Onam banner

കേരളത്തനിമയുടെ നേരനുഭവം

കുട്ടിയും കോലും

ഓണക്കാലം മാത്രമല്ല, കേരളത്തില്‍ അവധിക്കാലത്തും അല്ലാതെയും കുട്ടികള്‍ സ്ഥിരം കളിക്കുന്ന ഒരു നാടന്‍ കളിയാണ് കുട്ടിയും കോലും. കൊട്ടിയും പുള്ളും, ചുട്ടിയും കോലും, ചൊട്ടയും മണിയും, ഇട്ടിയും കോലും, ചുള്ളിം വടിയും എന്നൊക്കെ പ്രാദേശികമായി ഒട്ടേറെ പേരുകളുണ്ട് കുട്ടിയും കോലും കളിക്ക്. ക്രിക്കറ്റിനോടും ബേസ്‌ബോളിനോടും സാദൃശ്യമുള്ള നാടന്‍ കളിയാണിത്.

ഒരു മുഴം നീളമുള്ള മരക്കമ്പാണ് കോല്. ഏതാണ്ട് രണ്ടര ഇഞ്ച് നീളമുള്ള ചെറിയ മരക്കമ്പിനെ കുട്ടിയെന്നും വിളിക്കുന്നു. നിലത്ത് നീളമുള്ള ഒരു ചെറിയ കുഴിയില്‍ കുട്ടി വെച്ച് കോല് കൊണ്ട് അതിനെ കോരി തെറുപ്പിച്ചാണ് കളി തുടങ്ങുന്നത്. നിലത്തു തട്ടാതെ കുട്ടിയെ പിടിക്കാന്‍ കഴിഞ്ഞാല്‍ കളിക്കാരന്‍ പുറത്താക്കും. കുട്ടിയെ പിടിച്ചെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ കളിക്കാരന്‍ കോല് കുട്ടിക്കു മുകളില്‍ കുത്തനെ നിര്‍ത്തും. കുട്ടി വീണു കിടക്കുന്ന സ്ഥലത്ത് നിന്ന് എതിര്‍ഭാഗം കോലിലേക്ക് കുട്ടി എറിഞ്ഞു കൊള്ളിക്കണം. കുട്ടി കോലില്‍ കൊണ്ടാല്‍ കളിക്കാരന്‍ അപ്പോഴും പുറത്താകും. ഈ രണ്ടു കടമ്പകളും കടന്ന് വേണം കളിക്കാരന് ആദ്യത്തെ പോയിന്റിനായി കളിക്കാന്‍.

കുട്ടിയെ കോല് കൊണ്ട് അടിച്ചു തെറിപ്പിക്കുകയാണ് കളിയുടെ അടുത്ത ഘട്ടം. ശക്തിയോടെ പരമാവധി ദൂരം കുട്ടി അടിച്ചു തെറിപ്പിക്കണം. തെറിച്ച് വീഴുന്ന ഈ കുട്ടി എതിര്‍ഭാഗം കുഴി ലക്ഷ്യമാക്കി എറിയണം. കുഴിയില്‍ കോലളവ് അനുസരിച്ച് കുട്ടി എത്ര ദൂരെയാണോ അതാണ് കിട്ടുന്ന പോയിന്റ്. കളിക്കാരന്‍ എത്രാമത്തെ പോയിന്റില്‍ നില്ക്കുന്നുവെന്നതിനെ അനുസരിച്ച് അടിക്കുന്ന രീതിയും മാറുന്നു. പോയിന്റിന്റെ അവസാന അക്കം മൂന്ന് ആണെങ്കില്‍ അയാള്‍ മുക്കാപ്പുറം കളിക്കണം. ഏഴ് ആണെങ്കില്‍ കോഴിക്കാല്‍ കളിക്കണം.

ഒന്ന് മുതല്‍ ഒന്‍പത് വരെ ഇങ്ങനെ പോയിന്റുകള്‍ക്ക് പേരുണ്ട്. ആദ്യത്തെ പത്തു പോയിന്റുകള്‍ കളിക്കാരന്‍ പരാജയപ്പെടാതെ നേടുന്നതിനെ ചൊട്ടയില്‍ കയറുക എന്ന് പറയും. പിന്നീട് കളി തുടരാം. തെറിച്ച് വീഴുന്ന കുട്ടി എതിര്‍ഭാഗത്തിന് എടുത്തെറിയാം. ഈ കുട്ടി കളിക്കാരന് തന്നെ അടിച്ചു തെറിപ്പിക്കാം. അപ്പോള്‍ ആ ദൂരം കൂടി കോലില്‍ അളന്ന് പോയിന്റുകള്‍ ആക്കാം. തെക്കന്‍, മദ്ധ്യ കേരളത്തില്‍ കുട്ടിയും കോലും എന്നറിയപ്പെടുന്ന ഈ കളി മലബാറില്‍ കുട്ടിയും പുള്ളും എന്നറിയപ്പെടുന്നു. ഒറ്റക്കൈയ്യന്‍, ചൊട്ട് കാളക്കൊമ്പന്‍, മുക്കാപ്പുറം എന്നിങ്ങനെയൊക്കെ കുട്ടി അടികള്‍ക്ക് പേരുകളുണ്ട്.

ക്രിക്കറ്റിന്റെ ലോകം കായിക മേഖലയെ കീഴടക്കിയപ്പോള്‍ കാണാതായിക്കൊണ്ടിരിക്കുന്ന കളിയാണ് കുട്ടിയും കോലും. മാത്രമല്ല, കോലുകള്‍ കണ്ണില്‍ത്തറച്ചുള്ള അപകടങ്ങള്‍ ഏറിയതും സ്‌കൂളുകളില്‍ നിന്ന് ഈ നാടന്‍ കളി പുറത്താകാന്‍ കാരണമായി. 

ഉത്സവ കലണ്ടര്‍