നെഹ്‌റു ട്രോഫി അഥവാ പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി എന്നത് ചുണ്ടന്‍ വള്ളംകളി മത്സരത്തിലെ ഓസ്‌കാര്‍ അവാര്‍ഡാണ്. എല്ലാ വര്‍ഷവും നല്‍കി വരുന്ന ഈ ട്രോഫി നേടുക എന്നതാണ് വള്ളംകളി സംഘങ്ങളുടെയും ചുണ്ടന്‍ വള്ള ഉടമകളുടെയും സ്വപ്നം. ഈ വള്ളംകളിയുടെ ഉത്ഭവം 1952-ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടു കിടക്കുന്നു. 1952 ഡിസംബര്‍ 22-ന് പ്രധാന മന്ത്രിയുടെ ബഹുമാനാര്‍ത്ഥം ആലപ്പുഴയില്‍ ഒരു വള്ളംകളി നടത്തുകയുണ്ടായി. അതിമനോഹരമായ വള്ളംകളിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ നെഹ്‌റു, പ്രധാനമന്ത്രിക്കുള്ള ഔദ്യോഗിക നിയന്ത്രണങ്ങള്‍ ലംഘിച്ച്, മത്സരത്തില്‍ വിജയിയായ നടുഭാഗം ചുണ്ടന്‍ വള്ളത്തില്‍ ആലപ്പുഴ നഗരത്തിലേക്ക് യാത്ര നടത്തി. ഡല്‍ഹിയില്‍ തിരിച്ചെത്തിയ നെഹ്‌റു, സ്വന്തം കൈപ്പട രേഖപ്പെടുത്തിയ വെള്ളിയില്‍ തീര്‍ത്ത ഒരു ട്രോഫി അയച്ചു കൊടുക്കുകയുണ്ടായി. ആ സംഭവത്തിനു ശേഷം എല്ലാ വര്‍ഷവും വള്ളംകളി മത്സരം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. നെഹ്‌റു നല്‍കിയ ട്രോഫി പിന്നീട് പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി എന്നറിയപ്പെടാന്‍ തുടങ്ങി എങ്കിലും ഇന്നും ഈ മത്സരം പറയപ്പെടുന്നത് നെഹ്‌റു ട്രോഫി വള്ളംകളി എന്നു തന്നെയാണ്.
ആദ്യത്തെ നെഹ്‌റു ട്രോഫി വള്ളംകളി മത്സരം നടന്നത് 1954-ല്‍ കൈനകരി മീനപ്പിള്ളി കായലിലാണ്. ഉദ്ഘാടനത്തിലെ വിജയി കാവാലം ചുണ്ടനായിരുന്നു. പിന്നീട് ചില പ്രതികൂല സാഹചര്യങ്ങളാല്‍ കൈനകരിയില്‍ നിന്നും മാറി പുന്നമടക്കായലിലെ 1380 മീറ്റര്‍ മത്സരപ്പാത സ്ഥിരം വേദിയായി.
കേരളത്തിലെ ഒരു പ്രധാന സാംസ്‌കാരിക - കായിക ഇനമായ നെഹ്‌റു ട്രോഫി വള്ളംകളി പല വിദേശ സന്ദര്‍ശകരേയും ആകര്‍ഷിക്കുന്നു. അതുകൊണ്ടു തന്നെ ഏറെ അഭിമാനത്തോടെയാണ് കേരള വിനോദ സഞ്ചാരവകുപ്പിന്റെ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഇതിനെ ഉള്‍പ്പെടുത്തിയത്. നെഹ്‌റു ട്രോഫി മത്സരത്തോടെയാണ് വള്ളംകളി മത്സരങ്ങളുടെ ആരംഭം.