ആലപ്പുഴ ജില്ലയിലെ കായംകുളം കായലിലാണ് ഈ വള്ളംകളി നടത്തുന്നത്. 2010-ല്‍ ആരംഭിച്ച ഈ മത്സരം, കേരളത്തില്‍ പുതിയതായി തുടങ്ങിയ മത്സരങ്ങളില്‍ ഒന്നാണ്. ഈ വള്ളംകളി പുതിയതാണെങ്കിലും ചുണ്ടന്‍ വള്ളങ്ങളുടെ ചരിത്രത്തില്‍ കായംകുളത്തിനുള്ള പ്രാധാന്യം വലുതാണ്.
ചെമ്പകശ്ശേരി രാജവംശവും കായംകുളം രാജവംശവും തമ്മിലുള്ള കുടിപ്പകയാണ് കേരളത്തിന്റെ ചുണ്ടന്‍ വള്ളങ്ങളുടെ ഉത്ഭവത്തിനു കാരണം. കായലിലെ പോരാട്ടത്തിനായി ഇവര്‍ രൂപകല്‌പന ചെയ്‌തതാണ് ചുണ്ടന്‍ വള്ളങ്ങള്‍ എന്നു പറയപ്പെടുന്നു. കേരളത്തിലെ കായലുകളുടെ വലിപ്പത്തില്‍ മൂന്നാം സ്ഥാനമാണ് കായംകുളം കായലിനുള്ളത്. കാര്‍ത്തികപ്പള്ളിയിലെ പള്ളി മുതല്‍ പന്മന വരെ നീണ്ടു കിടക്കുന്ന മത്സരപ്പാതയ്‌ക്ക് 1200 മീറ്റര്‍ നീളവും 70 മീറ്റര്‍ വീതിയുമുണ്ട്. മത്സരമാരംഭിക്കുന്ന സ്ഥലത്തും അവസാനിക്കുന്ന സ്ഥലത്തും വെള്ളത്തില്‍ തന്നെ പ്രത്യേക കൂടാരങ്ങള്‍ നിര്‍മ്മിക്കുന്നു എന്നതും ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.