ബേപ്പൂര്‍ വള്ളംകളി

കേരളത്തിലെ പാരമ്പര്യ വള്ളംകളി ശൃംഖലയിലേക്ക്‌ പുതിയതായി ചേര്‍ക്കപ്പെട്ടതാണ്‌ ബേപ്പൂര്‍ വള്ളംകളി. കേരളത്തിലെ വടക്കന്‍ ജില്ലകളെ കൂടി വള്ളംകളിയില്‍ ഉള്‍പ്പെടുത്തുക എന്ന ലക്ഷ്യമാണ്‌ കേരളാ വിനോദ സഞ്ചാര വകുപ്പ്‌ ഇതിലൂടെ പ്രാവര്‍ത്തികമാക്കുന്നത്‌. കോഴിക്കോടു ജില്ലയിലെ ചരിത്ര കഥകള്‍ പറയുന്ന തുറമുഖ പട്ടണമായ ബേപ്പൂരിലെ ചാലിയാര്‍ നദിയില്‍, ഫറോക്കിലെ പുതിയതും പഴയതുമായ പാലങ്ങള്‍ക്കിടയിലാണ്‌, ഈ മത്സരം നടത്തുന്നത്‌. ഇത്‌ സി.ബി.എല്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മത്സരത്തില്‍ ചുണ്ടന്‍ വള്ളങ്ങളല്ല പകരം വടക്കന്‍ കേരളത്തിലെ ചുരുളന്‍ വള്ളങ്ങളാണ്‌ പരസ്‌പരം മാറ്റുരയ്‌ക്കുന്നത്‌. അടുത്തിടയാണ്‌ വള്ളംകളി ആരംഭിച്ചതെങ്കിലും ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്ന ഒരു മത്സരമായി ഇതു മാറിക്കഴിഞ്ഞു. കേരളാ വിനോദ സഞ്ചാരത്തിലെ സാഹസിക ജലോത്സവമായ ബേപ്പൂര്‍ ജലോത്സവത്തിന്റെ ഭാഗമായാണ്‌ ഈ വള്ളംകളി നടത്തുന്നത്‌. അന്തര്‍ദ്ദേശീയ രംഗത്തും സാഹസിക - കായികാഭ്യാസങ്ങള്‍ നടത്താനുള്ള വേദിയായി ബേപ്പൂരിനെ അടയാളപ്പെടുത്തിക്കഴിഞ്ഞതോടെ ഇന്ത്യയിലെ തന്നെ ജലോത്സവത്തിന്റെ പ്രധാന ഇടമായി ബേപ്പൂര്‍ മാറി. വള്ളംകളി കൂടാതെ ചെറു നൗകകള്‍, കയാക്കിംഗ്‌, പാരാസെയ്‌ലിങ്‌, വേഗതയേറിയ ബോട്ടുകളുടെ മത്സരം, ചങ്ങാട മത്സരം, മരത്തടിയിലുള്ള തുഴച്ചില്‍ മത്സരം തുടങ്ങിയവയെല്ലാം ഇവിടെ സംഘടിപ്പിക്കുന്നു. ബേപ്പൂരിലെ മറീന ബീച്ചും, ചാലിയം തീരദേശവും ഇത്തരം അഭ്യാസങ്ങള്‍ക്ക്‌ ഏറെ അനുയോജ്യമാണ്‌. ഇതോടൊപ്പം സംഗീത സായാഹ്നങ്ങള്‍, വൈവിദ്ധ്യമാര്‍ന്ന രുചി വിശേഷങ്ങള്‍, അന്തര്‍ദ്ദേശീയ തലത്തിലുള്ള ചര്‍ച്ചകള്‍, പട്ടം പറത്തല്‍, നാവികസേനയുടെയും, തീരസംരക്ഷണസേനയുടെയും ആകാശ വിസ്‌മയ പ്രദര്‍ശനങ്ങള്‍ എന്നിവയാലും ഈ ആഘോഷം സമ്പന്നമാണ്‌.

സി.ബി.എല്‍. വള്ളംകളി മത്സരങ്ങള്‍

Click here to go to the top of the page