എല്ലാ വര്‍ഷവും കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരം ആരംഭിക്കുന്നത് ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം വള്ളംകളിയിലൂടെയാണ്. ഇതു നടക്കുന്നത് പമ്പാനദിയുടെ ശാഖയായ ചമ്പക്കുളം നദിയിലാണ്. ഈ വള്ളംകളിയുടെ ആരംഭം നോക്കിയാല്‍ ഏകദേശം നാലു നൂറ്റാണ്ടുകള്‍ക്കു പിന്നിലേക്കു പോകേണ്ടി വരും. ചെമ്പകശ്ശേരി രാജവംശകാലത്തു നടന്ന അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ പുനര്‍ പ്രതിഷ്‌ഠയുമായി ഇതു ബന്ധപ്പെട്ടു കിടക്കുന്നു. ക്ഷേത്രത്തിലെ വിഗ്രഹം ആരാധനയ്‌ക്കു സാധിക്കാത്ത വിധത്തില്‍ അശുദ്ധമായതിനെ തുടര്‍ന്ന് പുതിയ വിഗ്രഹത്തിനായി അന്വേഷണം നടത്തുകയും കുറുച്ചി കരിക്കുളം (Karikkulam) പാര്‍ത്ഥ സാരഥി ക്ഷേത്രത്തിലെ വിഗ്രഹം പകരം കണ്ടെത്തുകയും ചെയ്‌തു. ആ വിഗ്രഹം അമ്പലപ്പുഴയിലേക്കു കൊണ്ടു വരാന്‍ തന്റെ മന്ത്രിയേയും സംഘത്തേയും നിയോഗിച്ചു. വരുന്ന വഴിയില്‍ കൊള്ളക്കാരുടെ ആക്രമണം തടയുവാനായി മാപ്പിളശ്ശേരി കുടുംബത്തില്‍ തങ്ങുവാനും രാജാവ് നിര്‍ദ്ദേശിച്ചു. പിറ്റേദിവസം രാജാവ് സ്വയം മാപ്പിളശ്ശേരിയില്‍ എത്തുകയും ശ്രീകൃഷ്‌ണ വിഗ്രഹം വലിയ ആഘോഷപൂര്‍വ്വം അമ്പലപ്പുഴയ്‌ക്ക് കൊണ്ടു പോവുകയും ചെയ്‌തു. ഈ ഘോഷയാത്രയുടെ സ്‌മരണാര്‍ത്ഥമാണ് ചമ്പക്കുളം വള്ളംകളി നടത്തുന്നത്. അതി പ്രശസ്‌തമായ അമ്പലപ്പുഴ പാല്‍പ്പായസവുമായി എല്ലാ വര്‍ഷവും ക്ഷേത്രത്തില്‍ നിന്നും ഒരു സംഘം മാപ്പിളശ്ശേരിയിലേക്ക് എത്തുകയും മത്സരം തുടങ്ങുന്നതിന് മുമ്പ് പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടത്തുകയും ചെയ്യുന്നത് ഇന്നും തുടര്‍ന്നു വരുന്നു. 1927-ല്‍ ചമ്പക്കുളം വള്ളംകളി മത്സരം ഉദ്‌ഘാടനം ചെയ്‌തത് തിരുവിതാംകൂര്‍ ദിവാനായിരുന്ന M. E. Watts ആയിരുന്നു. 1952-ല്‍ തിരുവിതാംകൂര്‍ രാജവംശത്തിലെ അവസാനത്തെ മഹാരാജാവായ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മ ഈ മത്സരം കാണാനായി എത്തിയിരുന്നു. അദ്ദേഹം തുടങ്ങി വച്ച രാജപ്രമുഖന്‍ ട്രോഫി നേടാനായി പ്രമുഖ ചുണ്ടന്‍ വള്ളങ്ങളും ബോട്ട് ക്ലബ്ബുകളും ചമ്പക്കുളം നദിയില്‍ ഇന്നും മത്സരിക്കുന്നു.