Onam banner

കേരളത്തനിമയുടെ നേരനുഭവം

ഓണത്തല്ല്

ഏറ്റവും പഴക്കം ചെന്ന ഓണക്കളികളില്‍ ഒന്നാണ് ഓണത്തല്ല്. മധ്യ കേരളത്തിലാണ് ഓണത്തല്ലിന്റെ ഉത്ഭവമെന്നാണ് കരുതുന്നത്. ഓണക്കാലത്ത് നാടുവാഴികള്‍ക്കും സവര്‍ണ്ണ വിഭാഗങ്ങള്‍ക്കും കണ്ടാസ്വദിക്കാന്‍ നടത്തിയിരുന്ന മെയ്യ് ആയോധന കലാരൂപമാണ് ഓണത്തല്ലെന്ന് പറയപ്പെടുന്നു. കൈകള്‍ ഉപയോഗിച്ചുള്ള ആയോധന വ്യായാമം ആണ് ഇത്. ഓണത്തല്ല് ചേരമാന്‍ പെരുമാക്കള്‍മാരുടെ കാലത്തോ അതിനും മുമ്പോ ഉദയം കൊണ്ടതാകാമെന്നും വിവിധ അഭിപ്രായങ്ങളുണ്ട്.

കര്‍ക്കിടക മാസത്തിന്റെ കളരി ചികിത്സയും പിന്നീട് അഭ്യാസവും കഴിഞ്ഞ് ചിങ്ങമാസത്തില്‍ ശക്തി പരീക്ഷിക്കാനുള്ള പ്രായോഗികാഭ്യാസം കാണിക്കാനുള്ള അവസരമെന്ന രീതിയിലും ഓണക്കാലത്തെ ഓണത്തല്ലിനെ കാണുന്നു. പ്രാദേശിക ജന്മിയുടെയോ രാജാവിന്റെയോ സൈനിക സംഘത്തിന്റെ സൈനികാഭ്യാസങ്ങളുടെ ഭാഗമാണിത്. കളരിപ്പയറ്റില്‍ നിന്ന് ചുവടുകളും രീതികളും ഓണത്തല്ലില്‍ സ്വീകരിച്ചിട്ടുണ്ട്.

എ.ഡി. രണ്ടാമാണ്ടില്‍ മാങ്കുടി മരുതനാര്‍ രചിച്ച സംഘ കൃതിയായ 'മധുരൈ കാഞ്ചിയില്‍' ഓണത്തിനെക്കുറിച്ചും ഓണത്തല്ലിനെക്കുറിച്ചും പരാമര്‍ശമുണ്ട്. കൈപരത്തിയുള്ള അടിയും തടയും മാത്രമേ ഓണത്തല്ലില്‍ പാടുള്ളൂ. മുഷ്ടി ചുരുട്ടി ഇടിക്കുകയോ ചവിട്ടുകയോ അരുത്. നിരന്ന് നില്ക്കുന്ന രണ്ട് ചേരിക്കാര്‍ക്ക് നടുവില്‍ 14 മീറ്റര്‍ വ്യാസത്തില്‍ ചാണകം മെഴുകിയ കളത്തിലാണ് തല്ല് നടക്കുക. തല്ല് തുടങ്ങും മുമ്പ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കന്മാരെ വണങ്ങുകയും വേണം. ചേരി കുമ്പിടുക എന്നാണ് പറയുക.

കളത്തിലിറങ്ങിയുള്ള തല്ല് ആയതിനാല്‍ ഇതിനെ ആട്ടക്കളമെന്നും പറയുന്നു. പോര്‍വിളി മുഴുക്കി 'ഹയ്യത്തടാ' എന്നൊരാര്‍പ്പോടെ രണ്ട് തല്ലുകാരും കളത്തിലിറങ്ങി കൈ കോര്‍ക്കും. പിന്നെ ശക്തിയായി വലിച്ച് വിടുവിച്ച് തല്ലു തുടങ്ങും. ഒരാള്‍ തോല്‍ക്കും വരെ കളം വിട്ട് പോകാനാകില്ല. കളിയുടെ നിയന്ത്രണം റഫറിയായ ചാതിക്കാരനാണ് നിര്‍വ്വഹിക്കുക. തല്ല് നിയന്ത്രണം വിട്ടാല്‍ ചതിക്കാരന് ഇടപെടാം.

ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞ് നീണ്ട നാളത്തെ അഭ്യാസം നടത്തിയാണ് തല്ലുകാര്‍ കളത്തിലിറങ്ങുന്നത്. തൃശ്ശൂര്‍ ജില്ലയിലാണ് 'ഓണത്തല്ല്' വിനോദം കൂടുതലായി നടത്തിപ്പോരുന്നത്. പല്ലശ്ശനയിലെ ഓണത്തല്ല് പ്രസിദ്ധമാണ്. നാട്ടുരാജാവായിരുന്ന കുറൂര്‍ നമ്പിടിയെ അയല്‍ നാട്ടുരാജാവ് ചതിച്ചു കൊന്നെന്നും രോഷം പൂണ്ട ദേശവാസികള്‍ പോര്‍വിളി നടത്തിയെന്നുമാണ് പല്ലശ്ശനയിലെ ഓണത്തല്ലിന്റെ ചരിത്രം.

പല്ലശ്ശനയില്‍ ഓണത്തല്ലും അവിട്ടത്തല്ലുമുണ്ട്. തല്ല് കഴിഞ്ഞാല്‍ സേനാ നായകന്‍ പടയാളികളെ എണ്ണിത്തിട്ടപ്പെടുത്തി ആഘോഷത്തോടെ കുളത്തിലിറങ്ങി കുളിക്കും. ശയന പ്രദക്ഷിണത്തോടെ ഓണത്തല്ല് അവസാനിക്കും. സാമൂതിരിയുടെ കാലം മുതല്‍ കുന്നംകുളത്തും പ്രസിദ്ധമായ ഓണത്തല്ല് നടക്കുന്നുണ്ട്. ആട്ടക്കളം പാലക്കാടും കോഴിക്കോടും കാസര്‍കോഡുമടക്കം മലബാറിലും പലയിടങ്ങളിലും ഓണക്കാലത്ത് നടന്നിരുന്നു. 

ഉത്സവ കലണ്ടര്‍