവില്ല. ഒറ്റ രാത്രി കൊണ്ടുണ്ടായ വിജയമല്ല ഇത്‌. വര്‍ഷങ്ങളുടെ പ്രയ്‌തനവും നിസ്വാര്‍ത്ഥ മനോഭാവവും തന്റെ സമൂഹത്തിന്‌ ഗുണകരമായ എന്തെങ്കിലും ചെയ്യണമെന്ന ആത്മാര്‍ത്ഥതയും എല്ലാമാണ്‌ ഗുല്‍ മുഹമ്മദിന്‌ തുണയായത്‌. സ്വയം ഒരു കര്‍ഷകനും പരിസ്ഥിതി സ്‌നേഹിയുമായി വിലയിരുത്തുന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ ടൂറിസത്തിലേക്കുളള കാല്‍വെയ്‌പ്പ്‌ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ട ഒന്നായിരുന്നില്ല, യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു.

വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്ന്‌ ഗള്‍ഫ്‌ കുടിയേറ്റത്തിന്റെ സുവര്‍ണകാലത്ത്‌ ഭാഗ്യം തേടി കടല്‍ കടന്നവരില്‍ ഗുല്‍ മുഹമ്മദും ഉണ്ടായിരുന്നു. ഒരു ദശാബ്ദത്തിലേറെ ഗള്‍ഫില്‍ ജോലി ചെയ്‌തശേഷം തിരികെ നാട്ടിലെത്തി സ്വസ്ഥമാകാന്‍ തീരുമാനിച്ചു. 1988ല്‍ തന്റെ ഗ്രാമത്തില്‍ ചെമ്മീന്‍, ഞണ്ട്‌ എന്നിവയുടെ കൃഷി ആരംഭിച്ചു. 1996ല്‍ സിഎംഎഫ്‌ആര്‍ഐ ക്കു വേണ്ടി പരീക്ഷണാടിസ്ഥാനത്തില്‍ കക്ക കൃഷി ചെയ്‌തു. നാടന്‍ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ തന്റേതായ രീതിയിലായിരുന്നു കക്ക വളര്‍ത്തല്‍. അത്‌ വന്‍വിജയമായി. തുടര്‍വര്‍ഷങ്ങളില്‍ വിപുലമായ രീതിയില്‍ കക്ക കൃഷി ചെയ്യുകയും വിജയമാവര്‍ത്തിക്കുകയും ചെയ്‌തതോടെ നാട്ടുകാരും ഗുല്‍ മുഹമ്മദ്‌ വികസിപ്പിച്ചെടുത്ത രീതി പിന്തുടരാന്‍ തയ്യാറായി. താത്‌പര്യമുളളവരുടെ ഒരു സ്വയം സഹായ സംഘം രൂപീകരിച്ച്‌ കൃഷിയ്ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കി. സ്‌ത്രീകളായിരുന്നു ഈ സംഘങ്ങളില്‍ ഭൂരിഭാഗവും. ഇന്ന്‌ പടന്ന ഗ്രാമപഞ്ചായത്തില്‍ കക്കയും കല്ലുമ്മക്കായയും കൃഷി ചെയ്യുന്നവര്‍ ആറായിരത്തിനു മുകളിലാണ്‌. കേരളത്തില്‍ നിന്ന്‌ ഏറ്റവുമധികം കക്ക കയറ്റുമതി ചെയ്യുന്നതും ഇവിടെ നിന്നു തന്നെ. കൃഷിയില്‍ ഗുല്‍ മുഹമ്മദിന്റെ പരീക്ഷണങ്ങള്‍ക്ക്‌ ലഭിച്ച പുരസ്‌കാരങ്ങള്‍ ഏറെയാണ്‌. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കര്‍ഷക ശിരോമണി സമ്മാനും അതില്‍ പെടും.

വലിയപറമ്പയുടെ ടൂറിസം സാധ്യത തിരിച്ചറിഞ്ഞ ഗുല്‍ മുഹമ്മദ്‌ ആദ്യം ചെയ്‌തത്‌ കര്‍ഷകരുടെ വീടുകള്‍ ഹോംസ്‌റ്റേ ആക്കി മാറ്റാനുളള സഹായം നല്‍കുകയാണ്‌. പക്ഷെ അത്‌ പ്രതീക്ഷിച്ചത്ര വിജയമായില്ല. അക്കാലത്തൊരു വിദേശ പ്രതിനിധിയാണ്‌ സ്വന്തമായൊരു ഹോംസ്‌റ്റേ ആരംഭിക്കാന്‍ ഉപദേശിച്ചത്‌. ആദ്യം മടിച്ചെങ്കിലും, വിജയിച്ചാല്‍ അതിനിയും കുറേ പേര്‍ക്ക്‌ ഉപജീവനമാര്‍ഗം തുറക്കുമല്ലോ എന്ന ചിന്തയില്‍ ചെയ്‌തുനോക്കാന്‍ തന്നെ തീരുമാനിച്ചു. ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട വിദഗ്‌ദ്ധരുമായും സംസാരിച്ചു, സാദ്ധ്യതകള്‍ വിശകലനം ചെയ്‌തു. അങ്ങനെ എല്ലാവരുടെയും പ്രോത്സാഹനത്തോടു കൂടി 2007ല്‍ റിസോര്‍ട്ട്‌ ആരംഭിച്ചു.

ബാങ്ക്‌ ലോണോ വലിയ സാമ്പത്തിക ബാധ്യതയോ വരുത്താതെ തദ്ദേശീയമായി ലഭ്യമായ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ ലളിതമായ അഞ്ച്‌ കോട്ടേജുകളാണ്‌ ആദ്യം നിര്‍മ്മിച്ചത്‌. ചതുപ്പ്‌ നിലങ്ങള്‍ കുളങ്ങളാക്കി മാറ്റി ചിപ്പികൃഷിയ്‌ക്കായി ഉപയോഗിച്ചു. എങ്കിലും ഉദ്‌ഘാടനം കഴിഞ്ഞ്‌ മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നു ആദ്യത്തെ അതിഥികളെത്താന്‍. റിസോര്‍ട്ടിനെ കുറിച്ച്‌ ചില ദേശീയ ചാനലുകളില്‍ വാര്‍ത്തകള്‍ വന്നതും സര്‍ക്കാറിന്റെ മാര്‍ക്കറ്റിങ്ങ്‌ പിന്തുണയും കൂടുതല്‍ പ്രചാരത്തിനു സഹായിച്ചു. ഇവിടെത്തി മടങ്ങിയ അതിഥികള്‍ വഴിയും ധാരാളം ആളുകള്‍ പിന്നീടെത്തി. ക്രമേണ ഓയ്‌സ്‌റ്റര്‍ ഓപ്പെറ കാസറഗോഡ്‌ എത്തുന്ന സഞ്ചാരികള്‍ക്ക്‌ സുപരിചിതമായ പേരായി മാറി. ഇപ്പോള്‍ മണ്‍സൂണ്‍ സീസണിലൊഴികെ ബാക്കിയൊരു സമയത്തും റിസോര്‍ട്ടില്‍ കോട്ടേജുകള്‍ ഒഴിയാറില്ല.

കാഴ്‌ച്ച കാണലിനപ്പുറം ഇവിടെ താമസിക്കാനെത്തുന്നവര്‍ക്ക്‌ ധാരാളം വിനോദ ഉപാധികള്‍ ഓയ്‌സ്‌റ്റര്‍ ഓപ്പെറ ഒരുക്കിയിട്ടുണ്ട്‌. കനോയിങ്ങ്‌, ചൂണ്ടയിടല്‍, നീന്തല്‍, നാടന്‍ വഞ്ചിയിലുളള സവാരി എന്നിവ അവയില്‍ ചിലതു മാത്രം. കായല്‍ത്തീരത്തു മാത്രമല്ല, വെളളത്തിലും മരത്തിനു മുകളിലും വരെയാണ്‌ ഇവിടെ കോട്ടേജുകള്‍ തയ്യാറാക്കിയിട്ടുളളത്‌. മുപ്പതോളം പേരുളള ജോലിക്കാരില്‍ ഭൂരിഭാഗവും തദ്ദേശീയര്‍ തന്നെയാണ്‌. എല്ലാ അര്‍ത്ഥത്തിലും അനുഭവവേദ്യ ടൂറിസത്തിനു ഉത്തമ ഉദാഹരണമാണ്‌ ഓയ്‌സ്‌റ്റര്‍ ഓപ്പെറ.