ആലപ്പുഴ ജില്ലയില്‍പ്പെട്ട രണ്ട് അയല്‍ ഗ്രാമങ്ങളാണ് ആയാപറമ്പും പാണ്ടിയും. ഇവിടുത്തെ വള്ളംകളിയില്‍ ആകൃഷ്ടരായ നിവാസികള്‍ ഒന്നു ചേര്‍ന്ന് രൂപം കൊടുത്തതാണ് ആയാപറമ്പു പാണ്ടി ബോട്ട് ക്ലബ്ബും ആയാപറമ്പു പാണ്ടി ചുണ്ടന്‍ വള്ളവും. മുമ്പ് ക്ലബ്ബിലുള്ളവര്‍ മത്സരിച്ചിരുന്നത് വാടകയ്‌ക്കെടുത്ത ചുണ്ടന്‍ വള്ളങ്ങളിലായിരുന്നു. എന്നാല്‍ 1995-ല്‍ അവര്‍ ഒന്നു ചേര്‍ന്നു ധനസമാഹരണം നടത്തി സ്വന്തമായി ഒരു ചുണ്ടന്‍ വള്ളം നിര്‍മ്മിച്ചു. ആദ്യ മത്സരത്തില്‍ തന്നെ പല്ലന ജലോത്സവത്തില്‍ വിജയം കൈവരിക്കാന്‍ ആയാപറമ്പു പാണ്ടി ചുണ്ടനു സാധിച്ചു.
എന്നാല്‍ 1997-ലെ പായിപ്പാട്ടു വള്ളംകളിയില്‍ കടുത്ത ഒരു ക്ഷതം വള്ളത്തിന് സംഭവിച്ചതോടെ 10 വര്‍ഷത്തിനു ശേഷം ഗ്രാമീണര്‍ വീണ്ടും ഒന്നു ചേര്‍ന്ന് പുതിയൊരു ചുണ്ടന്‍ വള്ളം നിര്‍മ്മിച്ചു. 2010-ല്‍ നിര്‍മ്മിച്ച വ്യത്യസ്‌ത രൂപരേഖയുള്ള ഈ പുതിയ ആയാപറമ്പു പാണ്ടി ചുണ്ടന്‍ 2012-ല്‍ നീറ്റിലിറക്കി എങ്കിലും മത്സരങ്ങളില്‍ പ്രാധാന്യം നേടാന്‍ സാധിച്ചില്ല. അങ്ങനെ 2016-ല്‍ ഈ വള്ളത്തില്‍ മാറ്റങ്ങള്‍ വരുത്തി നവീകരിച്ചതോടെ പല മത്സരങ്ങളിലും ശ്രദ്ധ നേടാന്‍ ആയാപറമ്പു പാണ്ടി ചുണ്ടനു കഴിഞ്ഞു.