Onam banner

കേരളത്തനിമയുടെ നേരനുഭവം

വടംവലി

ഓണത്തോടനുബന്ധിച്ച് കേരളത്തിലെ ഓണാഘോഷങ്ങളില്‍ നിര്‍ബന്ധമായും കാണാവുന്ന ഒരു വിനോദ മത്സര ഇനമാണ് വടംവലി. രണ്ട് സംഘങ്ങളുടെ ബലപരീക്ഷണം നേരിട്ട് നടത്തപ്പെടുന്ന ഒരു കായിക വിനോദം. കട്ടി കൂടിയ ഒരു കയറില്‍ ബുദ്ധി കൂര്‍മ്മതക്കൊപ്പം സംഘ ബലത്തിന്റെ പരീക്ഷണം കൂടി ചേരുമ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ആവേശം കളിക്കാര്‍ക്കും കാണികള്‍ക്കും പകരാനാവുന്ന ഒന്നാണ് വടംവലി. വടം വലിയ്ക്കും അതിന്റേതായ നിയമങ്ങളുണ്ട്. എട്ട് അംഗങ്ങള്‍ ഉള്ള രണ്ട് ടീമുകളാണ് സാധാരണയായി വടംവലിയില്‍ പങ്കെടുക്കുക. മത്സര ബുദ്ധിയ്ക്ക് അപ്പുറം ആഘോഷങ്ങളിലെ വിനോദം മാത്രമായി വടംവലി മാറിയാല്‍ അംഗങ്ങളുടെ എണ്ണം പത്തും പതിനഞ്ചുമൊക്കെയായി മാറാം.

പ്രൊഫഷണല്‍ വടംവലിയില്‍ പങ്കെടുക്കുന്ന ടീമുകളുടെ ആകെ ഭാരം നിജപ്പെടുത്തിയ ഭാരത്തേക്കാള്‍ കൂടാന്‍ പാടില്ല. ഇരു ടീമുകളും രേഖപ്പെടുത്തിയ ഒരു കോര്‍ട്ടില്‍ വടത്തിനു ഇരുവശത്തുമായി അണി നിരക്കും. ഈ വടത്തിന് സാധാരണമായി പത്ത് സെന്റീമീറ്റര്‍ വ്യാസമുണ്ടാകും. വടത്തിന്റെ നടുവില്‍ ഒരു അടയാളം രേഖപ്പെടുത്തിയിരിക്കും. മിക്കപ്പോഴും ഇത് തിരിച്ചറിയാന്‍ അടയാളത്തിന് മുകളില്‍ നിറമുള്ള തൂവാലയും കെട്ടാറുണ്ട്. ഈ അടയാളത്തില്‍ നിന്നും മീറ്റര്‍ അകലത്തില്‍ ഇരുവശത്തേക്കും ഓരോ അടയാളങ്ങളും ഉണ്ടാകും. ഏത് ടീമാണോ എതിര്‍ ടീമിനെ ആദ്യം തങ്ങളുടെ വശത്തേയ്ക്ക് വലിച്ച് വശങ്ങളിലെ അടയാളങ്ങളെ നടുവിലത്തെ വരയില്‍ നിന്ന് ക്രോസ്സ് ചെയ്യിപ്പിക്കുന്നത്, അവരാണ് വിജയികള്‍. തൂക്കം അടിസ്ഥാനമാക്കിയുള്ള വടം വലിയില്‍ ഹെവി വെയ്റ്റ് കാറ്റഗറിയും മത്സരത്തിന്റെ ആവേശം കൂട്ടാന്‍ പ്രൊഫഷണല്‍ വേദികളില്‍ ഉണ്ടാകാറുണ്ട്. 

ഓണക്കളികളിലെ പ്രധാന ഇനമാണെങ്കിലും വടംവലി കേരളത്തിന്റെ തനത് വിനോദകളിയല്ല. ഉത്ഭവത്തെക്കുറിച്ച് പോലും അറിവില്ലാത്ത പുരാതനമായ മത്സരമാണത്. ലോകമെമ്പാടും വടംവലിയുടെ പുരാതന തെളിവുകളുണ്ട്. ഒറീസ്സയിലെ പ്രശസ്തമായ കൊണാര്‍ക്ക് സൂര്യ ക്ഷേത്രത്തിലും വടംവലി മത്സരം കൊത്തി വച്ചിട്ടുണ്ട്. 1920 വരെ വടംവലി ഒളിമ്പിക്‌സിലും ഒരു കായിക മത്സരമായിരുന്നു. കേരളത്തില്‍ ഏകദേശം 400-ഓളം പ്രൊഫഷണല്‍ വടംവലി ടീമുകള്‍ ഉണ്ടെന്നാണ് കരുതുന്നത്. കേരളത്തില്‍ മിക്കവാറും ജില്ലകള്‍ക്കെല്ലാം തങ്ങളുടേതായ വടംവലി അസോസിയേഷനുകളും വടംവലി ടൂര്‍ണ്ണമെന്റുകളും ഉണ്ട്. വമ്പന്‍ ചിലവുകളോടെ ഫ്‌ളഡ്‌ലൈറ്റില്‍ സംഘടിപ്പിക്കപ്പെടുന്ന വടംവലി ടൂര്‍ണ്ണമെന്റുകളില്‍ വിജയികളാകുന്ന സൂപ്പര്‍ ടീമുകളും കേരളത്തിന് സ്വന്തം. 

ഉത്സവ കലണ്ടര്‍