കേരളപ്പിറവി ദിനമായ നവംബര്‍ 1-നാണ് കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലില്‍ എല്ലാ വര്‍ഷവും പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി മത്സരം നടത്തുന്നത്. 2011 ആഗസ്റ്റ് 31-നായിരുന്നു ഇവിടുത്തെ ആദ്യ മത്സരം നടന്നത്. അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീല്‍ ഈ മത്സരം കാണാനെത്തിയതിന്റെ ബഹുമാനാര്‍ത്ഥമാണ് മത്സരത്തിന് ഈ പേരു ലഭിച്ചത്. ഇന്ന് കേരള ടൂറിസത്തിന്റെ ഭാഗമായ ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഈ മത്സരവും ഉള്‍പ്പെട്ടിരിക്കുന്നു.
തേവള്ളി പാലത്തില്‍ നിന്നും കെ.എസ്.ആര്‍.ടി.സി.ക്കു സമീപമുള്ള ബോട്ടു ജെട്ടി വരെ നീണ്ടു കിടക്കുന്ന 1200 മീറ്റര്‍ മത്സര പാതയാണ് ഇവിടെയുള്ളത്. നെഹ്‌റു ട്രോഫി കഴിഞ്ഞാല്‍ ഏറ്റവുമധികം സമ്മാനത്തുക നല്‍കുന്നത് പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിക്കാണ്. ലീഗിലെ പ്രകടനമനുസരിച്ചാണ് ഇപ്പോള്‍ വിജയികളെ തീരുമാനിക്കുക. 16 ചുണ്ടന്‍ വള്ളങ്ങള്‍ പങ്കെടുത്ത ഉദ്‌ഘാടന മഹാമഹം ഒരു വന്‍ വിജയമായിരുന്നു. കൊല്ലത്തെ ഫ്രാന്‍സിസ് ബോട്ട് ക്ലബ്ബ് ആദ്യ പ്രകടനത്തില്‍ തന്നെ ട്രോഫി കരസ്ഥമാക്കി. മറ്റു വിഭാഗത്തില്‍പ്പെട്ട വെപ്പ്, ഇരുട്ടു കുത്തി, തെക്കന്‍വടി തുടങ്ങിയ വള്ളങ്ങളുടെയും മത്സരങ്ങള്‍ നടന്നു.