കുമരകം സന്ദര്‍ശിച്ച കേരളത്തിന്റെ നവോത്ഥാന നായകനും ആദ്ധ്യാത്മിക മാര്‍ഗ്ഗോപദേശകനുമായ ശ്രീനാരായണ ഗുരുവിന്റെ ബഹുമാനാര്‍ത്ഥമാണ് എല്ലാ വര്‍ഷവും കുമരകം ശ്രീനാരായണഗുരു ജയന്തി വള്ളംകളി സംഘടിപ്പിക്കുന്നത്. വലിയ ഒരു ഘോഷയാത്രയുടെ അകമ്പടിയോടെയാണ് 1903-ല്‍ ആലപ്പുഴയില്‍ നിന്നും കുമരകത്തേക്ക് ഗുരുവിനെ ആനയിച്ചത്. അന്ന് അദ്ദേഹം ശ്രീ കുമാരകമംഗലം ക്ഷേത്രത്തിലേക്ക് ഭഗവാന്‍ സുബ്രഹ്‌മണ്യന്റെ ഒരു ചിത്രം സമര്‍പ്പിക്കുകയുണ്ടായി. ആ സംഭവത്തിനു ശേഷം 1903 മുതല്‍ എല്ലാ വര്‍ഷവും കുമരകം വള്ളംകളി സംഘടിപ്പിക്കുന്നത് ആ സന്ദര്‍ശനത്തിന്റെ ഓര്‍മ്മ പുതുക്കലായിട്ടാണ്. എന്നാല്‍ ഒരു മത്സരമായി ഇതു മാറിയത് 1952 മുതലായിരുന്നു. കൊട്ടത്തോടിലെ 900 മീറ്റര്‍ നീളമുള്ളതാണ് ഇവിടുത്തെ മത്സരപ്പാത.
നാരായണ ഗുരുവിന്റെ ചിത്രവും സുബ്രഹ്‌മണ്യന്റെ പ്രതിമയും വഹിച്ചു കൊണ്ട് നടത്തുന്ന വന്‍ഘോഷയാത്രയോടെയാണ് മത്സരം ആരംഭിക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളേക്കാള്‍ ഇരുട്ടുകുത്തി വള്ളങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം. തുഴച്ചിലില്‍ അതിവിദഗ്‌ധരായ ആയിരത്തിലധികം തുഴക്കാര്‍ ഇതില്‍ പങ്കെടുക്കുന്നു.