ജില്ലയിലെ ഏറ്റവും ജനസാന്ദ്രതയേറിയ മുനിസിപ്പാലിറ്റിയും വ്യാപാര കേന്ദ്രവുമാണ്‌ കാഞ്ഞങ്ങാട്‌. തീരദേശ പട്ടണമായ കാഞ്ഞങ്ങാടിന്റെ വടക്ക്‌ മുനിസിപ്പല്‍ ടൗണും തെക്ക്‌ സാംസ്‌കാരിക കേന്ദ്രമായ നീലേശ്വരവും കിഴക്ക്‌ പാണത്തൂരും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌. പ്രധാന നഗരങ്ങളായ മംഗലാപുരത്തിനും കണ്ണൂരിനും ഇടയിലുളള സ്ഥലമെന്നതും കാഞ്ഞങ്ങാടിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. നീലേശ്വരം പുഴയുടെ പോഷകനദിയായ അരയിപ്പുഴ ഒഴുകുന്നത്‌ കാഞ്ഞങ്ങാട്ടു കൂടിയാണ്‌. ഹോസ്‌ദുര്‍ഗ്‌ കോട്ട, ശ്രീ മഡിയന്‍ കൂലോം കാവ്‌, നിത്യാനന്ദ ആശ്രമം, മഞ്ഞംപൊതിക്കുന്ന്‌, ഗാന്ധിസ്‌മൃതി മണ്ഡപം തുടങ്ങിയവയാണ്‌ ഇവിടെ പ്രധാനമായും സന്ദര്‍ശകര്‍ എത്തുന്ന സ്ഥലങ്ങള്‍. തെയ്യങ്ങള്‍ക്ക്‌ ഏറെ പ്രസിദ്ധമായ കാഞ്ഞങ്ങാട്ട്‌ പൂരക്കളി, മരുതുകളി തുടങ്ങിയ നാടന്‍കലകള്‍ക്കും പേരുകേട്ട സ്ഥലമാണ്‌. കൂടാതെ കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട്‌ ഗാലറിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്‌.