ഡോ. രാജീവന്‍

എം.ഡി,

ആയുര്‍ജീവന്‍ ആയുര്‍വേദ


മികച്ച സേവനത്തിന്റെ പിന്‍ബലത്തില്‍ കാസറഗോഡ്‌ ജില്ലയിലെ പ്രശസ്‌തമായ ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങളില്‍ ഒന്നായി മാറിയ കഥയാണ്‌ 2012ല്‍ പ്രവര്‍ത്തനമാരംഭിച്ച ആയുര്‍ജീവന്‍ ആയുര്‍വേദയ്‌ക്ക്‌ പങ്കു വെയ്‌ക്കാനുളളത്‌. കാസറഗോഡ്‌ കിടത്തിചികിത്സയുളള ഏതാനും സ്ഥാപനങ്ങളില്‍ ഒന്നാണിത്‌. ആയുര്‍വേദ ചികിത്സാരംഗത്ത്‌ 75 വര്‍ഷത്തിലധികം പാരമ്പര്യമുളള കുടുംബത്തില്‍ നിന്നാണ്‌ അമരക്കാരനായ ഡോ. രാജീവന്‍ വരുന്നത്‌. ചികിത്സയുടെ ഫലപ്രാപ്‌തി ഉറപ്പാക്കാന്‍ മരുന്നുകളൊക്കെ ഇവിടെത്തന്നെ ഉണ്ടാക്കുകയാണ്‌ പതിവ്‌. ജീവിതശൈലീ രോഗങ്ങള്‍, മാനസിക സമ്മര്‍ദ്ദം കൊണ്ടുണ്ടാകുന്ന അസുഖങ്ങള്‍, വന്ധ്യത എന്നിവയ്‌ക്ക്‌ യഥാര്‍ത്ഥ ആയുര്‍വേദ ചികിത്സാവിധിയെ അടിസ്ഥാനമാക്കിയാണ്‌ ഇവിടത്തെ ചികിത്സ.

ആയുര്‍ജീവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ ഡോ. രാജീവന്‍ ആണ്‌. പിതാവും മൂത്ത സഹോദരനുമാണ്‌ ആയുര്‍വേദത്തില്‍ ഡോക്ടറുടെ ഗുരുക്കന്മാര്‍. പഠനകാലത്തു തന്നെ കുടുംബം നടത്തിയിരുന്ന വൈദ്യശാലയില്‍ പ്രാക്ടീസ്‌ ചെയ്‌തിരുന്നു ഡോ. രാജീവന്‍.

വലിയപറമ്പയിലെ പ്രശസ്‌തമായ എടയിലക്കാടു കാവിനു സമീപമാണ്‌ ആയുര്‍ജീവന്‍ സ്ഥിതി ചെയ്യുന്നത്‌. അപൂര്‍വവും തദ്ദേശീയവുമായ ധാരാളം ആയുര്‍വേദ സസ്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന എടയിലക്കാട്‌ കാവും പരിസര പ്രദേശങ്ങളും പ്രശാന്തസുന്ദരമാണ്‌. സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ വലിയപറമ്പ കടല്‍ത്തീരവും തൊട്ടടുത്തുതന്നെയാണ്‌. അതുകൊണ്ടുതന്നെ ധാരാളം വിദേശികളും ഇവിടെ ചികിത്സ തേടി എത്താറുണ്ട്‌. ഉന്നത നിലവാരവും മികവും പുലര്‍ത്തുന്ന സേവനം തന്നെയാണ്‌ ഇങ്ങോട്ട്‌ ആളുകളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന ചെറിയതോതിലുളള മാര്‍ക്കറ്റിങ്ങിലുപരി ഇവിടെ നിന്നും ചികിത്സ നേടി മടങ്ങുന്നവര്‍ പറഞ്ഞുകേട്ട്‌ വരുന്നവരാണ്‌ കൂടുതലും. ഒരൊറ്റ കെട്ടിടത്തില്‍ തുടങ്ങിയ ആയുര്‍ജീവനില്‍ ഇന്ന്‌ 18 പേര്‍ ജീവനക്കാരായി ഉണ്ട്‌. എല്ലാവരും സമീപപ്രദേശങ്ങളില്‍ നിന്നുളളവര്‍ തന്നെ. പാരമ്പര്യം നല്‍കുന്ന പിന്‍ബലത്തിനൊപ്പം കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണ്‌ ഇന്നത്തെ ആയുര്‍ജീവന്‍ ആയുര്‍വേദ.

"ബിആര്‍ഡിസിയുടെ പിന്തുണയും പ്രോത്സാഹനവും പ്രത്യേകം എടുത്തുപറയേണ്ടതാണ്‌. ബിആര്‍ഡിസിയുടെ സംരഭമായ സ്‌മൈല്‍ പദ്ധതി ആയുര്‍ജീവനെ കൂടുതല്‍ പേരിലേക്ക്‌ എത്തിക്കാന്‍ സഹായിച്ചു. ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക്‌ സഹായകമാകുന്ന അനുഭവവേദ്യ ടൂറിസം പദ്ധതിയായ സ്‌മൈല്‍ (SMiLe) പ്രധാനമായും മീറ്റിങ്ങുകളിലൂടെയും പരിശീലന പരിപാടികളിലൂടെയുമാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഇത്തരം മീറ്റിങ്ങുകളിലൂടെ ഇവിടെയുളള ഓരോ സംരംഭകനും തമ്മിലറിയാന്‍ കഴിഞ്ഞു. ഇവിടെ എത്തുന്ന സഞ്ചാരികളുടെ താത്‌പര്യങ്ങള്‍ക്കനുസരിച്ച്‌ സംരംഭകര്‍ക്ക്‌ പാരസ്‌പര്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഇത്തരം പരിപാടികള്‍ സഹായിക്കും", ഡോ രാജീവന്‍ പറയുന്നു.

വലിയപറമ്പയിലെ ശാന്തമായ അന്തരീക്ഷത്തില്‍ സഞ്ചാരികള്‍ക്ക്‌ സ്വസ്‌ഥമായി താമസിക്കാവുന്ന തരത്തില്‍ ഹോംസ്‌റ്റേകളും കോട്ടേജുകളും നിര്‍മ്മിക്കാനുളള പദ്ധതിയും ഡോ. രാജീവന്റെ മനസിലുണ്ട്‌. ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രവൃത്തിയോടു സത്യസന്ധത പുലര്‍ത്തുകയും നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉറപ്പുവരുത്തുകയും ചെയ്‌താല്‍ വിജയം ഉറപ്പാണെന്നാണ്‌ ഈ രംഗത്തേക്ക്‌ കടന്നു വരാനൊരുങ്ങുന്ന സംരംഭകര്‍ക്ക്‌ ഡോ. രാജീവന്‌ നല്‍കാനുളള ഉപദേശം.