കേരളത്തിലെ ജലോത്സവങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് പായിപ്പാട് വള്ളംകളി. കേരളത്തിനു മാത്രം സാദ്ധ്യമാകുന്ന മത-സാംസ്‌കാരിക-കായിക മേഖലകളുടെ ഒരു സമന്വയമാണ് മൂന്നു ദിവസം നീണ്ടു നില്‌ക്കുന്ന ഈ പായിപ്പാട് വള്ളംകളി. ആലപ്പുഴ ജില്ലയിലെ പായിപ്പാട് ഗ്രാമത്തിലുള്ള അച്ചന്‍ കോവിലാറില്‍ നടക്കുന്ന ഈ മത്സരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് സംഘടിപ്പിക്കുന്നത്.
പല ജലോത്സവങ്ങളുടെയും പിന്നിലുള്ളതു പോലെ പായിപ്പാട് വള്ളംകളിയുടെ പിന്നിലും രസകരമായ ഒരു കഥയുണ്ട്. കായംകുളം കായലിലെ ഒരു ചുഴിക്കുള്ളില്‍ ഭഗവാന്‍ സുബ്രഹ്‌മണ്യന്റെ പ്രതിമ കിടക്കുന്നതായി ഹരിപ്പാട് കീഴ്‌തൃക്കോവില്‍ ക്ഷേത്രത്തിലെ പൂജാരി സ്വപ്‌നം കാണുകയും അവിടെ നടത്തിയ അന്വേഷണത്തില്‍ വിഗ്രഹം കണ്ടെടുത്ത് ഹരിപ്പാട് ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുകയും ചെയ്‌തു. വിഗ്രഹവുമായി ഹരിപ്പാട്ടേക്കു നടത്തിയ ഘോഷയാത്രയെ വഴിയില്‍ വെച്ച് പായിപ്പാട് ഗ്രാമക്കാര്‍ സ്വീകരിച്ചു. ഹരിപ്പാട് ക്ഷേത്രത്തിന്റെ നവീകരണ ജോലികള്‍ പൂര്‍ത്തിയാകും വരെ പായിപ്പാട്ടെ അരനാഴിക നെല്‍പ്പുരക്കടവിലാണ് വിഗ്രഹം സൂക്ഷിച്ചിരുന്നത്. ഹരിപ്പാട്ടെ ക്ഷേത്ര നവീകരണം പൂര്‍ത്തിയായപ്പോള്‍ വിഗ്രഹം അവിടെ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. ഈ സംഭവത്തിന്റെ സ്‌മരണാര്‍ത്ഥമാണ് പായിപ്പാട്ടു വള്ളംകളി നടത്തുന്നത്.
തിരുവോണ ദിവസം അരനാഴിക നെല്‍പ്പുരക്കടവു മുതല്‍ ഹരിപ്പാട് ക്ഷേത്രം വരെയാണ് ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം. വഞ്ചിപ്പാട്ടുമായുള്ള വള്ളംകളിയുടെ തുടക്കം ഉച്ചയ്‌ക്കു ശേഷമാണ്. അടുത്ത ദിവസം - അവിട്ടം നാള്‍ - നിറപ്പകിട്ടാര്‍ന്ന ജലഘോഷയാത്രയാണ്. ആകാംക്ഷാഭരിതമായ അവസാന മത്സരം മൂന്നാം ദിവസം - ചതയം നാള്‍ - കൊണ്ടാടുന്നു. മത്സരത്തില്‍ ചുണ്ടന്‍ വള്ളങ്ങളോടൊപ്പം ഇരുട്ടുകുത്തി, വെപ്പ് (Veppu), ചുരുളന്‍ തുടങ്ങിയവയും പങ്കെടുക്കും.