ആലപ്പുഴ ജില്ലയിലെ മറ്റൊരു പ്രധാന മത്സരമാണ് പുളിങ്കുന്ന് വള്ളംകളി. അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്‌മരണാര്‍ത്ഥമുള്ള ഈ വള്ളംകളി നടക്കുന്നത് പമ്പാ നദിയിലാണ്. രാജീവ് ഗാന്ധി 1985-ല്‍ കുട്ടനാടു സന്ദര്‍ശിച്ചപ്പോള്‍, ചുണ്ടന്‍ വള്ളങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചാണ് അദ്ദേഹത്തെ സ്വാഗതം ചെയ്‌തത്. 1991-ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതോടെ അദ്ദേഹത്തിന്റെ സ്‌മരണാര്‍ത്ഥം എല്ലാ വര്‍ഷവും ആഗസ്‌റ്റ് മാസത്തിലെ അവസാന ശനിയാഴ്‌ച ഒരു ചുണ്ടന്‍ വള്ളംകളി നടത്താന്‍ പുളിങ്കുന്നു നിവാസികള്‍ തീരുമാനിക്കുകയും മത്സര വിജയിക്കു നല്‍കുന്ന രാജീവ് ഗാന്ധി ട്രോഫി, കേരള മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. ഇന്ന് കേരളത്തിലെ എല്ലാ പ്രധാന ബോട്ട് ക്ലബ്ബുകളും പങ്കെടുക്കുന്ന ഈ മത്സരം കേരള വിനോദ സഞ്ചാരത്തിന്റെ CBL-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.