Onam banner

കേരളത്തനിമയുടെ നേരനുഭവം

കിളിത്തട്ടു കളി

ഓണക്കാലത്തെ പഴയ കളികളിലൊന്ന്. നമുക്ക് അന്യം നിന്നു പോകുന്ന നാടന്‍ കളികളിലൊന്ന് കൂടിയാണ് കിളിത്തട്ടു കളി. തട്ടുകളിയെന്നും പേരുണ്ട്. ഓണാവധികളില്‍ കിളിത്തട്ട് രാവിലെ തന്നെ പിടിച്ച് വൈകും വരെ കളി തുടരുന്ന കുട്ടിക്കാലം ഒരു നൊസ്റ്റാള്‍ജിയ ആണ്. മണ്ണില്‍ ദീര്‍ഘ ചതുരാകൃതിയിലാണ് കിളിത്തട്ട് വരയ്ക്കുന്നത്. തട്ടിനെ നീളത്തില്‍ രണ്ട് തുല്യ ഭാഗങ്ങളാക്കും. എന്നിട്ട് കുറുകെ 5 തട്ടുകളായി വിഭജിക്കുന്നു. രണ്ട് ടീമായി ആണ് കളിക്കുക. 5 പേര്‍ അടങ്ങുന്നതാണ് ഒരു ടീം. കളിക്കാരില്‍ ഒരാള്‍ കിളി എന്ന് പറയുന്ന ആളാകും. റഫറിയുടെ പണിയാണ് കിളി എടുക്കുക. ബാക്കിയുള്ളവര്‍ ഓരോ തട്ടിലേയും കളങ്ങളുടെ വരകളില്‍ നില്ക്കണം. കിളി കൈകള്‍ കൊട്ടി കഴിഞ്ഞാല്‍ കളി തുടങ്ങി. എതിര്‍ ടീമിലുള്ളവര്‍ ഓരോ കളത്തിലും കയറണം. എന്നാല്‍ കിളിയുടേയെ വരയില്‍ നില്ക്കുന്നവരുടേയോ അടി കിട്ടാതെ വേണം ഒരു കളത്തില്‍ നിന്ന് മുന്നോട്ടുള്ള കളത്തിലേക്ക് ചാടാന്‍. അടി കിട്ടിയാല്‍, കിട്ടിയ ആള്‍ കളിയില്‍ നിന്ന് പുറത്താകും. അടി കിട്ടാതെ ഓരോ കളവും ചാടി പുറത്ത് ഇറങ്ങുന്നവര്‍ അതുപോലെ തിരിച്ചും കയറണം.

കിളിക്ക് കളത്തിന്റെ ഏത് വരയില്‍ കൂടി നീങ്ങി വേണമെങ്കിലും എതിരാളിയെ അടിച്ചു പുറത്താക്കാം. ആരുടെയും അടി കിട്ടാതെ തട്ടുകള്‍ കടന്ന് പുറത്ത് വരുന്നവര്‍ അവസാന ആളും കടന്ന് കഴിഞ്ഞ് 'ഉപ്പ്' വയ്ക്കണം. അകത്തെ കളങ്ങളില്‍ നില്‍ക്കുന്നവര്‍ 'പച്ച' ആണ്. ഉപ്പും പച്ചയും ഒരു കളത്തില്‍ വന്നാല്‍ അത് ഫൗള്‍ ആയി പ്രഖ്യാപിക്കും. കിളികള്‍ ചിലപ്പോള്‍ സമവായത്തിലൂടെ ഇരു ടീമിനും സ്വീകാര്യമായ ആളായി വരാറുണ്ട്. ഇയാള്‍ നിഷ്പക്ഷനായിരിക്കണമെന്നതാണ് ചട്ടം. ഇങ്ങനെ രണ്ടു പക്ഷത്തിനും സ്വീകാര്യനായ കിളിയെ ഇരുപക്ഷം കിളി എന്നു പറയും. കിളിക്കാണ് കിളിത്തട്ടുകളില്‍ കൂടുതല്‍ കായികമായ അഭ്യാസങ്ങള്‍ കാണിയ്ക്കാന്‍ കഴിയുക. മൂലകളില്‍ നിന്ന് അതിവേഗത്തില്‍ ഓടിയും ചാടി കുത്തിയും പറന്നടിക്കുന്ന വിദഗ്ദ്ധരായ കിളികള്‍ ഏത് പക്ഷത്തിന്റേയും കരുത്താണ്. കളിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കിളിത്തട്ടിന്റെ വലിപ്പം കൂട്ടാവുന്നതാണ്. മലബാറില്‍ ചിലയിടങ്ങളില്‍ ഉപ്പ് കളിയെന്നും ഇത് അറിയപ്പെടുന്നു. 

ഉത്സവ കലണ്ടര്‍