കേരളത്തിലെ മറ്റേതൊരു വള്ളംകളി മത്സരത്തേക്കാളും ഏറെ ശ്രദ്ധ നേടിയതാണ് പത്തനംതിട്ട ജില്ലയിലെ ആറന്മുള വള്ളംകളി. ഓണത്തോടനുബന്ധിച്ച് ഉതൃട്ടാതി നാളില്‍ നടത്തുന്ന (ആഗസ്‌റ്റ് - സെപ്‌റ്റംബര്‍) ഈ വള്ളംകളി ആറന്മുളയുടെ ചരിത്രവും സംസ്‌കാരവുമായി വളരെയേറെ ബന്ധപ്പെട്ടു കിടക്കുന്നു. ഐതിഹ്യവും പുരാണകഥകളും നിറഞ്ഞ ആറന്മുള വള്ളംകളിയുടെ ചരിത്ര പ്രാധാന്യത്തെ തിരിച്ചറിയുന്ന തദ്ദേശവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഈ മത്സരം ത്രസിപ്പിക്കുന്ന ഒരനുഭവം തന്നെയാണ്.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ചടങ്ങുകളുമായി ചേര്‍ന്നു നില്‌ക്കുന്നതാണ് ഈ വള്ളംകളി മത്സരവും. ഇതില്‍ പങ്കെടുക്കുന്ന എല്ലാ ചുണ്ടന്‍ വള്ളങ്ങള്‍ക്കും തുഴക്കാര്‍ക്കും ഭഗവാന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. വള്ളംകളിയുമായി ബന്ധപ്പെട്ട അതി പ്രശസ്‌തമായ മറ്റൊരു ചടങ്ങാണ് ആറന്മുള വള്ള സദ്യ. ഇതിനു പിന്നിലും ഒരു കഥയുണ്ട്. തനിക്ക് ആറന്മുള ക്ഷേത്രത്തില്‍ ഓണസദ്യ വേണമെന്ന് ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ ആവശ്യപ്പെടുന്നതായ സ്വപ്‌നം കാട്ടൂര്‍ മാങ്ങാട്ടില്ലത്തെ ധനികനായ ഭട്ടതിരി കാണുകയും ആ വര്‍ഷം മുതല്‍ ഓണസദ്യയ്‌ക്കുള്ള സാധനങ്ങളുമായുള്ള വള്ളം - തിരുവോണത്തോണി - അദ്ദേഹം ക്ഷേത്രത്തില്‍ എത്തിക്കുകയും ചെയ്യുന്നു. ഈ തിരുവോണത്തോണിയുടെ വരവും വലിയൊരു ആഘോഷമാണ്. ഈ തിരുവോണത്തോണിയെ ആതിഥേയരായ ചുണ്ടന്‍ വള്ളങ്ങള്‍ പിന്‍തുടരുന്നതും മറ്റൊരു പ്രത്യേകതയാണ്. പണ്ട് തിരുവോണത്തോണിയുമായെത്തിയ ഭട്ടതിരിയെ വഴിയില്‍ വച്ച് ആക്രമിച്ച കൊള്ളക്കാരില്‍ നിന്നും ചുണ്ടന്‍ വള്ളങ്ങളിലെത്തിയ നാട്ടുകാര്‍ രക്ഷിച്ചതിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാണിത്.
ഇവിടുത്തെ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുക സാധാരണ കണ്ടു വരുന്ന ചുണ്ടന്‍ വള്ളങ്ങളല്ല. 'പള്ളിയോടം' എന്നറിയപ്പെടുന്ന പ്രത്യേക തരത്തിലുള്ള ചുണ്ടന്‍ വള്ളങ്ങളാണ് ഇവ. ഈ പള്ളിയോടങ്ങള്‍ ആറന്മുള ക്ഷേത്രത്തിലെ ഭഗവാന്‍ പാര്‍ത്ഥസാരഥിയ്‌ക്ക് സമര്‍പ്പിച്ചതായാണ് കരുതുന്നത്. ആറന്മുള വള്ളംകളിയുടെ പ്രധാന പ്രത്യേകത മത്സരത്തിനിടെ പാടുന്ന വഞ്ചിപ്പാട്ടുകളാണ്. രാമപുരത്തു വാര്യര്‍ രചിച്ച കുചേലവൃത്തം വഞ്ചിപ്പാട്ടിനനുസരിച്ച് തുഴക്കാര്‍ ആഞ്ഞു തുഴഞ്ഞു വരുന്ന കാഴ്‌ച ഏറെ ആകര്‍ഷണീയമാണെന്നതില്‍ സംശയമില്ല. പമ്പാനദിയില്‍ നടക്കുന്ന വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്ന പള്ളിയോടങ്ങളെ A, B എന്നീ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.