രാമചന്ദ്രന്‍ പെരിങ്ങേറ്റ്‌

സെക്രട്ടറി

കദളീവനം ട്രസ്റ്റ്


ഒരു ബിസിനസ്‌ സ്ഥാപനം എന്നതിലുപരി പരമ്പരാഗത കൃഷിയെയും പ്രകൃതിജീവനത്തെയും സ്‌നേഹിച്ച സമാന മനസ്‌ക്കരായ ഏതാനും പേരുടെ സ്വപ്‌ന സാക്ഷാത്‌കാരമാണ്‌ കദളീവനം. "റിട്ടയര്‍ ചെയ്യാറായ ഞങ്ങള്‍ അഞ്ചു സുഹൃത്തുക്കളുടെ സ്ഥിരം ചര്‍ച്ചയില്‍ നിന്നാണ്‌ കദളീവനം രൂപം കൊണ്ടത്‌. കാര്‍ഷികമേഖലയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ച്‌ ഞങ്ങള്‍ ആശങ്കാകുലരായിരുന്നു. കാര്‍ഷിക പാരമ്പര്യമുളള കുടുംബങ്ങളില്‍ നിന്നായതു കൊണ്ടും ജൈവകൃഷിരീതിയില്‍ താത്‌പര്യമുളളവര്‍ ആയതു കൊണ്ടും ചായ ചര്‍ച്ചകളില്‍ ഇത്‌ സ്ഥിരം വിഷയമായി. എന്തുകൊണ്ട്‌ ഞങ്ങളെ കൊണ്ടാവുന്ന വിധം ഒന്നിച്ചൊരു മാറ്റത്തിനു ശ്രമിച്ചുകൂടാ എന്നുളള തീരുമാനമാണ്‌ കദളീവനത്തിനു പിന്നില്‍." സെക്രട്ടറി രാമചന്ദ്രന്‍ പെരിങ്ങേറ്റ്‌ പറയുന്നു.

2004ല്‍ കൃഷിയിലേക്കു തിരിയുമ്പോള്‍ ഇതേ ചിന്താഗതിയോടു കൂടിയ പത്തുപേര്‍ പേര്‌ കൂടി ഒപ്പം ചേര്‍ന്നു. എല്ലാവരും ചേര്‍ന്ന്‌ സ്വരൂപിച്ച പണം കൊണ്ട്‌ ആദ്യം കുറച്ച്‌ ഭൂമി വാങ്ങി. ജൈവ നെല്‍കൃഷിയിലാണ്‌ ആദ്യം തുടങ്ങിയത്‌. 2008ല്‍ കദളീവനം ട്രസ്റ്റിന്‌ രൂപം നല്‍കി. നെല്ലിനൊപ്പം പച്ചക്കറികളും കൃഷി ചെയ്‌തു. ജൈവവളങ്ങളുടെ പോരായ്‌മ നികത്താന്‍ കന്നുകാലി വളര്‍ത്താന്‍ ആരംഭിച്ചു. കാസറഗോഡിന്റെ തദ്ദേശീയ ഇനമായ കാസറഗോഡ്‌ കുളളന്‍ ഇനങ്ങളെയാണ്‌ വളര്‍ത്തിയത്‌. ഇവയുടെ പാലും ഗുണമേന്മയുളളതാണ്‌. സംഘാംഗങ്ങള്‍ തരം തിരിഞ്ഞ്‌ ഓരോരോ മേഖലയെ നയിച്ചു. അങ്ങനെ എല്ലാം ഭംഗിയായി നടന്നുപോകുന്നു. ഇത്‌ ലാഭമുണ്ടാക്കുന്ന ഒരു ജോലിയായി ആരും കരുതുന്നില്ല. കൃഷിയില്‍ ചിലപ്പോള്‍ നഷ്ടമൊക്കെ സംഭവിക്കാറുണ്ട്‌. അപ്പോഴും ഇതൊരു സംഘമാണ്‌ എന്നുളളതുകൊണ്ട്‌ നഷ്ടത്തിന്റെ തീവ്രതയും കുറയുന്നു.

2012ല്‍ ശിവാനന്ദ യോഗ വിദ്യാപീഠം നേതൃത്വം നല്‍കുന്ന കദളീവനം യോഗ അക്കാദമിയും ആരംഭിച്ചു. യോഗ പരിശീലനത്തില്‍ രണ്ടുമാസത്തെ സര്‍ട്ടിഫിക്കറ്റ്‌ കോഴ്‌സാണ്‌ ഇവിടെ നടത്തുന്നത്‌. ഇതിന്റെ മാര്‍ക്കറ്റിങ്ങ്‌ ശിവാനന്ദ വിദ്യാപീഠമാണ്‌ ചെയ്യുന്നത്‌. യോഗ അക്കാദമിക്കു വേണ്ടി ലോണെടുത്ത്‌ കെട്ടിടം പണിതെങ്കിലും ലോണ്‍ കൃത്യമായി അടയ്‌ക്കാനായി. ഒരേ സമയം എണ്‍പതു പേര്‍ക്ക്‌ താമസിക്കാന്‍ സൗകര്യമുളളതാണ്‌ യോഗ അക്കാദമി. മണ്‍സൂണ്‍ സീസണിലൊഴിച്ചാല്‍ ശരാശരി നാല്‌പതു പേരെങ്കിലും ഓരോ കോഴ്‌സിനും പഠിതാക്കളായി എത്താറുണ്ട്‌.

2019ല്‍ ആരംഭിച്ച കദളീവനം ആയുര്‍വേദ സെന്ററില്‍ വിവിധ ഡോക്ടര്‍മാരുടെയും തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിലുളള ചികിത്സ ലഭ്യമാണ്‌. സുഖചികിത്സയും ഇവിടെ നല്‍കുന്നുണ്ട്‌. പഞ്ചകര്‍മ്മ ചികിത്സയ്‌ക്കും യോഗ പരിശീലനത്തിനുമായാണ്‌ വിദേശസഞ്ചാരികളില്‍ അധികം പേരും ഇവിടെ എത്തുന്നത്‌.

"തുടക്കകാലത്ത്‌ വലിയ പ്രതിസന്ധിയൊന്നും നേരിടേണ്ടി വന്നില്ല. ഏതാണ്ട്‌ എല്ലാവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു. സമാനമനസ്‌ക്കരായ ആളുകളെ കണ്ടെത്തുക എന്നുളളതായിരുന്നു ആകെയുളള വെല്ലുവിളി. ഭാഗ്യവശാല്‍ ട്രസ്‌റ്റില്‍ ഉളളവരാരും ലാഭം മാത്രം ലക്ഷ്യം വെയ്‌ക്കുന്നവരല്ല. ആരോഗ്യകരമായ ജീവിതശൈലി കൊണ്ടുനടക്കാനാഗ്രഹിക്കുന്നവരാണ്‌ ഞങ്ങളെല്ലാവരും. ട്രസ്‌റ്റിലെ ഒത്തൊരുമ നിലനിര്‍ത്താന്‍ ഇടക്ക്‌ അംഗങ്ങളുടെ കുടുംബസമ്മേളനം നടത്താറുണ്ട്‌. അക്കാദമിയിലെ അന്തേവാസികളും പാട്ടും നൃത്തവുമൊക്കെയായി ഞങ്ങള്‍ക്കൊപ്പം കൂടും." കദളീവനം ട്രസ്റ്റിന്റെ പ്രസിഡന്റായ വി.പി. ശ്രീധരന്‍ പറയുന്നു.

ആരോഗ്യകരമായ ജീവിതത്തിന്‌ ജൈവകൃഷിയും യോഗയും ധ്യാനവുമെല്ലാം എത്രത്തോളം ഗുണം ചെയ്യുമെന്നുളള പ്രാവര്‍ത്തികപാഠമാണ്‌ കദളീവനം പകര്‍ന്നുകൊടുക്കുന്നത്‌.