താഴത്തങ്ങാടി വള്ളംകളി

കേരള സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഒരു പ്രധാന ഘടകമാണ്‌ വള്ളംകളി മത്സരം. ഇന്നത്തെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളുടെ തുടക്കം 1887-ല്‍ കോട്ടയത്തെ താഴത്തങ്ങാടിയില്‍ നിന്നാണ്‌. തിരുവിതാംകൂര്‍ ദിവാന്‍ പേഷ്‌ക്കാരായ രാമറാവുവിന്‌ അവകാശപ്പെട്ടതാണ്‌ താഴത്തങ്ങാടി വള്ളംകളി മത്സരത്തിന്റെ എല്ലാ ബഹുമതിയും.

തിരുവിതാംകൂര്‍ ഭരണത്തിന്‌ മുമ്പ്‌ തെക്കുംകൂര്‍ രാജാക്കന്മാരായിരുന്നു കോട്ടയം ഭരിച്ചിരുന്നത്‌. അക്കാലത്ത്‌ രാജകുടുംബാംഗങ്ങളുടെ വിനോദത്തിനായി താഴത്തങ്ങാടിയില്‍ വള്ളംകളി മത്സരം നടത്തിയിരുന്നു. തെക്കുംകൂര്‍ ഭരണകാലത്ത്‌ രാജ്യ തലസ്ഥാനവും വ്യവസായിക കേന്ദ്രവുമായിരുന്നു താഴത്തങ്ങാടി. പിന്നീട്‌ ദിവാന്‍ രാമറാവുവിന്റെ കാലത്താണ്‌ കോട്ടയം നഗരം രൂപം കൊണ്ടതും അവിടേക്ക്‌ തലസ്ഥാനം മാറ്റിയതും. ചുണ്ടന്‍ വള്ളങ്ങളിലും കളിവള്ളങ്ങളിലുമുള്ള ദിവാന്റെ താല്‌പര്യമാണ്‌ താഴത്തങ്ങാടി വള്ളംകളി മത്സരത്തിന്‌ കാരണമായത്‌. വള്ളങ്ങളുടെ വ്യത്യസ്‌തത അനുസരിച്ച്‌ അദ്ദേഹം മത്സരങ്ങളേയും വിഭജിച്ചു. ഇതാണ്‌ ക്രമ പ്രകാരമുള്ള ആദ്യ വള്ളംകളി മത്സരത്തിന്റെ തുടക്കം.

തദ്ദേശവാസികളുടെ അഭിമാനമായി മാറിയ ഈ മത്സരം പിന്നീട്‌ ഒരു വലിയ വാര്‍ഷികാഘോഷമായി മാറാന്‍ തന്നെ കാരണമായി.

തിരുവിതാംകൂര്‍ രാജവംശത്തിന്റെ അവസാന രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ രാമവര്‍മ്മ 1937-ല്‍ ഈ മത്സരം കാണാനെത്തി എന്നത്‌ ഇതിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെതുടര്‍ന്ന്‌ ശ്രീ ചിത്തിര ബോട്ട്‌ റേസ്‌ (ശ്രീ ചിത്തിര വള്ളംകളി) എന്ന പേരിലായിരുന്നു ഈ മത്സരം അറിയപ്പെട്ടത്‌. പിന്നീട്‌ 1956-ല്‍ എതോപ്യന്‍ ചക്രവര്‍ത്തിയായ 'ഹെയ്‌ലി സലാസി' കോട്ടയം സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം താഴത്തങ്ങാടിയില്‍ വള്ളംകളി സംഘടിപ്പിക്കുകയും ചെയ്‌തു. അതിനു ശേഷം ഈ മത്സരം 'ഹെയ്‌ലി സലാസി എവര്‍ റോളിങ്‌ ട്രോഫി' എന്നറിയപ്പെടാന്‍ തുടങ്ങി. പിന്നീടു വന്ന വര്‍ഷങ്ങളില്‍ ഈ വള്ളംകളി മത്സരം നടത്താന്‍ സാധിച്ചില്ല എങ്കിലും കോട്ടയത്തെ വെസ്‌റ്റ്‌ ക്ലബ്ബ്‌ മുന്‍കൈ എടുത്ത്‌ 1998 മുതല്‍ മത്സരം വീണ്ടും ആരംഭിച്ചു. അന്നു മുതല്‍ കോട്ടയം നഗരസഭ സംഘടിപ്പിക്കുന്ന താഴത്തങ്ങാടി വള്ളംകളിയില്‍ പ്രധാന ക്ലബ്ബുകളും ചുണ്ടന്‍ വള്ളങ്ങളും ഗോള്‍ഡന്‍ ജൂബിലി എവര്‍ റോളിങ്‌ ട്രോഫിക്കായി മത്സരിച്ചു വരുന്നു.

സി.ബി.എല്‍. വള്ളംകളി മത്സരങ്ങള്‍

Click here to go to the top of the page