എല്ലാ വര്‍ഷവും തിരുവോണ ദിവസം നടക്കുന്ന മറ്റൊരു വള്ളംകളിയാണ് ഉത്രാടം തിരുനാള്‍ നീരേറ്റുപുറം വള്ളംകളി. 1957-ല്‍ നീരേറ്റുപുറം ലൈബ്രറി ആന്റ് യൂണിയന്‍ ലൈബ്രറിയിലെ ഒരു സംഘം യുവാക്കളാണ് ഈ വള്ളംകളി ആരംഭിച്ചത്. പമ്പാ നദിയില്‍ നടക്കുന്നതിനാല്‍ പമ്പാ ജലോത്സവം എന്നും ഈ മത്സരം അറിയപ്പെടുന്നു. നീരേറ്റുപുറം വാട്ടര്‍ സ്റ്റേഡിയത്തില്‍ ഒരു കിലോമീറ്റര്‍ നീളത്തിലാണ് മത്സരപ്പാത.
മറ്റു മത്സരങ്ങളില്‍ നിന്നും വ്യത്യസ്‌തമായി രണ്ടു ജില്ലകളുടെ അതിര്‍ത്തിയിലാണ് - പത്തനംതിട്ട, ആലപ്പുഴ - ഈ മത്സരം നടക്കുന്നത്. മത്സരപ്പാതയുടെ വടക്കും കിഴക്കും ഭാഗങ്ങള്‍ പത്തനംതിട്ട ജില്ലയിലും തെക്കും പടിഞ്ഞാറും ഭാഗങ്ങള്‍ ആലപ്പുഴ ജില്ലയിലുമാണ്. ഈ മത്സരപ്പാതയുടെ വീതി കുറവായതിനാല്‍ ഒരേ സമയത്ത് മൂന്നു ചുണ്ടന്‍ വള്ളങ്ങള്‍ക്കു മാത്രമേ മത്സരിക്കാന്‍ സാധിക്കൂ. അതിനാല്‍ ആദ്യകാലങ്ങളില്‍, ഇവിടുത്തെ പുലിക്കീഴ് (Pulikeezu) പമ്പ ഷുഗര്‍ ഫാക്ടറി ട്രോഫിക്കായി വെപ്പു വള്ളങ്ങള്‍ മാത്രമേ മത്സരിച്ചിരുന്നുള്ളൂ. പിന്നീടാണ് ചുണ്ടന്‍ വള്ളങ്ങളും മത്സരത്തില്‍ പങ്കെടുക്കാനെത്തിയത്. ഇന്ന് മലയാള മനോരമ ഗ്രൂപ്പിന്റെ മാമ്മന്‍ മാപ്പിള ട്രോഫിക്കായി എല്ലാത്തരം വള്ളങ്ങളും ഇവിടെ മാറ്റുരയ്‌ക്കുന്നു. കുട്ടനാട്ടിലെ കര്‍ഷകര്‍ 1957-ല്‍ തുടങ്ങിയ പമ്പ റേസ് ക്ലബ്ബ് ആണ് ഈ മത്സരത്തിന്റെ ചുമതല വഹിക്കുന്നത്.