തൃശ്ശൂര്‍ ജില്ലയിലെ പഴക്കമേറിയ വള്ളംകളി മത്സരങ്ങളില്‍ ഒന്നാണ് കണ്ടശ്ശാംകടവ് വള്ളംകളി. തിരുവോണ നാള്‍ നടക്കുന്ന ഈ മത്സരം കനോലി കനാലില്‍ വച്ചാണ്. 1956-ല്‍ കേരളപ്പിറവി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ വള്ളംകളി ആരംഭിക്കുന്നത്. ആദ്യത്തേത് രണ്ടു ചുരുളന്‍ വള്ളങ്ങള്‍ മാത്രം മത്സരിച്ച ഒരു പ്രദര്‍ശന മത്സരം മാത്രമായിരുന്നു. പിന്നീട് ചെറിയ ഇടവേളകള്‍ ഈ മത്സരത്തിനുണ്ടായി. 1962-ല്‍ ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് അടുത്ത വള്ളംകളി സംഘടിപ്പിച്ചത്. ഈ മത്സരം 1968 വരെ തുടര്‍ന്നു. 1977-ല്‍ കുറച്ചു സംഘാടകര്‍ ചേര്‍ന്ന് ഇതിനൊരു പുതുജീവന്‍ നല്‍കുകയും 1990 വരെ മത്സരം തുടര്‍ന്നു കൊണ്ടു പോകാന്‍ സാധിക്കുകയും ചെയ്‌തു. പക്ഷെ പിന്നീട് വിസ്‌മൃതിയിലേക്കു പോയ ഈ വള്ളംകളിയെ മണലൂര്‍ ഗ്രാമപഞ്ചായത്തും തൃശ്ശൂര്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും (DTPC) ചേര്‍ന്ന് പുനര്‍ജീവിപ്പിച്ചു.
ഇന്ന് 10 ദിവസത്തെ ഓണാഘോഷങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് കണ്ടശ്ശാംകടവ് ജലോത്സവം നടത്തുന്നത്. പുലം (Pulam) പുഴക്കടവു മുതല്‍ കണ്ടശ്ശാംകടവ് ബോട്ടു ജെട്ടി വരെ 990 മീറ്റര്‍ നീളത്തിലാണ് മത്സരവീഥി. ചീഫ് മിനിസ്റ്റേഴ്‌സ് എവര്‍ റോളിങ് ട്രോഫിയ്‌ക്കായി പ്രധാന ചുണ്ടന്‍ വള്ളങ്ങളും ക്ലബ്ബുകളും ഇവിടെ മത്സരിക്കുന്നു.