Onam banner

കേരളത്തനിമയുടെ നേരനുഭവം

തുമ്പിതുള്ളല്‍

ഓണാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്ന രസകരമായൊരു കളിയാണ് തുമ്പിതുള്ളല്‍. ചില സ്ഥലങ്ങളില്‍ തിരുവാതിര ആഘോഷത്തിനും കളിക്കും. പെണ്‍കുട്ടികളാണ് തുമ്പി തുളളുക. കയ്യില്‍ തുമ്പച്ചെടിയുടെ കുടമോ മരത്തൂപ്പോ നടുക്കിരിക്കുന്ന പെണ്‍കുട്ടിയുടെ കയ്യില്‍ ഉണ്ടാകും. ചുറ്റും നില്‍ക്കുന്നവര്‍ പാട്ടു പാടുകയും ആര്‍പ്പും കുരവയുമായി പെണ്‍കുട്ടിയെ തുമ്പി തുള്ളിക്കുവാന്‍ ശ്രമിക്കുകയും ചെയ്യും.

പാട്ടുകളുടെ താളത്തിനനുസൃതമായി സംഘങ്ങളായ പെണ്‍കുട്ടികള്‍ പെണ്‍കുട്ടിയെ മൃദുവായി അടിച്ചു നീങ്ങും. ഇവര്‍ മധ്യത്തിലിരിക്കുന്ന പെണ്‍കുട്ടിയെ വലം വെയ്ക്കുകയും ചെയ്യും. ഗാനത്തിന്റെ വേഗത കൂടുന്നതിനനുസരിച്ച് പെണ്‍കുട്ടി തുമ്പിയെ പോലെ തുള്ളാന്‍ തുടങ്ങുന്നു. 'പൂവു പോരാഞ്ഞോ, പൂക്കില പോരാഞ്ഞോ എന്തേ തുമ്പീ തുള്ളാത്തൂ', 'ഒന്നാം തുമ്പിയും അവര്‍ പെറ്റ മക്കളും പോയി നടപ്പറ തുമ്പി തുള്ളാന്‍' തുടങ്ങിയ തുമ്പി തുള്ളലിലെ പാട്ടുകള്‍ ഏറെ പ്രശസ്തമാണ്.

പാട്ട് ഉച്ചസ്ഥായിയില്‍ അതിവേഗത്തിലാകുന്നതോടെ തുമ്പിയുടെ കയ്യിലിരിക്കുന്ന പൂക്കുലയും വിറച്ചു തുടങ്ങും. പിന്നെ പതിയെ ശരീരവും വിറയ്ക്കാന്‍ തുടങ്ങും. ആ സമയം പാട്ടും കൈ കൊട്ടും കൊണ്ട് അന്തരീക്ഷമാകെ ശബ്ദമുഖരിതമാകും. എല്ലാം കഴിയുമ്പോള്‍ തുമ്പിയായ പെണ്‍കുട്ടി മോഹാലസ്യപ്പെട്ട് നിലത്ത് വീഴും. ഗ്രാമീണ തലത്തില്‍ പ്രചാരത്തിലിരുന്ന തുമ്പി തുള്ളല്‍ ഇന്ന് ഓണാഘോഷങ്ങളുടെ ഭാഗം മാത്രമായി ഒതുങ്ങിക്കഴിഞ്ഞു. 

ഉത്സവ കലണ്ടര്‍