കാസറഗോഡിന്റെ സാംസ്‌കാരിക തലസ്ഥാനമായാണ്‌ നീലേശ്വരം അറിയപ്പെടുന്നത്‌. നീലേശ്വരം രാജകുടുംബത്തിന്റെ പേരിലാണ്‌ പണ്ട്‌ ഈ സ്ഥലം അറിയപ്പെട്ടിരുന്നത്‌. ഇവിടത്തെ കോവിലകങ്ങളും കൊട്ടാരങ്ങളും പഴയകാല വാസ്‌തുവിദ്യയുടെ അതിശയിപ്പിക്കുന്ന മാതൃകകളായി ഇന്നും നിലനില്‍ക്കുന്നു. തെക്കേ കോവിലകം, കിനാവൂര്‍ കോവിലകം, കോവിലകം ചിറ, രാജകുടുംബവുമായി ബന്ധമുളള തളി ക്ഷേത്രം എന്നിവ അവയില്‍ ചിലതാണ്‌. നീലേശ്വരം കൊട്ടാരം ഇപ്പോള്‍ പുരാവസ്‌തു വകുപ്പിന്റെ നാടന്‍കലാ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. ധാരാളം കാവുകളുളള നീലേശ്വരം നാടന്‍ കലകളുടെയും അനുഷ്‌ഠാനകലകളുടെയും ഈറ്റില്ലം കൂടിയാണ്‌. ഇവിടത്തെ പ്രധാന കാവുകളില്‍ ഒന്നാണ്‌ മണ്ണമ്പുറത്ത്‌ കാവ്‌. ഇവിടത്തെ വാര്‍ഷിക ഉത്സവത്തിന്‌ പങ്കെടുക്കാന്‍ ആയിരങ്ങളാണ്‌ കൂട്ടമായെത്തുക. കാവുകള്‍ക്കു പുറമെ കൈത്തറിശാലകള്‍ക്കും പേരു കേട്ട സ്ഥലമാണ്‌ നീലേശ്വരം.