Onam banner

കേരളത്തനിമയുടെ നേരനുഭവം

ഉറിയടി

ഓണാഘോഷത്തിന്റെ ഭാഗമായും അഷ്ടമി രോഹിണിയ്ക്ക് ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായും നടത്തപ്പെടുന്ന വിനോദമാണ് ഉറിയടി. മണ്‍പാത്രങ്ങളും കലങ്ങളും അടുക്കി വയ്ക്കുന്ന കയറു കൊണ്ടുണ്ടാക്കിയ ലളിതമായ കുടുക്കാണ് ഉറി. അടുക്കളയില്‍ ഒരു ഭാഗത്ത് തൂക്കിയിടുകയാണ് പതിവ്. പാല്‍, വെണ്ണ, തൈര് എന്നിവ ഉറിയില്‍ വച്ച് സൂക്ഷിക്കുക ഭാരതത്തിന്റെ പരമ്പരാഗത ഗൃഹരീതിയാണ്.

കുസൃതിയായ ശ്രീകൃഷ്ണന്‍ ഇത്തരത്തിലുള്ള ഉറിയിലെ കലം പൊട്ടിച്ച് വെണ്ണ കട്ട് തിന്നുന്ന കഥ നമ്മളെല്ലാം എത്രയോ തവണ കേട്ടിട്ടുള്ളതാണ്. അമ്മയായ യശോദ ഉണ്ണിക്കണ്ണനെ അന്വേഷിച്ച് നടക്കുന്നതും ഉറിയില്‍ ഒളിപ്പിച്ച വെണ്ണ കട്ടു തിന്നുന്നത് കണ്ട് ശകാരിക്കുന്നതുമൊക്കെയാണ് ഉറിയടിയെന്ന വിനോദത്തിന്റെ പശ്ചാത്തലം.

ഇന്ത്യയില്‍ എല്ലായിടത്തും പല രീതിയില്‍ ഈ ഉറിയടി മത്സരം നടക്കാറുണ്ട്. ഒരു കയറിന്റെ അറ്റത്ത് മണ്‍കലത്തോടെ ഉറി കെട്ടിയിടും. ഈ മണ്‍കലത്തില്‍ പാല്‍, വെണ്ണ, പഴങ്ങള്‍, നെയ്യ് എന്നിവയുടെ മിശ്രിതം നിറച്ചിട്ടുണ്ടാകും. കലങ്ങളില്‍ മിഠായികള്‍ നിറക്കുന്നവരും ഉണ്ട്. പിടിച്ചെടുക്കാന്‍ കളിക്കാരന്‍ ശ്രമിക്കും. എന്നാല്‍ കയറിന്റെ മറ്റേ അറ്റം കെട്ടിയ കപ്പി വഴി ഉറിക്കാരന്‍ നിയന്ത്രിക്കുന്നുണ്ടാകും. ഉറിക്കാരന്‍ കയര്‍ അയച്ചും മുറുക്കിയും കളിക്കാരനെ പ്രലോഭിപ്പിക്കുന്നു.

കൃഷ്ണ വേഷം കെട്ടിയ കളിക്കാരന്‍ ഉറി പൊട്ടിച്ച് കലം പിടിച്ചെടുക്കാന്‍ ശ്രമിക്കും. കളിക്കാരന്‍ ഉറി കാണാതിരിക്കാന്‍ ചുറ്റുമുള്ളവര്‍ ശക്തിയായി അയാളുടെ മുഖത്ത് വെള്ളം ചീറ്റും. കളിക്കാരന്റെ കണ്ണില്‍ തുണി കെട്ടി മറയ്ക്കുന്നതും ചിലയിടങ്ങളിലുണ്ട്. ഇതൊക്കെ തരണം ചെയ്ത് ഉറി കണ്ടെത്തി പൊട്ടിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കും.

കൊല്ലം ജില്ലയിലെ വടയാറ്റു കോട്ട ക്ഷേത്രത്തില്‍ അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിലെ ഉറിയടി മത്സരങ്ങള്‍ പ്രശസ്തമാണ്. ഗുരുവായൂരിലെ ഉറിയടി മത്സരങ്ങളും പ്രസിദ്ധമാണ്. ഓണാഘോഷത്തിന്റെ ഭാഗമായി നാട്ടിലും നഗരത്തിലുമൊക്കെ ഒരു പോലെ നടക്കുന്ന പരിപാടികളില്‍ ഉറിയടി മത്സരം ഒഴിവാക്കാനാവാത്ത ഇനമാണ്. 

ഉത്സവ കലണ്ടര്‍